ബാങ്ക് തട്ടിപ്പ്: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പാര്‍ലമെന്ററി സമിതി മുമ്പാകെ ഹാജരാവണം

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് അടക്കം ഈയിടെ നടന്ന ബാങ്ക് വായ്പാ തട്ടിപ്പുകേസുകളില്‍ വിശദീകരണം നല്‍കാന്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഹാജരാവണമെന്ന് പാര്‍ലമെന്ററി സമിതി.
അടുത്തമാസം 17ന് ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ കേന്ദ്ര നിയമമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരപ്പ മൊയ്‌ലി അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ളവര്‍ അംഗങ്ങളുമായ പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ കമ്മിറ്റിയാണ് ആര്‍ബിഐ ഗവര്‍ണറെ വിളിച്ചുവരുത്തുന്നത്. ബാങ്കുകളുടെ കിട്ടാക്കടത്തെക്കുറിച്ച് സമിതി ആര്‍ബിഐ ഗവര്‍ണറില്‍ നിന്ന് റിപോര്‍ട്ട് തേടുമെന്ന് പാര്‍ലമെന്റ് സമിതികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് പ്രമുഖ വജ്രവ്യാപാരി നീരവ് മോദിയും അമ്മാവന്‍ മുകുള്‍ ചോക്‌സിയും 12,500 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ടിരുന്നു.  ഇതിനു പുറമെ വീഡിയോകോണിന് രാജ്യത്തെ വലിയ സ്വകാര്യ ബാങ്ക് വായ്പ നല്‍കിയതിലും തട്ടിപ്പു നടന്നതായി പുറത്തുവന്നിരുന്നു. വീഡിയോകോണിന് വായ്പ നല്‍കിയത് ഐസിഐസിഐ ബാങ്ക് ആയിരുന്നെങ്കിലും ഇതിനു പിന്നില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ഉണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്.
അതേസമയം, റിസര്‍വ് ബാങ്കിന് പൊതുമേഖലാ ബാങ്കുകളെ നിയന്ത്രിക്കാന്‍ ആവശ്യമായ അധികാരമില്ലെന്ന് ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്തുതരത്തിലുള്ള അധികാരമാണു വേണ്ടതെന്ന് തങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്ന് പാര്‍ലമെന്ററി സമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it