ബന്ദ്; കശ്മീരില്‍ ജനജീവിതം സ്തംഭിച്ചു

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ രണ്ടാം ചരമവാര്‍ഷികമായ ഞായറാഴ്ച വിവിധ സംഘടനകളുടെ ആഹ്വാനപ്രകാരം നടന്ന ബന്ദ് കശ്മീര്‍ താഴ്‌വര സ്തംഭിപ്പിച്ചു.
പുല്‍വാമയിലും ത്രാല്‍ ടൗണ്‍ഷിപ്പിലും ശ്രീനഗറിലെ അഞ്ചു പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തികളിലും അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം സുരക്ഷാസേനയുടെ വെടിയേറ്റ് 16കാരി അടക്കം മൂന്ന് സാധാരണക്കാര്‍ മരിച്ച സാഹചര്യത്തില്‍ ഞായറാഴ്ച കരിദിനമാചരിക്കാന്‍ സംയുക്ത ചെറുത്തുനില്‍പ്പ് നേതൃത്വം ആഹ്വാനം ചെയ്തിരുന്നു.
ബന്ദ് മൂലം ശ്രീനഗറില്‍ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കശ്മീരിലെ മറ്റു ജില്ലകളിലും ജനജീവിതം തടസ്സപ്പെട്ടു. താഴ്‌വരയിലുടനീളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
രാജ്യത്തെ ഇതരഭാഗങ്ങളുമായി കശ്മീരിനെ ബന്ധിപ്പിക്കുന്ന ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെയുള്ള വാഹനഗതാഗതം ബന്ദിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ നിര്‍ത്തി. അമര്‍നാഥ് യാത്രയും ഞായറാഴ്ച നിര്‍ത്തിവച്ചു.
Next Story

RELATED STORIES

Share it