ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് പൗരത്വം: എജിപി എതിര്‍ക്കും

ഗുവാഹത്തി: ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാനുള്ള നിര്‍ദിഷ്ട ബില്ല് പരാജയപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തുമെന്ന് അസം ഗണപരിഷത്ത് (എജിപി). 1971 മാര്‍ച്ച് 24ന് ശേഷം അസമിലെത്തിയ എല്ലാ അനധികൃത വിദേശികളെയും അവരുടെ മതം നോക്കാതെ പുറത്താക്കണമെന്നാണ് പാര്‍ട്ടിയുടെ കാഴ്ചപ്പാടെന്ന് എജിപി പ്രസിഡന്റ് അതുല്‍ ബോറ പറഞ്ഞു. ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കുന്ന ബില്ല് പാസാക്കാന്‍ പാര്‍ലമെന്റിനാവില്ല. ബംഗാളി ജനതയ്ക്കും ബംഗ്ലാ ഭാഷയ്ക്കും പാര്‍ട്ടി എതിരല്ല. അനധികൃത ബംഗ്ലാദേശികളെയാണ് പാര്‍ട്ടി എതിര്‍ക്കുന്നത്. ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുകവഴി ബില്ല് അസം കരാറിനെ ലംഘിക്കുക മാത്രമല്ല, സംസ്ഥാനത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് ഭീഷണിയുമാണ്-സംസ്ഥാന കൃഷിമന്ത്രികൂടിയായ ബോറ പറഞ്ഞു. പാര്‍ട്ടി നിലപാട് സംയുക്ത പാര്‍ലമെന്ററി സമിതിയെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയും അറിയിച്ചു. സംസ്ഥാനത്തെ ഒമ്പത് പ്രാദേശിക പാര്‍ട്ടികള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ കണ്ട് ബില്ലിനോടുള്ള എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it