World

ബങ്‌സാമോറോ ബില്ലില്‍ ദുതര്‍ത്തെ ഒപ്പുവച്ചു

മനില: ഫിലിപ്പീന്‍സിലെ ന്യൂനപക്ഷമായ മോറോ മുസ്‌ലിംകള്‍ക്ക്് ബങ്‌സാമോറോ സ്വയംഭരണപ്രദേശം അനുവദിക്കുന്ന ബില്ലില്‍ പ്രസിഡന്റ് റോഡിഗ്രോ ദുതര്‍ത്തെ ഒപ്പുവച്ചു. പ്രസിഡന്റിന്റെ വക്താവ് ഹാരി റൂഖ്്, സഹായി ബോങ് ഗോ എന്നിവരാണു വ്യാഴാഴ്ച ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തെക്കന്‍ ദ്വീപായ മിന്‍ഡനാവോയിലാണ് ബങ്‌സാമോറോ സ്വയംഭരണ പ്രദേശം നിലവില്‍വരിക. ഇതോടെ അഞ്ചു പതിറ്റാണ്ടു നീണ്ട സംഘര്‍ഷത്തിന് അറുതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനം നടക്കുന്ന ജനഹിത പരിശോധനയില്‍ പിന്തുണ ലഭിച്ചാലേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ. പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഫിലിപ്പീന്‍സിലെ നാല് പ്രസിഡന്റുമാര്‍ മോറോ ഇസ്‌ലാമിക് ലിബറേഷന്‍ ഫ്രണ്ട് (എംഐഎല്‍എഫ്)ഉമായി 22 വര്‍ഷങ്ങളോളമായി നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് ബില്ല് രൂപംകൊണ്ടത്. സ്വയംഭരണാധികാരത്തിന് പകരമായി എംഐഎല്‍എഫിന്റെ ശക്തമായ സൈനിക ഘടകത്തെ പിരിച്ചുവിടാനും ധാരണയായിരുന്നു.  സ്വയംഭരണാധികാര ബില്ല് പൂര്‍ണമായി നടപ്പാക്കുകയാണെങ്കില്‍ എംഐഎല്‍എഫിന്റെ 40,000ഓളം വരുന്ന സൈനിക ഘടകം  പിരിച്ചുവിടുമെന്ന് ചൊവ്വാഴ്ച മോറോ വിമതവിഭാഗം ചെയര്‍മാന്‍ അല്‍ഹാജ് മുറാദ് ഇബ്രാഹിം വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it