Kottayam Local

ബസ്സുകള്‍ ഡോര്‍ അടയ്ക്കാത്തത് അപകടത്തിനു കാരണമാവുന്നു

ഈരാറ്റുപേട്ട: നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ ഡോര്‍ അടയ്ക്കാറില്ലാത്തത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഒട്ടുമിക്ക ബസ്സുകള്‍ക്കും ഡോര്‍ കീപ്പറന്മാരുമില്ല. ഗര്‍ഭിണിയായിരുന്ന യുവതി കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട തീക്കോയി റൂട്ടില്‍ സര്‍വീസ്് നടത്തുന്ന സ്വകാര്യ ബസ്സില്‍ നിന്ന് വീഴുകയും തലയ്ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വട്ടക്കയത്ത് താഹയുടെ ഭാര്യ നാഷിത(34)യാണ് അപകടത്തില്‍പ്പെട്ടത്. യുവതിയുടെ നില ഗുരുതമായി തുടരുകയാണ്. ഓപറേഷനിലൂടെ കുട്ടിയെ രക്ഷിച്ചെങ്കിലും യുവതിയുടെ ജീവന്‍ വെന്റിലേറ്ററിന്റ സഹായത്താലാണ് നിലനിര്‍ത്തിരിക്കുന്നത്. യുവതി സഞ്ചരിച്ചിരുന്ന ബസ് മറ്റൊരു ബസ്സുമായി മല്‍സരിച്ചോടുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ്സിലെ കമ്പിയില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു യുവതി. മല്‍സര ഓട്ടത്തിനിടെ ആളെക്കയറ്റാന്‍ ബസ്സിന്റെ ഡോര്‍ തുറന്നിട്ടിരിക്കുകയായിരുന്നു. ബസ് തിരിഞ്ഞപ്പോള്‍ യുവതി തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. ഗര്‍ഭിണിയായ യുവതി ബസ്സില്‍ നില്‍ക്കുന്നതു കണ്ടിട്ടും ആരും എഴുന്നേറ്റു കൊടുക്കാനും തയ്യാറായില്ല. സ്വകാര്യ ബസ്സുകള്‍ നിയമം പാലിക്കാതെയാണു സര്‍വീസ് നടത്തുന്നതെന്നു നാട്ടുകാര്‍ പറയുന്നു. നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം നിമിത്തം വഴിയാത്രക്കാരും അപകട ഭീഷണിയിലാണ്. അമിത വേഗതയും മല്‍സരവും നടത്തുന്ന ബസ് ജീവനക്കാര്‍ക്കെതിരേ നടപടി എടുക്കുന്നതിന് അധികൃതര്‍ മടി കാണിക്കുന്നതായും പരാതിയുണ്ട്. ചെറിയ വാഹനങ്ങള്‍ക്ക് നേരെ നടപടി എടുക്കുന്ന പോലിസും ഗതാഗത വകുപ്പും സ്വകാര്യ ബസ്സുകാരുടെ മേല്‍ നടപടി സ്വീകരിക്കാറില്ലെന്ന ആക്ഷേപം ശക്തമാണ്.
Next Story

RELATED STORIES

Share it