ഫ്രാങ്കോ ഹാജരായത് നാടകീയതകള്‍ക്കൊടുവില്‍

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യംചെയ്യലിനു മുമ്പായി നടന്നതു നാടകീയരംഗങ്ങള്‍. മണിക്കൂറുകള്‍ നീണ്ട ഒളിച്ചുകളിക്കു ശേഷം ചോദ്യംചെയ്യലിനായി ബിഷപ് ഫ്രാങ്കോ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായത് രാവിലെ 11നു ശേഷം. ബിഷപ് എത്തുന്ന ചിത്രം മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ നാടകം കളിച്ച് പോലിസും. ഇന്നലെ രാവിലെ 10ന് ചോദ്യംചെയ്യലിനായി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാവണമെന്നാണു നേരത്തെ അന്വേഷണ സംഘം ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നല്‍കിയിരുന്നത്. ചോദ്യംചെയ്യലിന് നേതൃത്വം നല്‍കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷ്ആയിരിക്കുമെന്നും ചോദ്യംചെയ്യുന്ന സ്ഥലം പിന്നീട് തീരുമാനിക്കുമെന്നുമായിരുന്നു അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കോട്ടയം എസ്പി ഹരിശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാത്രി വൈകി കാര്യങ്ങള്‍ മാറിമറിയുകയും ബിഷപ്പിനെ ചോദ്യംചെയ്യുന്നത് അപ്രതീക്ഷിതമായി തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിന് സമീപമുളള ഹൈടെക്ക് സെല്ലിലേക്ക് മാറ്റുകയുമായിരുന്നു.
ഇന്നലെ എളമക്കരയിലെ ഒരു വീട്ടിലെത്തിയ ഫ്രാങ്കോ 11ഓടെ മഫ്തി പോലിസിന്റെ അകമ്പടിയോടെ ചോദ്യംചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക്ക് സെല്ലില്‍ എത്തി. പ്രധാന വാതില്‍ ഒഴിവാക്കി മാധ്യമങ്ങള്‍ക്കു പിടികൊടുക്കാതെ മറ്റൊരു വാതിലിലൂടെയാണ് കോംപൗണ്ടിലേക്ക്് എത്തിയത്.
ബിഷപ്പിന്റെ ചിത്രം മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ പോലിസും കൃത്യമായി കവചമൊരുക്കി. കാമറക്കണ്ണുകളില്‍ പെടാത്ത വിധത്തില്‍ രണ്ടു പോലിസ് വാഹനങ്ങള്‍ക്കിടയിലൂടെ അകത്തേക്കു കയറ്റി നിര്‍ത്തിയ വാഹനത്തിന്റെ പിന്‍സീറ്റില്‍ നിന്നു ബിഷപ് അതിവേഗം പുറത്തിറങ്ങി ചോദ്യം ചെയ്യലിന് വിധേയനാകാന്‍ വൈദികനൊപ്പം വേഗത്തില്‍ ഉള്ളിലേക്കു കയറിപ്പോവുകയായിരുന്നു. മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ പോലിസ് പറഞ്ഞ വഴിയിലൂടെയാണു ഫ്രാങ്കോയുടെ വാഹനം സെല്ലിലെത്തിയതെന്നാണു വിവരം.

Next Story

RELATED STORIES

Share it