wayanad local

ബദല്‍ സംവിധാനമേര്‍പ്പെടുത്താതെ പാലം പൊളിച്ചു; നാട്ടുകാര്‍ പ്രതിസന്ധിയില്‍

മാനന്തവാടി: ബദല്‍ സംവിധാനമേര്‍പ്പെടുത്താതെ നിലവിലുണ്ടായിരുന്ന പാലം പൊളിച്ചതോടെ നാട്ടുകാര്‍ ദുരിതത്തിലായി. തോല്‍പ്പെട്ടി, കുണ്ടിലങ്ങാടി ഭാഗങ്ങളിലേക്ക് പോവുന്ന നടപ്പാലം മൂന്നുദിവസം മുമ്പാണ് മുന്നറിയിപ്പില്ലാതെ കരാറുകാരന്‍ രാത്രി എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചു പൊളിച്ചത്. ഇവിടെ ആറു ലക്ഷത്തോളം രൂപ ചെലവില്‍ കല്‍വര്‍ട്ടും മേല്‍പ്പാലവും നിര്‍മിക്കാന്‍ വേണ്ടിയാണ് മുന്നറിയിപ്പോ പകരം സംവിധാനമോ ഏര്‍പ്പെടുത്താതെ കരാറുകാരന്‍ പാലം പൊളിച്ചുനീക്കിയത്. ഇതോടെ കുണ്ടിലങ്ങാടിയിലെ നാല്‍പതോളം കുടുംബങ്ങളാണ് ദുരിതത്തിലായത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നു സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള കോണ്‍കീറ്റ് സ്ലാബ് താല്‍ക്കാലികമായി ഇട്ടെങ്കിലും വീടുപണിക്കായി സിമന്റ് കൊണ്ടുവന്ന പിക്കപ്പ് വാന്‍ സ്ലാബ് പൊട്ടി ഒരു ദിവസം മുഴുവനും ഓവുചാലില്‍ കിടന്നു. ഇതോടെ കാരാറുകാരനെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. പകരം സംവിധാനം ഒരുക്കാതെ ഒരു പ്രദേശത്തെ ഒറ്റപ്പെടുത്തി പൊളിച്ച പാലം പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരു രോഗിയെ പോലും ആശുപത്രിയിലെത്തിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയാണ് കുണ്ടിലങ്ങാടി പ്രദേശവാസികള്‍ക്ക്. ഓവുചാല്‍ നിര്‍മാണത്തിനുള്ള ഒരു നിര്‍മാണ വസ്തുപോലും ഇറക്കാതെയാണ് മുന്നറിയിപ്പില്ലാതെ നടപ്പാലം പൊളിച്ചതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it