Kottayam Local

ബസേലിയസ് കോളജിലെ വിദ്യാര്‍ഥി പ്രതിഷേധം ; കല്യാണ്‍ സില്‍ക്‌സില്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റ സംഭവം; ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും



കോട്ടയം: കല്യാണ്‍ സില്‍ക്‌സില്‍ നിന്ന് വസ്ത്രം വാങ്ങാനെത്തിയ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം. ഇവിടെ നിന്നു വാങ്ങിയ ഷര്‍ട്ട് ഡാമേജാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റി വാങ്ങാനെത്തിയപ്പോഴായിരുന്നു ജീവനക്കാരന്റെ ഗുണ്ടായിസം. കോട്ടയം ബസേലിയോസ് കോളജ് ഇക്കണോമിക്‌സ് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥി റെന്‍സനാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥിയെ ജീവനക്കാരന്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയം കല്യാണ്‍ സില്‍ക്‌സിലേക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷം കോട്ടയം ബസേലിയസ് കോളജ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. പെണ്‍കുട്ടികളടക്കം നിരവധിപേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം ഒടുവില്‍ ഫലം കണ്ടു. വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കല്യാണ്‍ സില്‍ക്‌സ് മാനേജ്‌മെന്റ് ക്ഷമ ചോദിക്കുകയും നഷ്ടപരിഹാരമായി ഒരുലക്ഷം നല്‍കാമെന്നും എഴുതി നല്‍കി. നാളെ നഷ്ടപരിഹാരത്തുകയായ ഒരു ലക്ഷം രൂപ ചെക്ക് ആയി നല്‍കാമെന്നാണ് വിദ്യാര്‍ഥികള്‍ക്കു നല്‍കിയ ഉറപ്പ്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. സംഭവം ഇങ്ങനെ: കല്യാണ്‍സില്‍ക്‌സി ല്‍ കഴിഞ്ഞ രണ്ടു ദിവസം മുമ്പ് റെന്‍സണും സുഹൃത്ത് ആഷിഖും ഷര്‍ട്ട് വാങ്ങിയിരുന്നു. ഇവര്‍ വാങ്ങിയ ഷര്‍ട്ട് കഴുകിയപ്പോള്‍ നിറം ഇളകി. ഇതു ശ്രദ്ധയില്‍പ്പെട്ട റെന്‍സന്‍ സംഭവം കടയില്‍ അറിയിച്ചപ്പോള്‍ ഷര്‍ട്ട് മാറ്റിയെടുക്കാമെന്ന് ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രിയില്‍ ഷോറൂമില്‍ എത്തിയ റെന്‍സനോട് സെയില്‍സ്മാന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. തര്‍ക്കം മൂത്തപ്പോള്‍ സെയില്‍മാന്‍മാരില്‍ ഒരാള്‍ റെന്‍സനെ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് തല്ലുകയുമായിരുന്നു. ഇത് തടയാനെത്തിയ സുഹൃത്ത് ആഷിഖിനെയും ഇവര്‍ മര്‍ദ്ദിച്ചു. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഏകദേശം ഒന്നരമണിക്കൂറോളം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി റോഡില്‍ നിലയുറപ്പിച്ചു. നഷ്ടപരിഹാരത്തിന് മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് വിദ്യാര്‍ഥി പ്രതിഷേധം നിന്നത്. സമരത്തെ തുടര്‍ന്ന് റോഡില്‍ ഗതഗതക്കുരുക്ക് അനുഭവപ്പെട്ടു.
Next Story

RELATED STORIES

Share it