Flash News

ബാബരി മസ്ജിദ്: സംഘപരിവാര പ്രസ്താവനകള്‍ അവസാനിപ്പിക്കണം; സുന്നി വഖ്ഫ് ബോര്‍ഡ്

ന്യൂഡല്‍ഹി: സുപ്രിംകോടതി മുമ്പാകെയുള്ള ബാബരി മസ്ജിദ് കേസിനെക്കുറിച്ച് സംഘപരിവാര നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് സുന്നി വഖ്ഫ് ബോര്‍ഡ്. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ച് മുമ്പാകെയാണ് സുന്നി വഖ്ഫ് ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് ഇന്നലെ കോടതി പരിഗണിച്ചത്. അയോധ്യയില്‍ പള്ളി നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ ഈ വിഷയത്തില്‍ സംഘപരിവാര നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ കോടതിയലക്ഷ്യമാണെന്നും ഇത്തരം പ്രസ്താവനകള്‍ കോടതി ഇടപെട്ട് അവസാനിപ്പിക്കണമെന്നും രാജീവ് ധവാന്‍ ആവശ്യപ്പെട്ടു. ബാബരി മസ്ജിദ് കേസിലെ വിധി രാമക്ഷേത്രത്തിനെതിരാണെങ്കില്‍ ഹിന്ദുക്കള്‍ കോടതിവിധിക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കുമെന്ന വിഎച്ച്പി പ്രസിഡന്റും റിട്ട. ജഡ്ജിയുമായ വിഷ്ണു സദാശിവ് കൊക്‌ജെയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ധവാന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
കേസ് നാളെ വീണ്ടും പരിഗണിക്കും. നിര്‍മോഹി അഖാര അടക്കമുള്ള ഹൈന്ദവ ട്രസ്റ്റുകളുടെ വാദമാവും നാളെ കോടതി കേള്‍ക്കുക. പള്ളി നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം ഭരണഘടനാ ബെഞ്ചിനു വിടുന്നതു സംബന്ധിച്ച് നാളെ തന്നെ കോടതി വിധി പുറപ്പെടുവിച്ചേക്കും. ഇന്നലെ സുന്നി വഖ്ഫ് ബോര്‍ഡിനു വേണ്ടി രാജീവ് ധവാന്‍ വാദം പൂര്‍ത്തിയാക്കി. വിശ്വാസത്തിന്റെ ഭാഗമായുള്ള അനുഷ്ഠാനങ്ങള്‍ ആചരിക്കാന്‍ അവകാശം നല്‍കുന്ന മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ 25ാം വകുപ്പുപ്രകാരം മസ്ജിദുകള്‍ വിശ്വാസത്തിലെ അവിഭാജ്യ ഘടകമാണെന്ന് ധവാന്‍ വാദിച്ചു. മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമല്ലെന്ന 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധി പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പള്ളിയിലോ പുറത്തോ എവിടെ വച്ചോ മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാമെന്നതാണ് ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധിയുടെ അര്‍ഥമെന്ന് ധവാന്‍ വ്യക്തമാക്കി. എന്താണ് പള്ളിയുടെ അര്‍ഥമെന്ന് കോടതി തീരുമാനിക്കണമെന്നും എല്ലാ പള്ളിയും വിശ്വാസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it