Editorial

ബഹളമല്ല; സഭയില്‍ വേണ്ടത് ചര്‍ച്ച

പാര്‍ലമെന്റിലെ ബഹളങ്ങള്‍ക്കിടയില്‍ ചര്‍ച്ചയൊന്നും കൂടാതെ ധനകാര്യ ബില്ല് ലോക്‌സഭ അംഗീകരിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നടപ്പു സാമ്പത്തിക വര്‍ഷം 24 ലക്ഷം കോടി രൂപ ചെലവഴിക്കുന്നതിനുള്ള ബജറ്റ് നിര്‍ദേശങ്ങളാണ് ചര്‍ച്ചയൊന്നുമില്ലാതെ ലോക്‌സഭ ശബ്ദവോട്ടോടെ അംഗീകരിച്ചത്. പാര്‍ലമെന്ററി നടപടിക്രമങ്ങളിലെ അങ്ങേയറ്റം അപലപനീയമായ സാഹചര്യമാണിതെന്ന് ചൂണ്ടിക്കാണിക്കാതെ വയ്യ.
പ്രതിപക്ഷകക്ഷികള്‍ മാത്രമല്ല, ഭരണകക്ഷിയായ എന്‍ഡിഎയുടെ ഭാഗമായിരുന്ന തെലുഗുദേശം പാര്‍ട്ടി എംപിമാരും സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്നതിനാല്‍ തുടര്‍ച്ചയായി എട്ടാം ദിവസവും ലോക്‌സഭ സ്തംഭിച്ചുനില്‍ക്കുമ്പോഴാണ് ധനബില്ലിനും ധനാഭ്യര്‍ഥനകള്‍ക്കും ഭരണപക്ഷം അംഗീകാരം നല്‍കിയത്.
ഏപ്രില്‍ ഒന്ന് മുതല്‍ ഖജനാവില്‍ നിന്നു പണം ചെലവഴിക്കണമെങ്കില്‍ പാര്‍ലമെന്റ് ധനബില്ലിന് അംഗീകാരം നല്‍കിയിരിക്കണം. സഭയില്‍ ബഹളം തുടരുന്നതിനാല്‍ ചര്‍ച്ച നടത്താനാവില്ലെന്നതാണ് ബിജെപിയുടെ ന്യായീകരണം.
രാജ്യസഭയില്‍ ഭരണകക്ഷിക്ക് ബില്ല് പാസാക്കാനുള്ള ഭൂരിപക്ഷമില്ല. ലോക്‌സഭ പാസാക്കിയ ധനകാര്യ ബില്ല് രാജ്യസഭ അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ല. ലോക്‌സഭ പാസാക്കിയ ബില്ല് രാജ്യസഭയിലെത്തി 14 ദിവസം കഴിഞ്ഞാല്‍ അത് അംഗീകരിച്ചതായി കണക്കാക്കുമെന്ന വ്യവസ്ഥ ഇവിടെ തുണയാകും. ഫലത്തില്‍ ബജറ്റ് നിര്‍ദേശങ്ങളും ധനവിനിയോഗവും സംബന്ധമായി പ്രതിപക്ഷത്തെ ഒട്ടും പരിഗണിക്കാതെ മുന്നോട്ടുനീങ്ങുകയാണ് മോദി ഭരണകൂടം.
നാടും നാട്ടുകാരും നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും രാഷ്ട്രപുരോഗതിക്ക് ആവശ്യമായ നിയമനിര്‍മാണങ്ങളും ചര്‍ച്ചകളും നടക്കുകയും ചെയ്യേണ്ട വേദിയാണ് പാര്‍ലമെന്റ്. തങ്ങള്‍ ജനപ്രതിനിധികളും നിയമനിര്‍മാണ ചുമതലയുള്ള സഭാംഗങ്ങളുമാണെന്ന് എംപിമാര്‍ ഓര്‍ക്കണം. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയാം, നമ്മുടെ രാഷ്ട്രീയകക്ഷികളെയും നേതാക്കളെയും സംബന്ധിച്ചിടത്തോളം ബഹളവും ശബ്ദകോലാഹലങ്ങളുമാണ് സഭയിലെ മുഖ്യജോലി.
ചര്‍ച്ചയൊന്നും കൂടാതെ ബജറ്റ് നിര്‍ദേശങ്ങള്‍ പാസാക്കുന്നതില്‍ ആരെയും പ്രത്യേകിച്ച് കുറ്റപ്പെടുത്താനില്ല. ഭരണപക്ഷത്തിന്റെ താല്‍പര്യം മനസ്സിലാക്കാനാവും. ചര്‍ച്ചയ്ക്കും സംവാദത്തിനുമൊന്നും സാധാരണഗതിയില്‍ മോദി സര്‍ക്കാരിന് വലിയ താല്‍പര്യമില്ല. എന്നാല്‍, ഇതൊന്നും പ്രതിപക്ഷത്തെ നേതാക്കളെയും അംഗങ്ങളെയും ഒട്ടും വ്യാകുലപ്പെടുത്തുന്നില്ല എന്നതാണ് കൂടുതല്‍ ഗൗരവമര്‍ഹിക്കുന്ന കാര്യം. ഇരുപക്ഷത്തുള്ളവരും ഭരണഘടനാപരമായ ഉത്തരവാദിത്തം വിസ്മരിക്കുന്നത് ഒട്ടും ശരിയല്ല.
വിവിധ മന്ത്രാലയങ്ങള്‍ക്കു ധനവിനിയോഗത്തിന് സര്‍ക്കാര്‍ പണം അനുവദിക്കുന്നത് സംബന്ധിച്ച നയരേഖയാണ് ബജറ്റ്. ഒരു വര്‍ഷം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്ന രേഖകളില്‍ അതിപ്രധാനം. ബജറ്റ് ചര്‍ച്ച ഒഴിവാക്കുന്ന നടപടി തീര്‍ത്തും അപലപനീയമാണ്. സുപ്രധാന രേഖകള്‍ ചര്‍ച്ച ചെയ്യുന്നതിലേറെ പ്രധാനം സഭയില്‍ ബഹളംവയ്ക്കുന്നതാണെന്ന് ധരിച്ച പ്രതിപക്ഷ കക്ഷികളും ഈ പാതകത്തില്‍ തുല്യപങ്കാളികളാണ്.
Next Story

RELATED STORIES

Share it