ബന്ധുക്കളെ കാത്ത് 19 മൃതദേഹങ്ങള്‍

ഇ  രാജന്‍

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ മരിച്ച 19  പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കളെ കാത്തു കിടക്കുന്നു. ഇവ തിരിച്ചറിയാനാവാത്ത വിധം ജീര്‍ണാവസ്ഥയിലാണ്. ഇവരെ കാത്ത് ഒരാള്‍ പോലും മോര്‍ച്ചറി പരിസരത്തില്ല. ബുധനാഴ്ച 17 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി. ഇന്നലെ ബേപ്പൂരില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും ഓരോ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലെത്തി. രണ്ടു മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി. ഉദ്യോഗസ്ഥരും ട്രോമാകെയര്‍ വോളന്റിയര്‍മാരും അല്ലാതെ മോര്‍ച്ചറി പരിസരത്ത് ആരുമില്ല. സാധാരണ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മോര്‍ച്ചറി പരിസരം നിറഞ്ഞുകവിയുന്ന അവസ്ഥയാണ്. ഡിഎന്‍എ പരിശോധന പൂര്‍ത്തിയായെങ്കില്‍ മാത്രമേ ബന്ധുക്കളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടൂ. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതിന് അനുസരിച്ച് മോര്‍ച്ചറി നിറഞ്ഞുകവിയും. ഇപ്പോള്‍ തന്നെ മോര്‍ച്ചറിയില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നുണ്ട്. ആശുപത്രി വാര്‍ഡുകള്‍ക്ക് തൊട്ടടുത്താണ് മോര്‍ച്ചറി. അതിനാല്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുകയാണു മോര്‍ച്ചറി. 25ലധികം മൃതദേഹങ്ങള്‍ ഇപ്പോള്‍ മോര്‍ച്ചറിയിലുണ്ട്. ഡോക്ടര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരും ചേര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ടാണ് 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കാനായത്. തഹസില്‍ദാര്‍ കെ ടി സുബ്രഹ്മണ്യനും റവന്യൂ ജീവനക്കാരും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി രണ്ടു ദിവസമായി രാവിലെ മുതല്‍ രാത്രി വരെ മോര്‍ച്ചറി പരിസരത്തുണ്ട്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് ബാബുവിന്റെ നേതൃത്വത്തില്‍ തീരദേശ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ സതീഷ്, മാറാട് എസ്‌ഐ പ്രദീപ്കുമാര്‍ തുടങ്ങിയ പോലിസ് ഉദ്യോഗസ്ഥര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ വേഗത്തിലാക്കി. സന്നദ്ധ സംഘടനയായ സിഎച്ച് സെന്ററിന്റെ വോളന്റിയര്‍മാരും മൃതദേഹങ്ങള്‍ പരിപാലിക്കാന്‍ മോര്‍ച്ചറിയിലെത്തിയിട്ടുണ്ട്. അഴുകിയ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് അംഗം മഠത്തില്‍ അസിസ് രണ്ടു ദിവസമായി പോലിസിനെ സഹായിക്കാന്‍ മെഡിക്കല്‍ കോളജില്‍  എത്തിയിരുന്നു.  ഒളവണ്ണ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ് അസീസ്.
Next Story

RELATED STORIES

Share it