ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം; ബദല്‍ നിര്‍ദേശം സമര്‍പ്പിക്കുമെന്നു മന്ത്രി

തിരുവനന്തപുരം: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനകാര്യത്തില്‍ സുപ്രിംകോടതിയില്‍ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. രാത്രികാല യാത്രാനിരോധനം പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നു കേരളം പിന്‍മാറും. കേരള, കര്‍ണാടക സര്‍ക്കാരുകളുടെ പൊതുഗതാഗത സര്‍വീസുകള്‍ മാത്രം രാത്രികാലങ്ങളില്‍ കടത്തിവിടുന്ന രീതിയിലുള്ള ബദല്‍ നിര്‍ദേശം മുന്നോട്ടുവയ്ക്കാനാണ് കേരളത്തിന്റെ ആലോചന.
ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിക്കു മുന്നില്‍ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കാനാണ് കേരളം ഒരുങ്ങുന്നത്. ഇതുപ്രകാരം നിരോധനം സമ്പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തിനു പകരം നിയന്ത്രിതമായ തോതില്‍ രാത്രികാലങ്ങളിലും വാഹനങ്ങള്‍ കടത്തിവിടുന്ന രീതിയിലുള്ള നിര്‍ദേശമാണ് കേരളം അവതരിപ്പിക്കുക. നിലവില്‍ രണ്ടു സര്‍വീസുകള്‍ രാത്രികാലത്ത് അനുവദിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ബദല്‍ നിര്‍ദേശം. ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാനാവില്ലെന്നു വ്യക്തമാക്കി കടുവ സംരക്ഷണ അതോറിറ്റി സുപ്രിംകോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മൈസൂരുവില്‍ നിന്നുള്ള രാത്രിയാത്രയ്ക്ക് സമാന്തര പാത ഉപയോഗിക്കണമെന്നും നിലവിലെ രാത്രിയാത്രാ നിരോധനം തുടരണമെന്നുമാണ് അതോറിറ്റി റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it