ബല്‍റാമിനെ വിമര്‍ശിക്കുന്നവര്‍ വലിയ തെറ്റുചെയ്തവര്‍: തിരുവഞ്ചൂര്‍

കോട്ടയം: കമ്യൂണിസ്റ്റ് നേതാവ് എകെജിക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ വി ടി ബല്‍റാം എംഎല്‍എയെ വിമര്‍ശിക്കുന്നവര്‍ വലിയ തെറ്റുകള്‍ ചെയ്തവരാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. അവര്‍ ഇപ്പോഴത്തെ വിവാദത്തിനുള്ളില്‍ തല ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ്. ബല്‍റാമിനോടുള്ള പ്രതികരണമായി പിതൃത്വത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് പ്രസ്താവനകള്‍ വരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നെഹ്‌റു കുടുംബത്തില്‍പെട്ട സ്ത്രീകള്‍ പ്രസവിക്കാതിരുന്നാല്‍ എന്താവുമെന്ന് ചോദിച്ച പ്രമുഖ നേതാവ് ജീവിച്ചിരിക്കുന്നു. ഇതുപോലുള്ളവരെക്കുറിച്ച് ജനങ്ങള്‍ക്കുള്ള അഭിപ്രായം ഏതു നിലയിലായിരിക്കുമെന്ന് ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. രാഷ്ട്രീയനേതൃത്വത്തില്‍പെട്ട മുഴുവന്‍ പേര്‍ക്കും നിയന്ത്രണരേഖ വേണമെന്ന കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വയം തീരുമാനമെടുക്കാന്‍ തയ്യാറാവണം. പൊതുപ്രവര്‍ത്തനരംഗത്ത് നില്‍ക്കുന്ന എല്ലാവരും പാലിക്കേണ്ട ചില മിനിമം മര്യാദകളുണ്ട്. അതിന്റെ ലംഘനം ആരൊക്കെ നടത്തിയെന്നത് നേതാക്കളുടെ ആറുമാസത്തെ അഭിപ്രായപ്രകടനം നോക്കിയാല്‍ മനസ്സിലാവും. പറയുന്ന വാക്കുകളുടെ അര്‍ഥമെന്തെന്നുപോലും നോക്കാതെ അഭിപ്രായപ്രകടനം നടത്തുകയാണ്. കുലംകുത്തി വര്‍ത്തമാനം പറയുന്ന ചിലരുണ്ട്. ബല്‍റാം ചെയ്തത് തെറ്റാണ്. രാഷ്ട്രീയത്തില്‍ യോജിക്കാന്‍ കഴിയാത്ത മേഖലകളില്‍ വിയോജിച്ചുനില്‍ക്കുകയാണ് ചെയ്യേണ്ടത്. സ്വന്തം കക്ഷിയിലുള്ളവരെക്കുറിച്ചുപോലും മോശമായി പറയുകയും എതിര്‍കക്ഷിയിലുള്ളവരെ ചവിട്ടിത്തേക്കുകയുമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് എല്‍ഡിഎഫ് ആവശ്യപ്പെട്ടത്. എന്നാല്‍, മുഴുവന്‍ ബാധ്യതയുമേറ്റെടുക്കാന്‍ സാമ്പത്തികസ്ഥിതിയുണ്ടായില്ല. അതുകൊണ്ട് പെന്‍ഷന്റെ മൊത്തം തുകയുടെ പകുതിഭാഗം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ 30 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നത് തത്വത്തില്‍ പെന്‍ഷന്‍ ഏറ്റെടുത്തുവെന്നതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it