ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്‌ഫോടനം: മൂന്നുപേര്‍ക്ക് ഏഴു വര്‍ഷം തടവ്

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളെ പ്രത്യേക കോടതി ഏഴു വര്‍ഷം തടവിനു ശിക്ഷിച്ചു.
എന്‍ഐഎ ജഡ്ജി സിദ്ധലിംഗ പ്രഭുവാണ് ശിക്ഷിച്ചത്. വിചാരണ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന പ്രതികളായ ബിഹാര്‍ സ്വദേശികളായ ഗൊഹാര്‍ അസീസ് ഖൊമേനി, കമാല്‍ ഹസന്‍, മുഹമ്മദ് കഫീല്‍, ഡല്‍ഹി സ്വദേശി മുഹമ്മദ് താരീഖ് എന്നിവര്‍ നല്‍കിയ ഹരജി ചൊവ്വാഴ്ച എന്‍ഐഎ കോടതി തള്ളിയിരുന്നു.
പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. പ്രാദേശിക പിന്തുണയോടെ ചിന്നസ്വാമി സ്‌റ്റേഡിയം അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ആസൂത്രണം നടത്തിയെന്നാണ് ഇവരുടെ പേരിലുള്ള കുറ്റം. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം അനുസരിച്ചാണ് കേസെടുത്തത്.
2010 ഏപ്രില്‍ 17നു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ ക്രിക്കറ്റ് മല്‍സരം നടക്കുന്നതിനിടയിലാണ് സ്‌റ്റേഡിയത്തിന്റെ കവാടത്തില്‍ സ്‌ഫോടനം നടന്നത്.
മൂന്നിടങ്ങളില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ടു പോലിസുകാര്‍ അടക്കം 15 പേര്‍ക്ക് പരിക്കേറ്റിരുന്നു. നിരോധിത സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകാംഗങ്ങളായ യാസീന്‍ ഭട്കല്‍, റിയാസ് ഭട്കല്‍ എന്നിവരടക്കം 13 പേര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കര്‍ണാടക ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it