dwaivarika

ബാബരി മസ്ജിദ്. തകര്‍ക്കാനാവാത്ത ഓര്‍മകള്‍

ബാബരി മസ്ജിദ്. തകര്‍ക്കാനാവാത്ത ഓര്‍മകള്‍
X
ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ബാബരി മസ്ജിദ് തകര്‍ത്തിട്ട് 25 വര്‍ഷം
എ.എം നദ്‌വി

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ സംഘടിത ഭീകരാക്രമണമായ ബാബരി മസ്ജിദ് ധ്വംസനത്തിനു കാല്‍നൂറ്റാണ്ടു തികയുകയാണ്. 1992 ഡിസംബര്‍ 6 ഞായറാഴ്ച പട്ടാപ്പകല്‍ സ്വദേശത്തും വിദേശത്തുമുള്ള മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പരസ്യമായി ഒരു മുസ്‌ലിം പള്ളി തകര്‍ക്കപ്പെടുമ്പോള്‍ അതിന് ആവേശം പകര്‍ന്നു നേതൃത്വം നല്‍കിയിരുന്നവര്‍ ജനാധിപത്യ രാഷ്ട്രീയത്തിന്റെ വേഷമണിഞ്ഞ സംഘപരിവാര നേതാക്കളായിരുന്നു. രാജ്യത്തിന്റെ അധികാരക്കസേര ലക്ഷ്യം വച്ചു തുടര്‍ന്നുവന്ന വംശീയ വിഭജന പ്രക്രിയയുടെ ദുരന്തപരിണതിയായിരുന്നു ബാബരി മസ്ജിദ് ധ്വംസനം.


ഇന്ത്യയുടെ സാമൂഹിക സംവിധാനത്തെ അടക്കിവാഴുന്ന സവര്‍ണ-ബ്രാഹ്മണ ജാതിമേധാവിത്വത്തിന്റെ അധികാരസ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ആസൂത്രണം ചെയ്യപ്പെട്ട വിദ്വേഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി കാലാകാലങ്ങളില്‍ പ്രതിസ്ഥാനത്ത് സ്ഥാപിക്കപ്പെട്ട മുസ്‌ലിം ജനവിഭാഗങ്ങളാണ് ഇന്ത്യയിലെന്നും ഹിന്ദുത്വ ഭീകരതയുടെ ഇരകളാക്കപ്പെട്ടത്. ബ്രിട്ടിഷ് കൊളോണിയല്‍ ശക്തികളും ഇന്ത്യന്‍ ഹിന്ദുത്വ മേധാവികളും തമ്മിലുണ്ടായിരുന്ന അവിശുദ്ധ സഖ്യത്തില്‍ നിന്നാണ് ഇന്ത്യാ വിഭജനമടക്കമുള്ള നിഗൂഢ രാഷ്ട്രീയനീക്കങ്ങളും തുടര്‍ന്നുള്ള ഇസ്‌ലാം/ മുസ്‌ലിം വിരുദ്ധതയും വേരുപടര്‍ത്തിയത്. ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഇന്ത്യയെ വിടാതെ വേട്ടയാടിക്കൊണ്ടിരിക്കുന്ന സാമൂഹിക വിഘടനവാദത്തിന്റെയും രക്തരൂഷിത വംശഹത്യകളുടെയും വേരുകള്‍ക്ക് ചരിത്രപരമായി ഇങ്ങനെയൊരു പശ്ചാത്തലമുള്ളത് അവഗണിച്ചുള്ള എല്ലാ ചെറുത്തുനില്‍പ്പുകളും അപൂര്‍ണമോ ദുര്‍ബലമോ ആണെന്നാണിത് സൂചിപ്പിക്കുന്നത്.
ബാബരി മസ്ജിദിന്റെ ചരിത്രത്തിലൂടെ പിന്നോട്ടു സഞ്ചരിച്ചാല്‍ നമുക്കിത് വ്യക്തമായി വായിച്ചെടുക്കാനാവും. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഫൈസാബാദിലും അയോധ്യയിലും ജനങ്ങള്‍ നടത്തിയ ബ്രിട്ടിഷ്‌വിരുദ്ധ പോരാട്ടങ്ങള്‍ ബ്രിട്ടിഷ് ഭരണത്തിന്റെ നെടുംതൂണുകളെ തന്നെ പിടിച്ചുകുലുക്കി. ജനകീയ സമരങ്ങള്‍ കത്തിപ്പടര്‍ന്ന ആ നാളുകളില്‍ അയോധ്യയിലെ ഭൂരിപക്ഷം മഹത്തുക്കളും ബ്രിട്ടിഷ് അനുകൂലികളായിരുന്നു. ഈ ബ്രിട്ടിഷ് പാദസേവയ്ക്കുള്ള പ്രത്യുപകാരമായിട്ടാണ് 1858ല്‍ അന്നത്തെ ബ്രിട്ടിഷ് റസിഡന്റ് ബാബരി മസ്ജിദിലേക്കുള്ള പ്രവേശനം വടക്കെ താഴികക്കുടം ഭാഗം വഴിയാണെന്ന് ഉത്തരവിറക്കിയത്; ഒപ്പം ബാബരി മസ്ജിദിന്റെ മുന്‍ഭാഗത്ത് ഹിന്ദുക്കള്‍ക്കും ആരാധനയ്ക്കായി സ്ഥലമനുവദിച്ചു നല്‍കി. പ്രദേശത്ത് ഉരുണ്ടുകൂടിയ വര്‍ഗീയ ധ്രുവീകരണത്തിന്റെ കാണാച്ചരടുകള്‍ ഗ്രഹിച്ച മഹന്ത് രാംചരണ്‍ദാസും മൗലവി അമീര്‍ അലിയും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ശക്തി ക്ഷയിപ്പിക്കാനുള്ള ഈ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തി. തങ്ങളുടെ തന്ത്രപ്രധാനമായ നീക്കങ്ങള്‍ക്കെതിരേ നിലകൊണ്ട രാംചരണ്‍ദാസിനെയും മൗലവിയെയും 1858 മാര്‍ച്ച് 10ന് പരസ്യമായി തൂക്കിക്കൊന്നുകൊണ്ടാണവര്‍ പ്രതികാരം വീട്ടിയത്. പിന്നീട് സ്വാതന്ത്ര്യസമരകാലത്തുടനീളം ഹിന്ദുത്വശക്തികള്‍ ബ്രിട്ടിഷ് സാമ്രാജ്യത്വ ശക്തികളുമായി ഈ അവിശുദ്ധബാന്ധവും നിലനിര്‍ത്തിയിരുന്നതായി കാണാം.
വിഭജനാനന്തര ഇന്ത്യയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിലും ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനങ്ങളിലും സ്വാധീനമുറപ്പിച്ചു നിഗൂഢ നീക്കങ്ങളിലൂടെയും രാജ്യത്തെ ദുര്‍ബലപ്പെടുത്തിയും ജനങ്ങളില്‍ ഭീതിയും വിദ്വേഷവും വിതറിയും ഇവര്‍ തങ്ങളുടെ വംശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതായി മനസ്സിലാക്കാം. വിഭജനപൂര്‍വ കാലത്താരംഭിച്ചു മോദി ഭരണത്തിലെത്തി നില്‍ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ ചതിയും വഞ്ചനയും ചോരയും കണ്ണീരും നിറഞ്ഞ കഥകളുടെ പ്രതീകമാണ് ബാബരി മസ്ജിദ്.
ഹിന്ദുത്വ വംശീയവാദ രാഷ്ട്രീയത്തെ ഇന്ത്യയുടെ മുഖ്യധാരാ സാമൂഹികക്രമമായി വളര്‍ത്താനും ദലിത്-പിന്നാക്ക-മുസ്‌ലിം ജനതയുടെ സഹവര്‍ത്തിത്വത്തിലും ഐക്യത്തിലുമൂന്നിയ തദ്ദേശീയ ജനകീയ മുന്നേറ്റങ്ങളെ ഭിന്നിപ്പിക്കുകയും ഭീകരവല്‍ക്കരിക്കുകയും ചെയ്യാനുള്ള ആസൂത്രിത പദ്ധതികളാണ് ബാബരി മസ്ജിദ് തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ള രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെ സംഘപരിവാരം ലക്ഷ്യംവച്ചത്. അതിനായി ബ്രിട്ടിഷുകാലം മുതലിങ്ങോട്ട് ആഗോള സാമ്രാജ്യത്വ ശക്തികളുമായി നിഗൂഢബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധയാണ് സംഘപരിവാര ചേരി പുലര്‍ത്തിയിരുന്നത്. അമേരിക്കന്‍-ഇസ്രായേല്‍ നയങ്ങള്‍ക്കനുകൂലമായ ആഭ്യന്തര-വിദേശ നയങ്ങള്‍ പ്രകടമാക്കുന്ന ബി.ജെ.പി ഭരണകൂടങ്ങള്‍ ഇതിന്റെ ഭാഗം മാത്രമാണ്.
1992ലെ ബാബരി മസ്ജിദ് ധ്വംസനത്തിനു നേതൃത്വം നല്‍കിയ എല്‍.കെ അഡ്വാനി പിന്നീട് ഇന്ത്യാ-ഇസ്രായേല്‍ ബന്ധത്തിനുണ്ടാക്കിയ ദൃഢതയും ഇസ്രായേലിന്റെ മുസ്‌ലിംവിരുദ്ധ നയങ്ങള്‍ക്ക് നല്‍കിയ കലവറയില്ലാത്ത പിന്തുണയുമാണ് പൂര്‍വാധികം ശക്തിയോടെ മോദിയും പിന്തുടരുന്നത്.
മുസ്‌ലിംവിരുദ്ധതയില്‍ ബി.ജെ.പിയോട് മല്‍സരിക്കുകയോ സമാനസ്വഭാവം പ്രദര്‍ശിപ്പിക്കുകയോ ചെയ്യേണ്ട അവസ്ഥയിലേക്ക് ഇടതുകക്ഷികളെയടക്കം നിര്‍ബന്ധിതരാക്കുന്ന തരത്തില്‍ സമ്മര്‍ദാന്തരീക്ഷം സൃഷ്ടിക്കുന്നതിലും അതിനനുകൂലമായ നിലപാടെടുക്കുന്നവരെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമുള്ളില്‍ സ്ഥാപിക്കുന്നതിലും സംഘപരിവാരം ഒരളവുവരെ വിജയിച്ചതിന്റെ തെളിവു കൂടിയാണ് ബാബരി മസ്ജിദ് പ്രശ്‌നം. ആര്‍.എസ്.എസിന്റെ സാംസ്‌കാരിക ശക്തിയും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ശക്തിയും ഒന്നായിത്തീരണമെന്ന രഹസ്യസ്വപ്‌നം കാത്തുസൂക്ഷിച്ചയാളാണ് ആര്‍.എസ്.എസ് സൈദ്ധാന്തികനായ ഗോള്‍വാള്‍ക്കര്‍. ഈ സ്വപ്‌നം പൂവണിയാന്‍ കോണ്‍ഗ്രസ്സിന്റെ അധികാരപദവികള്‍ ഉപയോഗിച്ചും അല്ലാതെയും ഒരു വിഭാഗം നേതാക്കള്‍ പരിശ്രമം തുടരുന്നു. അതിന്റെ സാക്ഷാല്‍ക്കാരം കൂടിയാണ് നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ തണലില്‍ 1992 ഡിസംബര്‍ 6ന് അയോധ്യയില്‍ സംഭവിച്ചത്.
പില്‍ക്കാലത്ത് മറ്റെല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും 'ഗോള്‍വാള്‍ക്കറിസ്റ്റ്' നിലയിലുള്ള നേതാക്കളെ സൃഷ്ടിക്കാന്‍ സംഘപരിവാരത്തിനു സാധിച്ചിട്ടുണ്ടെന്നുള്ളത് ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ ദുരന്തധ്യായമാണ്. ഇന്ത്യാ ചരിത്രത്തിലെ ശക്തനായ സോഷ്യലിസ്റ്റ് നേതാവായിരുന്ന വി.പി സിങിന്റെ ഭരണകൂടത്തില്‍ നുഴഞ്ഞുകയറിയാണ് ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായകശക്തിയായി വളര്‍ന്നതെന്ന വിരോധാഭാസം സാന്ദര്‍ഭികമായി ഓര്‍ക്കാവുന്ന സംഗതിയാണ്.
ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും അസ്തിത്വത്തെ വിദേശീയമായി അവതരിപ്പിച്ചും ദേശീയതയുടെയും മാതൃദേശത്തിന്റെയും വൈകാരിക കുത്തകാവകാശം സ്വയം ഏറ്റെടുത്തുമാണ് സംഘപരിവാര പദ്ധതികള്‍ രൂപംകൊള്ളുന്നത്. മുഗള്‍ഭരണ സ്ഥാപകനായ ബാബറിന്റെ പേരിലുള്ള ഒരു പള്ളി അതിനായി തിരഞ്ഞെടുക്കുന്നതിലൂടെ അവര്‍ ഉന്നം വച്ചതും മറ്റൊന്നല്ല. ഇസ്‌ലാമിന്റെ സാമൂഹികനീതിയിലധിഷ്ഠിതമായ ജീവിത സന്ദേശത്തോടു പിടിച്ചുനില്‍ക്കാനാവാത്ത ചാതുര്‍വര്‍ണ്യക്രമത്തിന്റെ ഗുണഭോക്താക്കളായി ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ ഇസ്‌ലാമിക സംസ്‌കാരത്തെ ഭീകരമായി ചിത്രീകരിക്കണമായിരുന്നു. ബ്രിട്ടിഷുകാരോടു ധീരമായി പൊരുതി ലോകത്തെ തന്നെ അപൂര്‍വ ഭരണാധികാരിയായ ടിപ്പുസുല്‍ത്താനും താജ്മഹലുമെല്ലാം പിന്നെയും പിന്നെയും വിവാദങ്ങള്‍ക്ക് വിഷയമായിത്തീരുന്നതിനു പിന്നില്‍ ബാബരി മസ്ജിദിന്റെ രാഷ്ട്രീയ ഉള്ളടക്കം തന്നെയാണ് നിഗൂഢമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, ഇസ്‌ലാമോഫോബിയ എന്ന ആധുനിക പരികല്‍പ്പനയുടെ ആദ്യത്തെ ഗുണഭോക്താക്കളെന്ന വിശേഷണം പോലും ഇന്ത്യന്‍ സവര്‍ണമേധാവിത്വ രാഷ്ട്രീയത്തിന് അവകാശപ്പെട്ടതാവാന്‍ വഴിയുണ്ട്.
ബാബരി മസ്ജിദ് പ്രതിരോധ ചരിത്രത്തിന്റെ ഏറ്റവും വലിയ ദുരന്തവും ഈ സൂക്ഷ്മരാഷ്ട്രീയ ചതിക്കുഴികളെ തിരിച്ചറിയാത്തതാണെന്നു വിലയിരുത്താനാവും. നീതിനിഷേധത്തിന്റെയും സംഘപരിവാര ഫാഷിസത്തിന്റെയും മാത്രം പ്രശ്‌നമായി ഒതുക്കാതെ, സാമൂഹികനീതിയുടെ ജീവിതക്രമം മുന്നോട്ടുവയ്ക്കുന്നതും മനുഷ്യസമത്വത്തിന്റെ അതുല്യ സന്ദേശമോതുന്നതുമായ ഇസ്‌ലാമിന്റെ ആദര്‍ശപരിസരങ്ങളിലൂടെ ബാബരി മസ്ജിദ് വിഷയത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ മുസ്‌ലിംനേതൃത്വത്തിനു കഴിയേണ്ടതായിരുന്നു. അങ്ങനെ രാമജന്മഭൂമി-ബാബരിമസ്ജിദ് ദ്വന്ദത്തിനു പുറത്തുകടന്ന്, ഹിന്ദുത്വ-ഇസ്‌ലാം,  എന്ന സംവാദാത്മകതയിലേക്കു രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിക്കാനുള്ള ഇച്ഛാശക്തിയില്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ ഇന്ത്യന്‍ മുസ്‌ലിംകള്‍ പരിവര്‍ത്തിപ്പിച്ചിരുന്നെങ്കില്‍ മുസ്‌ലിംസമൂഹത്തെ ആദര്‍ശപരവും ആശയപരവുമായി കരുത്തുള്ളവരാക്കിമാറ്റാന്‍ കഴിഞ്ഞേക്കുമായിരുന്നു. ഇന്ത്യയിലെ അധസ്ഥിത മര്‍ദ്ദിത ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും ഏകീകരണത്തിനും അതിലൂടെ ഇന്ത്യന്‍ സാമൂഹികഘടനയിലെ മനുഷ്യത്വവിരുദ്ധമായ മേധാവിത്വത്തിന്റെ തകര്‍ച്ചയ്ക്കും അതു വഴിതെളിക്കുമായിരുന്നു. എന്നാല്‍, അത്തരമൊരു ദീര്‍ഘവീക്ഷണം ഈ വിഷയത്തിലുണ്ടായില്ല. ഈ വീഴ്ച മുതലെടുത്താണ് 'രാമരാജ്യ' രാഷ്ട്രീയം ഇന്ത്യയുടെ നിയന്ത്രണമേറ്റെടുക്കാന്‍ പ്രാപ്തിനേടുന്നത്.
ഭരണഘടനാപരമായ പരിമിത സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റങ്ങള്‍ക്ക് വേഗതയും തീവ്രതയും വര്‍ധിക്കുകയും പ്രതിരോധങ്ങളെയും പ്രതിരോധശ്രമങ്ങളെയും ദേശവിരുദ്ധവും ഭീകരകൃത്യവുമായി മുദ്രയടിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ സംഘപരിവാരം വിജയിക്കുകയും ചെയ്തു. ദേശവിരുദ്ധ ശക്തികളെക്കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന കഥകളും വാര്‍ത്തകളും അവയില്‍ ഉള്‍പ്പെട്ട മുസ്‌ലിം നാമങ്ങളും ഉയര്‍ത്തിക്കാണിച്ച് ഇന്ത്യ നേരിടുന്ന വലിയ ആഭ്യന്തര ഭീഷണിയായി മുസ്‌ലിംകളെക്കുറിച്ച് ഇമേജ് സൃഷ്ടിക്കുന്നതില്‍ അവര്‍ ഒരളവു വരെ ലക്ഷ്യം നേടിക്കഴിഞ്ഞു. പ്രബോധകരെയും ഇസ്‌ലാം പ്രബോധന പ്രവര്‍ത്തനങ്ങളെയും ദേശസുരക്ഷയ്ക്കു ഭീഷണിയായി അവതരിപ്പിച്ച് ഇതരസമൂഹങ്ങളില്‍ സംശയത്തിന്റെയും വിദ്വേഷത്തിന്റെയും വിത്തുമുളപ്പിക്കാനും സവര്‍ണ രാഷ്ട്രീയത്തിനെളുപ്പമായി. ബാബരി മസ്ജിദിന്റെ പതനം സൃഷ്ടിച്ച അവബോധത്തില്‍ നിന്നു സാമൂഹികമുന്നേറ്റത്തിനു പ്രചോദനം പകരുന്ന ചില ഉണര്‍വുകള്‍ മുസ്‌ലിം സമൂഹത്തിലുണ്ടായെങ്കിലും മറുഭാഗം സൃഷ്ടിച്ച തെറ്റിദ്ധാരണയുടെ കറുത്ത പുകപടലങ്ങള്‍ക്കു കട്ടി കൂടിവരുകയാണ്. ബാബരി മസ്ജിദിന്റെ തകര്‍ന്ന താഴികക്കുടങ്ങള്‍ താണ്ടി അധികാരത്തിലെത്തിയ വംശഹത്യാ രാഷ്ട്രീയ നേതാവ് നാടുവാഴുമ്പോഴും നിസ്സാര സൈദ്ധാന്തിക പിടിവാശികളില്‍ വിട്ടുവീഴ്ച ചെയ്യാനുള്ള വിശാലതപോലും പ്രകടിപ്പിക്കാന്‍ കഴിയാതെ ഉഴലുകയാണ് സമുദായ സംഘടനാ നേതൃത്വങ്ങള്‍.
വിഭജനത്തിന്റെ വിടവ് നികത്താനാവാത്ത മഹാനഷ്ടങ്ങളില്‍ തുടങ്ങിയ വംശഹത്യാ പരമ്പരകള്‍ ബാബരി ധ്വംസനത്തിലും ഗുജറാത്ത് വംശഹത്യയിലുമെത്തുമ്പോള്‍ പ്രതിരോധത്തിന്റെ ശബ്ദങ്ങള്‍ ദുര്‍ബലമാവുക മാത്രമല്ല, മതേതര ശബ്ദങ്ങള്‍പോലും ഒറ്റപ്പെടുകയും ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുന്ന ഭയാനകമായ സ്ഥിതിവിശേഷമാണ് രൂപംകൊള്ളുന്നത്. കൂടുതല്‍ ശക്തവും യോജിച്ചതുമായ പോരാട്ടങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും മാത്രമേ ഇനി പ്രസക്തിയുണ്ടാവുകയുള്ളൂ എന്നാണിത് സൂചന നല്‍കുന്നത്. ഒരേ സമൂഹമായി ആഭ്യന്തര ഐക്യവും സമാനമനസ്‌കരോടുള്ള സഖ്യവും സമര്‍ഥമായി കൂട്ടിയിണക്കേണ്ട ചരിത്രദൗത്യത്തിനാണ് കാലം കാതോര്‍ക്കുന്നത്.
ബാബരി മസ്ജിദ് കൈയേറ്റത്തിന്റെയും തകര്‍ക്കലിന്റെയും പിന്‍ബലത്തില്‍ വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ ഒരു മഹാരാജ്യത്തെ നിഷ്പ്രയാസം കീഴടക്കാനുള്ള പദ്ധതികള്‍ ഓരോന്നായി നടപ്പാക്കുകയാണ് ഹിന്ദുത്വ സങ്കുചിത ദേശീയവാദികള്‍ ചെയ്തത്. വിഭജനാനന്തര ഇന്ത്യ മതേതരമാവാതിരിക്കാനും ഹിന്ദുത്വ വര്‍ഗീയ ചിന്തകള്‍ക്ക് സ്വാധീനമുണ്ടാക്കാനുമുള്ള പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാവശ്യമായ സംഘടനാശക്തിയും വിവിധ മേഖലകളില്‍ അനിവാര്യമായ വേദികളുണ്ടാക്കാനുള്ള പരിശ്രമമായിരുന്നു ആര്‍.എസ്.എസിലൂടെ സാധ്യമാക്കിയത്. വിഭജനത്തിന്റെ പ്രതിസ്ഥാനത്തു നിര്‍ത്തിയും പാകിസ്താന്റെ നിഴല്‍ സമൂഹമായി സ്ഥാനം കല്‍പ്പിച്ചും മുസ്‌ലിം ജനതയെ അന്യവല്‍ക്കരിച്ചും ദേശവിരുദ്ധപക്ഷത്ത് നിര്‍ത്തിയും ശത്രുത വളര്‍ത്തുകയായിരുന്നു അവരുടെ മുഖ്യ അജണ്ട.
വ്യത്യസ്ത പ്രശ്‌നങ്ങളുയര്‍ത്തി ചെറുതും വലുതുമായ ആയിരക്കണത്തിനു മുസ്‌ലിം കൂട്ടക്കൊലകള്‍ സംഘടിപ്പിച്ചു. 1986 മുതല്‍ 92 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ തെരുവോരങ്ങള്‍ മുസ്‌ലിംകളുടെ ചോരകൊണ്ട് വിവര്‍ണമായി. ആയിരക്കണക്കിന് കലാപങ്ങള്‍ അഥവ കൂട്ടക്കൊലകള്‍ അരങ്ങേറി. അഹ്മദാബാദ് (1986), മീറത്ത് (1987), ഇന്‍ഡോര്‍, കോട്ട, ഒറീസ (1989), ഗുജറാത്ത്, ജയ്പൂര്‍, ജോധ്പൂര്‍, ലഖ്‌നോ, ആഗ്ര, കാണ്‍പൂര്‍, ഡല്‍ഹി, അസം, ഭഗല്‍പൂര്‍, പട്‌ന, മധ്യപ്രദേശ്, കര്‍ണാടക, ഹൈദരാബാദ് (1990), ബറോഡ, ബനാറസ്, സീതാമഡി (1991), സൂറത്ത്, മുംബൈ, ഭീവണ്ടി, ഭോപാല്‍ തുടങ്ങി രാജ്യവ്യാപകമായി (1992) നഗരങ്ങളിലും ഹിന്ദുത്വ ഭീകരര്‍ അഴിഞ്ഞാടി. രഥയാത്രയും രാമശിലാ പൂജയും കര്‍സേവയുമായി ഭരണകൂടങ്ങളെ നിഷ്‌ക്രിയമാക്കിയും പോലിസ് സേനാവിഭാഗങ്ങളെ ഉപയോഗിച്ചും മൃഗീയമായ ആക്രമണപരമ്പരകള്‍ നടത്തി. സാമ്പത്തികമായും സാമൂഹികമായും മുസ്‌ലിം ഭൂരിപക്ഷമേഖലകളെ തകര്‍ക്കാനും തളര്‍ത്താനും ശ്രമിച്ചു. യു.പിയിലെ പി.എ.സി എന്ന പോലിസ് സേനയുടെ നേരിട്ടുള്ള പങ്കാളിത്തവും അക്രമികള്‍ക്കൊപ്പമുള്ള ഭീകരകൃത്യങ്ങളും രാജ്യത്തു ചര്‍ച്ചയായി. 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ച്ചയോടെ ഈ വംശീയവെറി മൂര്‍ധന്യാവസ്ഥ പ്രാപിക്കുകയായിരുന്നു.
1992 മുതല്‍ 2001 വരെയുള്ള കാലം അരക്ഷിതാവസ്ഥയില്‍ നിന്നുടലെടുത്ത പ്രശ്‌നങ്ങളെയാണ് മുസ്‌ലിംസമുദായം അഭിമുഖീകരിച്ചത്. ഹിന്ദുത്വ ഫാഷിസത്തോടുള്ള സമീപനത്തെക്കുറിച്ചുള്ള ആശയസംഘര്‍ഷങ്ങള്‍ക്ക് മുസ്‌ലിം സാമൂഹിക പ്രസ്ഥാനങ്ങള്‍ വേദിയായി. വിവിധ കോണുകളില്‍ നിന്നു പ്രതിരോധ സംരംഭങ്ങള്‍ക്കുള്ള ശ്രമങ്ങളുണ്ടായി. അസംഘടിതവും പ്രത്യാക്രമണ സ്വഭാവവുമുള്ള സംഭവങ്ങള്‍ക്ക് മുംബൈയും ചെന്നൈയും സാക്ഷിയായി. 1993ലെ ബോംബെ സ്‌ഫോടനങ്ങളും 1995ലെ മദ്രാസ് ഹിന്ദുമുന്നണി ഓഫിസ് ആക്രമണവും അരക്ഷിതാവസ്ഥ മുതലെടുത്തു നടത്തിയ പ്രതികരണങ്ങളായി വിലയിരുത്തപ്പെട്ടു. മുസ്‌ലിം സമുദായത്തില്‍ തീവ്രവാദമാരോപിച്ചു ഹിന്ദുത്വവംശീയവാദശക്തികള്‍ രംഗം മുതലെടുത്തു. ഓരോ ഡിസംബര്‍ 6ഉം ആഗസ്ത് 15ഉം ഭീകരാക്രമണ മുന്നറിയിപ്പുകള്‍ നല്‍കി കൃത്രിമ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിദ്വേഷചിന്ത വ്യാപകമാക്കി.
ഹിന്ദുത്വഭീകരതയുടെ കടന്നുവരവിനെ കുറിച്ചു മുന്നറിയിപ്പു നല്‍കി പ്രതിഷേധങ്ങള്‍ക്കു രാജ്യമെങ്ങും നേതൃത്വം നല്‍കിയ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയെ 2001 സപ്തംബര്‍ 27ന് വാജ്‌പേയി നയിച്ച ബി.ജെ.പി സര്‍ക്കാര്‍ നിരോധിച്ചു. രാജ്യമെമ്പാടുമുള്ള മുസ്‌ലിം വിദ്യാര്‍ഥി യുവജനങ്ങളെ സിമി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. കാലഹരണപ്പെട്ട ഭീകരവിരുദ്ധ നിയമം 'ടാഡ' പൊടിത്തട്ടിയെടുത്തു വാജ്‌പേയി സര്‍ക്കാര്‍ പോട്ട (ജൃല്‌ലിശേീി ീള ഠലൃൃീൃശാെ അര)േ എന്ന പുതിയ നിയമം കൊണ്ടുവന്നു. ഇതേ കാലയളവില്‍ ലോകവ്യാപാര കേന്ദ്രം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്ക നേതൃത്വം നല്‍കിയ വാര്‍ ഓണ്‍ ടെറര്‍ എന്ന മുസ്‌ലിം വേട്ടയില്‍ ഇന്ത്യയും സഖ്യകക്ഷിയായി. തുടര്‍ന്നിങ്ങോട്ട് സംഘപരിവാര ഭീകരതയ്ക്ക് ഭരണകൂടമുഖമായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃത്രിമ സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ച് നിരോധിക്കപ്പെട്ട സിമിയുടെ തലയില്‍ അടിച്ചേല്‍പ്പിച്ചു നൂറുകണക്കിനു മുസ്‌ലിം യുവാക്കളെ ജയിലിലടച്ചു. 2002 മുതല്‍ 2008 വരെ വ്യാജ കേസുകള്‍ അടിച്ചേല്‍പ്പിച്ചും ഭീകരാക്രമണ കള്ളക്കഥകളില്‍പ്പെടുത്തിയും രാജ്യത്തുടനീളം അറസ്റ്റുകള്‍ നടത്തി. 2008ല്‍ ഹേമന്ത് കര്‍ക്കരെ അന്വേഷണച്ചുമതലയേറ്റതോടെ ഭീകരാക്രമണ കഥകളുടെ ചുരുളഴിയാന്‍ തുടങ്ങി. സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ ഹിന്ദുത്വകരങ്ങള്‍ വെളിച്ചത്തായി. ഹേമന്ത് കര്‍ക്കരെയുടെ ജീവനെടുത്തുകൊണ്ടാണവര്‍ അതിനു പ്രതികാരം ചെയ്തത്. മക്കാ മസ്ജിദ്, അജ്മീര്‍, മലേഗാവ്, സംജോത എക്‌സ്പ്രസ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ സിമിയോ മുസ്‌ലിം യുവാക്കളോ അല്ലെന്നും കേണല്‍ പുരോഹിതും സ്വാധി പ്രഗ്യാസിങും നേതൃത്വം നല്‍കിയ സനാതന്‍ സന്‍സ്തയാണെന്നും സ്വാമി അസീമാനന്ദ കോടതിയില്‍ മൊഴിനല്‍കി. തിരിച്ചറിവും നവോത്ഥാന സ്വപ്‌നങ്ങളുമുള്ള ഒരു തലമുറയുടെ നേതൃശേഷിയും ബൗദ്ധിക ഇടപെടലുകളും മുസ്‌ലിം സമൂഹത്തിനു നഷ്ടമാക്കി അവരുടെ യുവത്വവും ആരോഗ്യവും ചിന്തയും ജയിലുകളില്‍ തളയ്ക്കുകയായിരുന്നു ഈ പതിറ്റാണ്ടിലെ മുഖ്യപദ്ധതി. രാജ്യത്തെ ഭയാനകമായി വരിഞ്ഞുമുറുക്കിയ സംഘപരിവാര നീരാളിയുടെ പിടിത്തത്തില്‍നിന്നു രാജ്യത്തെ രക്ഷിക്കാനാഗ്രഹിക്കുന്ന മതേതര നിഷ്പക്ഷരെ പോലും നിര്‍ദയം കൊന്നൊടുക്കിയാണ് നരേന്ദ്രമോദി ഭരണം മുന്നേറുന്നത്. പ്രതിഷേധങ്ങളെ അമര്‍ച്ച ചെയ്തും എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്തും സാമൂഹിക പ്രസ്ഥാനങ്ങളെ നിയന്ത്രിച്ചും നിരോധിച്ചും മൗലികാവകാശങ്ങള്‍ക്കുമേല്‍ മൂക്കുകയറിടാനുള്ള ശ്രമത്തിലാണ് മോദിസര്‍ക്കാര്‍.
കഴിഞ്ഞ ദശകങ്ങളില്‍ രാജ്യം കണ്ട ഭീകരകൃത്യങ്ങള്‍ക്കു നിയമസാധുത നേടാനുള്ള കുതന്ത്രങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കോടതികളെയും ജഡ്ജിമാരെയും നിയന്ത്രിച്ചും സ്വാധീനിച്ചും വിലയ്‌ക്കെടുത്തും പ്രീണിപ്പിച്ചും നീതിന്യായപ്രക്രിയ തന്നെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടന്നുവരുന്നത്.
ബാബരി മസ്ജിദ് ഉയര്‍ത്തുന്ന പ്രതിസന്ധി ഇന്നു കേവലം ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന സുരക്ഷിതത്വ പ്രശ്‌നമല്ല, മറിച്ച് രാജ്യത്തിന്റെ നിലനില്‍പ്പിനെയും നീതിബോധത്തെയും വെല്ലുവിളിക്കുന്ന സാംക്രമിക രാഷ്ട്രീയ ഭീഷണിയാണ്. മുസ്‌ലിം-പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ കരുത്തുറ്റ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള വിശാല ജനകീയ ചെറുത്തുനില്‍പ്പ് സാധ്യമാക്കേണ്ട നേതൃപരമായ ബാധ്യതയാണ് മുസ്‌ലിംകളില്‍ വന്നുചേര്‍ന്നിട്ടുള്ളത്.
സമഗ്രവും സമര്‍ഥവുമായി പ്രശ്‌നങ്ങളെ സമീപിക്കാനും ജനങ്ങളോട് സംവദിക്കാനുമുള്ള കഴിവും പ്രാപ്തിയും ആര്‍ജിച്ച് മുന്നോട്ടിറങ്ങേണ്ട കാലമാണിത്. കാരണം, ഹിന്ദുത്വ ഫാഷിസ്റ്റ് ഭീകരതയുടെ ആഴവും പരപ്പുമറിഞ്ഞ മറ്റൊരു ജനതയും ഈ രാജ്യത്തില്ല. അതുതന്നെയാണ് ഫാഷിസ്റ്റുകളുടെ പ്രകോപനവും ഒപ്പം രാജ്യത്തിന്റെ പ്രതീക്ഷയും.
Next Story

RELATED STORIES

Share it