ഫ്രം അയോധ്യ ടു ശബരിമല

രാഷ്ട്രീയകേരളം - എച്ച് സുധീര്‍

വിശ്വാസത്തിനപ്പുറം സിപിഎം-കോണ്‍ഗ്രസ്-ബിജെപി രാഷ്ട്രീയ പോരിന്റെ വേദിയായി ശബരിമലയും മാറിയിരിക്കുന്നു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശ്വാസികളെ ഇളക്കിവിട്ട് നിയമവാഴ്ച അട്ടിമറിച്ച് സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കമാണു പുറത്തുവന്നത്. ഇതിനെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ്സും ചെയ്തത്. ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്ന വിഎച്ച്പി വക്താവ് വിനോദ് ബന്‍സലിന്റെ പ്രസ്താവന ഇതോടൊപ്പം കൂട്ടിവായിക്കണം. വിശ്വാസികളെ തടഞ്ഞ് ആക്രമിക്കുന്നത് ഏത് ആചാര്യമര്യാദയുടെ പേരിലാണെന്നു വ്യക്തമാക്കാന്‍ ഇക്കൂട്ടര്‍ ബാധ്യസ്ഥരാണ്. വിവാദം കത്തിപ്പടര്‍ന്നതോടെ ക്ഷേത്രത്തിന്റെ അവകാശവും തന്ത്രിമാരുടെ യോഗ്യതയും പന്തളം രാജകൊട്ടാരത്തിന്റെ ആധികാരികതയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചോദ്യംചെയ്യപ്പെടുകയാണ്.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും വ്യാപകമായതോടെ ആശയക്കുഴപ്പത്തിലായ വിശ്വാസിസമൂഹത്തെ ഒപ്പം നിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് സിപിഎമ്മും പിണറായി സര്‍ക്കാരും. വിശ്വാസത്തിന് എതിരല്ലെന്നും വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളെ എവിടെയും മാറ്റിനിര്‍ത്തരുതെന്നുമുള്ള ഉറച്ച നിലപാടാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായി ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്ന നിലപാടുകളോട് ചേര്‍ന്നുനിന്ന് കോണ്‍ഗ്രസ്സും മറുചേരിയില്‍ എത്തിയതോടെ സിപിഎം കരുതലോടെയാണു വിഷയത്തെ സമീപിക്കുന്നത്. കോടതിവിധി അംഗീകരിച്ച് നിലവില്‍ ശബരിമലയില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനാണു സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഒരുഭാഗത്ത് എല്ലാ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കുന്നതിനൊപ്പം മറുഭാഗത്ത് പോലിസിനെ രംഗത്തിറക്കി പ്രതിരോധത്തിന്റെ കോട്ടയും ശക്തിപ്പെടുത്തുകയാണ്. അക്രമകാരികളെ അടിച്ചമര്‍ത്തി കോടതിവിധി നടപ്പാക്കുമെന്നതരത്തിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നതെന്നു വ്യക്തം. ശബരിമലയില്‍ സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുമുണ്ട്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസ്് ആണെന്നും തന്ത്രികുടുംബത്തിന് കോന്തലയില്‍ കെട്ടിനടക്കാനുള്ളതല്ല ശബരിമലയെന്നും അദ്ദേഹം പറയുമ്പോള്‍ തന്നെ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് വ്യക്തമാണ്.
എന്തായാലും ശബരിമലയില്‍ നട അടച്ചിട്ടും കേരള പോലിസിന് ഇരിക്കാന്‍ സമയം കിട്ടിയിട്ടില്ല. ശബരിമലയുടെ പേരുപറഞ്ഞ് പൊതുമുതല്‍ നശിപ്പിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തവരെ ഓടിച്ചിട്ടു പിടിക്കുകയാണ് പോലിസ്. ശരണംവിളി മുഴങ്ങേണ്ട സ്ഥലത്ത് കൊലവിളി നടത്തിയവരില്‍ നല്ലൊരു ശതമാനം ഇപ്പോള്‍ ജയിലിലാണ്. ബാക്കിയുള്ളവര്‍ ഒളിവിലും. എന്തുവന്നാലും ഒപ്പമുണ്ടാവുമെന്ന് ഉറപ്പുനല്‍കിയ രാഹുല്‍ ഈശ്വറും പ്രതീഷ് വിശ്വനാഥനുമൊക്കെ സ്വന്തം കേസ് ആരു നടത്തുമെന്ന മനോവിഷമത്തിലാണ്. ലുക്കൗട്ട് നോട്ടീസിനു പകരം പ്രതികളെ ഉള്‍പ്പെടുത്തി ഒന്നിലേറെ ആല്‍ബങ്ങള്‍ തന്നെ പോലിസിന് ഇറക്കേണ്ടിവന്നു. ആല്‍ബത്തിന്റെ പേജുകളില്‍ ഭൂരിഭാഗവും സംഘപരിവാര അണികളാണ് ഇടംനേടിയതെങ്കിലും അങ്ങിങ്ങായി കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സംഘപരിവാരത്തിനെ സഹായിക്കാനല്ല, വിശ്വാസം സംരക്ഷിക്കാന്‍ പോയതുകൊണ്ടാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ക്കും ആല്‍ബത്തില്‍ ഇടംകിട്ടിയതെന്നാണ് കോണ്‍ഗ്രസ്സുകാരുടെ വാദം. എന്തായാലും പറഞ്ഞുകേട്ടിടത്തോളം കാര്യങ്ങളുടെ പോക്ക് അത്ര നിസ്സാരമല്ല. പോലിസ് വിരിച്ച വലയിലകപ്പെട്ട് റിമാന്‍ഡിലായവര്‍ക്ക് തിരികെ വെളിച്ചം കാണണമെങ്കില്‍ കാര്യമായി വിയര്‍പ്പൊഴുക്കേണ്ടിവരും. ബിജെപിയുടെയും മറ്റു സംഘപരിവാര സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ നിരവധി പോലിസ് വാഹനങ്ങളും കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ 10,000 രൂപ മുതല്‍ 13 ലക്ഷം വരെ കെട്ടിവയ്ക്കണം. നിലയ്ക്കലില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫിസറായ എസ്പി അജിത്തിന്റെ വാഹനം കൊക്കയിലിട്ടവര്‍ക്കാണ് 13 ലക്ഷം കെട്ടിവയ്‌ക്കേണ്ടത്.
ശബരിമലയിലെ തുലാമാസപൂജകള്‍ കഴിഞ്ഞതോടെ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും താല്‍ക്കാലിക ആശ്വാസമായെങ്കിലും വരാനിരിക്കുന്ന ദിനങ്ങള്‍ വെല്ലുവിളികളുടേതാണ്. അയ്യപ്പഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്ന് കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനത്തിനും വെല്ലുവിളിയുടെ സ്വരമുണ്ട്. കോടതിവിധിക്കുശേഷം നടതുറന്ന് ആറുദിവസത്തിനിടെ 14 യുവതികളാണ് ദര്‍ശനത്തിനെത്തി പാതിവഴിയില്‍ മടങ്ങിയത്. അവസാനദിനം നാല് യുവതികള്‍ പമ്പയിലും ഒരാള്‍ തുലാപള്ളി വരെയും എത്തി മടങ്ങി. വിവിധ സംഭവങ്ങളിലായി 500ഓളം പേര്‍ക്കെതിരേ 50 കേസുകളാണ് പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ എടുത്തത്. സംസ്ഥാന വ്യാപകമായി വേറെയും കേസുകള്‍. പോലിസിനു മുന്നില്‍ സുരക്ഷാ വെല്ലുവിളിയായിരുന്നെങ്കില്‍ ദേവസ്വം ബോര്‍ഡിന് ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട വിമര്‍ശനമാണു കേള്‍ക്കേണ്ടിവന്നത്. യുവതികളെത്തിയാല്‍ നട അടയ്ക്കുമെന്ന തന്ത്രിയുടെ ഉറച്ചസ്വരവും പന്തളം കൊട്ടാരത്തിന്റെ പിന്തുണയും ബോര്‍ഡിനു തലവേദനയായി. സംസ്ഥാന സര്‍ക്കാരും സിപിഎമ്മും വിധിയെ പിന്തുണയ്ക്കുമ്പോള്‍ എതിര്‍ക്കാന്‍ കഴിയാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വെള്ളം കുടിച്ചു. ഇനി നവംബര്‍ 5നും 6നുമാണ് ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ ശബരിമലയില്‍ ഇനി ശരണമന്ത്രം മാത്രം പ്രതീക്ഷിച്ചാല്‍ പോരെന്നു സാരം. ഈ പോരാട്ടത്തില്‍ പിണറായി സര്‍ക്കാര്‍ ഒറ്റയ്ക്കാണെങ്കിലും ബിജെപിക്ക് ശക്തിപകരാന്‍ പകല്‍വെളിച്ചത്തില്‍ സംഘപരിവാരത്തില്‍ പെടാത്ത നിരവധിപേരുണ്ട്. ജനപക്ഷത്തുള്ള പി സി ജോര്‍ജ് മുതല്‍ പ്രതിപക്ഷം അടക്കിവാഴുന്ന രമേശ് ചെന്നിത്തല വരെ. ബിജെപി പറയുന്നതെല്ലാം ഒരു കോളാമ്പി കണക്കെ പി സി ജോര്‍ജും വിളിച്ചുകൂവുന്നത് എന്തോ ലക്ഷ്യംവച്ചാണെന്നതിലും സംശയമില്ല. കേരളത്തിലെ ഇടതു സര്‍ക്കാരിന് അയ്യപ്പകോപം സംഭവിച്ചുവെന്നാണ് ബിജെപിയുടെ വിശ്വാസം. പിണറായി വിജയനെ പുലിപിടിക്കുമെന്നു മാത്രം പറഞ്ഞിട്ടില്ലെന്നതു മഹാഭാഗ്യം. പമ്പയെ അപ്പാടെ വിഴുങ്ങിയ പ്രളയവും അടുത്തിടെ മഞ്ചേശ്വരം എംഎല്‍എ മരിച്ചതുമൊക്കെ അയ്യപ്പന്റെ ശാപമാണെന്ന ശുദ്ധമണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ച മഹാന്‍മാരും സംഘപരിവാരസേനയിലുണ്ട്. ചുരുക്കത്തില്‍, വിശ്വാസത്തിന്റെ പ്രശ്‌നമാണെങ്കിലും വേലിയിലിരുന്ന പാമ്പിനെ എടുത്ത് തോളില്‍ വച്ച അവസ്ഥയിലാണ് പിണറായിയും കൂട്ടരും. പി കെ ശശിക്കെതിരായ ലൈംഗികാരോപണവും ബ്രൂവറി വിവാദവും തലയ്ക്കുമീതെ വാളായി നില്‍ക്കുമ്പോഴാണ് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോടതിവിധിയും തുടര്‍നീക്കങ്ങളും വെല്ലുവിളിയായത്. ശബരിമല വിഷയത്തെ കരയ്ക്കടുപ്പിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ കൊല്ലം എംഎല്‍എ മുകേഷിനെതിരായി മീ ടൂ ആരോപണവുമെത്തി. നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുമെന്ന അവസ്ഥയിലേക്ക് എത്തിയതോടെ ബ്രൂവറി വിവാദത്തില്‍ നിന്ന് ഒടുവില്‍ സര്‍ക്കാരിനു തലയൂരേണ്ടിവന്നു. എല്ലാം ഒരുവിധം കരയ്ക്കടുപ്പിച്ചപ്പോഴേക്കും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവും രാഷ്ട്രീയ വിവാദമായി മാറി. സുപ്രിംകോടതി വിധിയില്‍ ഭക്തരിലുണ്ടായ എതിര്‍പ്പിനെ രാഷ്ട്രീയനേട്ടമാക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും അണിയറയില്‍ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it