ബയോമെഡിക്കല്‍ പ്ലാന്റ്; ഐഎംഎ റിപോര്‍ട്ട് പുനപ്പരിശോധിക്കാന്‍ നിര്‍ദേശം

ശ്രീജിഷ  പ്രസന്നന്‍

തിരുവനന്തപുരം: പെരിങ്ങമ്മല ഓടുചുട്ട പടുക്കയില്‍ ഐഎംഎ സ്ഥാപിക്കുന്ന ബയോമെഡിക്കല്‍ മാലിന്യസംസ്‌കരണ പ്ലാന്റിനായി തയ്യാറാക്കിയ പരിസ്ഥിതി ആഘാതപഠന റിപോര്‍ട്ട് പുനപ്പരിശോധിക്കും. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡനാണ് ഐഎംഎ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പുനപ്പരിശോധന നടത്തുക. ജില്ലാ കലക്ടര്‍ കെ വാസുകിയാണ് പുനപ്പരിശോധനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്ലാന്റിന് അനുമതി ലഭിക്കുന്നതിന് വസ്തുതകള്‍ മറച്ചുവച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് ഐഎംഎ സമര്‍പ്പിച്ച റിപോര്‍ട്ടിലെ പോരായ്മകള്‍ കണ്ടെത്താന്‍ കലക്ടര്‍ ഇടപെട്ടത്. അണ്ണാമലൈ യൂനിവേഴ്‌സിറ്റിയാണ് ഐഎംഎക്കായി പരിസ്ഥിതി ആഘാത റിപോര്‍ട്ട് തയ്യാറാക്കിയത്. പരിശോധിച്ച സംഘത്തില്‍ പരിസ്ഥിതി ശാസ്ത്രജ്ഞരില്ലെന്നതും റിപോര്‍ട്ട് പുനപ്പരിശോധിക്കുന്നതിനു കാരണമായി. വിശദമായ പരിശോധന നടത്തി ഈ ആഴ്ചതന്നെ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നു പാലോട് ബൊട്ടാണിക് ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. എ ജി പാണ്ഡുരംഗന്‍ പറഞ്ഞു.ഇന്നു തന്നെ സ്ഥലം സന്ദര്‍ശിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളതെന്നും ഡോ. പാണ്ഡുരംഗന്‍ പറഞ്ഞു. പാരിസ്ഥിതികാനുമതിക്കായി ഐഎംഎ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ജനവാസ മേഖലയല്ലെന്നും നീരുറവകളില്ലെന്നും സമര്‍ഥിച്ചിരുന്നു. എന്നാല്‍, റിസര്‍വ് വനത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണെന്നും അപൂര്‍വയിനം കണ്ടല്‍ച്ചെടികളുടെ ശേഖരമുണ്ടെന്നും വനംവകുപ്പും വയല്‍ നികത്തിയ സ്ഥലമാണെന്നു റവന്യൂ വകുപ്പും റിപോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് കൂടുതല്‍ പരിശോധനയ്ക്കു ജില്ലാ കലക്ടര്‍ ഇടപെടല്‍ നടത്തിയത്. പെരിങ്ങമ്മല പഞ്ചായത്തോ ബിഎംസി കമ്മിറ്റിയോ അറിയാതെ അണ്ണാമലൈ യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പരിസ്ഥിതി നാശം വിലയിരുത്താന്‍ സാധിക്കുന്ന തരത്തിലുള്ള വിദഗ്ധരില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതരും ജനകീയ സമരസമിതിയും കലക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിരുന്നു. ഇതും ഐഎംഎ സമര്‍പ്പിച്ച റിപോര്‍ട്ട് പുനപ്പരിശോധിക്കാന്‍ കാരണമായി. ബൊട്ടാണിക് ഗാര്‍ഡന്‍ അധികൃതര്‍ നല്‍കുന്ന റിപോര്‍ട്ട് കൂടി പരിഗണിച്ചാവും തെളിവെടുപ്പിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ റിപോര്‍ട്ട് കലക്ടര്‍ സര്‍ക്കാരിനു നല്‍കുന്നത്. നിലവിലെ അവസ്ഥയില്‍ പ്ലാന്റിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ കലക്ടറുടെ റിപോര്‍ട്ട് ഏറെ നിര്‍ണായകമാണ്. നിര്‍ദിഷ്ട പദ്ധതിപ്രദേശത്തിന് അടുത്തായാണ് പാലോട് ബൊട്ടാണിക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. അതിനിടെ, സമരം ശക്തമാക്കി പ്രദേശവാസികളും രംഗത്തുണ്ട്. ഇന്നു സമരവേദിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ സ്ഥലത്തെത്തും.
Next Story

RELATED STORIES

Share it