kozhikode local

ബഷീറിന്റെ നായികമാരിലൂടെ വിദ്യാര്‍ഥിനികള്‍ അരങ്ങില്‍

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ നായികമാരിലൂടെ അദ്ദേഹത്തെ സ്മരിച്ച് ഗണപത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. 24ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബഷീറിന്റെ നായികമാരായ പത്തോളം കഥാപത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഓര്‍മപുതുക്കിയതും ആദരിച്ചതും. മുച്ചീട്ടികളിക്കാരന്റെ മകളിലെ സൈനബയിലൂടെ തുടങ്ങി ബഷീറിന്റെ സ്വന്തം ദേവിയിലൂടെ അവസാനിക്കുന്ന പത്ത് സ്ത്രീകഥാപാത്രങ്ങളെയാണ് വേദിയിലെത്തിച്ചത്. ഭാര്‍ഗവീനിലയത്തിലെയും നീലവെളിച്ചത്തിലെയും നായികയായ ഭാര്‍ഗവിക്കുട്ടി പ്രത്യക്ഷപ്പെട്ടത് ജീവിതത്തിന്റെ ഭാര—മേതുമില്ലാതെ, പ്രണയാതുരസ്മരയുണര്‍ത്തിയായിരുന്നു.
ബഷീറിന്റെ പ്രണയരാജകുമാരിയായെത്തിയ സുഹ്‌റയും ന്റുപ്പുപ്പാക്കൊരാനണ്ടാര്‍ന്നുന്ന് പറഞ്ഞ കുഞ്ഞിപ്പാത്തുമ്മയും ബല്യക്കായുടെ കുഞ്ഞുപെങ്ങളായ പാത്തുമ്മയും (പാത്തുമ്മയുടെ ആട്), പൂവമ്പഴത്തിലെ ജമീലാബീവിയും കേശവന്‍ നായരുടെ പ്രണയലേഖന സ്മരണ അയവിറക്കി ബുദ്ധിമതിയായ സാറാമ്മയും മതിലി നപ്പുറത്തെ പ്രണയഗന്ധം നുകര്‍ന്നെത്തിയ നാരായണിയുമെല്ലാം പ്രേക്ഷകരുടെ മനംകവര്‍ന്നു.
പി സി ഹരീഷ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ദൃശ്യവിഷ്‌കാരത്തില്‍ വിദ്യാര്‍ഥികളായ സഫ കെ, ഫാത്തിമ ഹന്ന ടി, ആയിഷ റിഫ പി കെ, അമേയ വി, നഹല റഷീദ്, അനാമിക ടി പി, നയനേന്ദു വി, ജന അലൈസ്, ശീതള്‍ ആര്‍ കെ, അലിഷാ ലിദ എന്നിവരാണ് വേഷമിട്ടത്. സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്, മലായളം അസോസിയേഷന്‍, എന്നിവയുടെ ആഭിമുഖ്യത്തിലാണ് ബഷീര്‍ അനുസ്മരണം നടന്നത്.
Next Story

RELATED STORIES

Share it