Editorial

ബഷീറിന്റെ വേഷം കെട്ടി നാടുചുറ്റിയാല്‍ മതിയോ?

വൈക്കം മുഹമ്മദ് ബഷീറിന്റെ 24ാം ചരമവാര്‍ഷികം മലയാളികള്‍ സമുചിതമായി കൊണ്ടാടി. പ്രത്യേകിച്ചും അദ്ദേഹം ജീവിക്കാന്‍ തിരഞ്ഞെടുത്ത പ്രദേശമായ കോഴിക്കോട്ട്. ബഷീര്‍ അനുസ്മരണങ്ങള്‍ ധാരാളം നടന്നു. ബഷീറിന്റെ കഥാപാത്രങ്ങള്‍ നാട്ടിലുടനീളം ചുറ്റിനടന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായി. ചുവര്‍ പത്രികകളും നാടകാവിഷ്‌കാരങ്ങളും ബഷീര്‍ ക്വിസ്സുകളും പുസ്തകപ്രദര്‍ശനങ്ങളും ചര്‍ച്ചകളുമെല്ലാം. വൈക്കം മുഹമ്മദ് ബഷീറിനെ സഹൃദയലോകം അദ്ദേഹം മരിച്ച് രണ്ടര പതിറ്റാണ്ടുകളോളമായിട്ടും നെഞ്ചിലേറ്റുന്നു എന്നതും കൊച്ചുകുട്ടികള്‍ പോലും ആ മഹാപ്രതിഭയില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നു എന്നതും ഏറെ ശ്ലാഘിക്കപ്പെടേണ്ട കാര്യങ്ങളാണ്. ഇല്ല, മഹത്തായ സാഹിത്യം മരിക്കുന്നില്ല.
അതേസമയം, വേദനാജനകമായ ഒരു സംഗതി കൂടിയുണ്ട്. ബഷീറിന് സ്വന്തം രചനകളല്ലാതെ കേരളത്തില്‍ ഒരു സ്മാരകമില്ല. ഗണനീയരായ പല എഴുത്തുകാര്‍ക്കും കേരളത്തില്‍ സ്മാരകങ്ങളുണ്ട്. സര്‍ക്കാര്‍ മുന്‍കൈ എടുത്തു സ്ഥാപിച്ചവയോ സര്‍ക്കാരിന്റെ കൈത്താങ്ങോടെ പ്രവര്‍ത്തിക്കുന്നവയോ ആണ് ഈ സ്ഥാപനങ്ങളെല്ലാം. ബഷീറിന് കോഴിക്കോട്ട് സ്മാരകം പണിയാന്‍ വളരെ മുമ്പേ തന്നെ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചില ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നുവെങ്കിലും കാര്യങ്ങള്‍ ഇപ്പോഴും ഏറക്കുറേ തുടങ്ങിയേടത്തുതന്നെയാണു നില്‍ക്കുന്നത്. സ്മാരകത്തിനു വേണ്ടി പ്രാഥമികമായി നീക്കിവച്ച 50 ലക്ഷം രൂപ ബാങ്കില്‍ കിടന്നു പെരുകി 84 ലക്ഷമായിട്ടുണ്ടത്രേ. എന്നാല്‍, സ്മാരകം സ്വപ്‌നത്തില്‍ മാത്രമാണ്. സമുചിതമായ സ്ഥലം ലഭിക്കുന്നില്ല എന്നാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അതിനു പറയുന്ന കാരണം. എന്നാല്‍, സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ ബഷീര്‍ സ്മാരകത്തിന്  സ്ഥലം ലഭ്യമാക്കിക്കൂടേ? ബഷീറിനെക്കുറിച്ചുള്ള പഠന ഗവേഷണങ്ങള്‍ക്കും പുസ്തകപ്രസിദ്ധീകരണങ്ങള്‍ക്കും ബഷീറുമായി ബന്ധപ്പെട്ട വസ്തുക്കളുടെയും രചനകളുടെയും മറ്റും സമാഹരണത്തിനും തുടക്കം കുറിച്ചുകൂടേ? അതൊന്നും ചെയ്യാതെ സ്ഥലമില്ലെന്നു പറഞ്ഞ് സ്മാരക നിര്‍മാണം അനന്തകാലത്തേക്ക് നീട്ടിക്കൊണ്ടുപോവുകയല്ല വേണ്ടത്.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങളും അലംഭാവവുമെല്ലാം സ്മാരകം നിര്‍മിക്കുന്നതിനു തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കില്‍ത്തന്നെയും മലയാളഭാഷയെയും ബഷീറിനെയും സ്‌നേഹിക്കുന്ന സഹൃദയര്‍ക്ക് ഈ സംരംഭത്തെ മുന്നോട്ടുകൊണ്ടുപോയിക്കൂടേ എന്നും ആലോചിക്കേണ്ടതാണ്. പ്രവാസി വ്യവസായികളുടെയും മറ്റും പിന്തുണയുണ്ടെങ്കില്‍ സ്ഥലം വാങ്ങുന്നതിനും സ്മാരകം പണിയുന്നതിനും ഒരു പ്രയാസവുമുണ്ടാവുകയില്ല. അങ്ങനെ യാതൊന്നും ചെയ്യാതെ സര്‍ക്കാരിന്റെ അനാസ്ഥ, സ്ഥലമില്ലാത്ത അവസ്ഥ എന്നെല്ലാം പറഞ്ഞു മിണ്ടാതിരിക്കുകയാണു നാം ചെയ്യുന്നത്. ആ തെറ്റ് തിരിച്ചറിയുക തന്നെ വേണം; അല്ലാതെ ജൂണ്‍ 5ന് കുഞ്ഞുപാത്തുമ്മയുടെ വേഷം കെട്ടി നാടുതെണ്ടുന്നതുകൊണ്ടു മാത്രം ഒന്നുമാവുകയില്ല.
Next Story

RELATED STORIES

Share it