ഫോറസ്റ്റ് റേഞ്ചറുടെ പണവും പവര്‍ബാങ്കും മാവോവാദികള്‍ കൈക്കലാക്കി

താമരശ്ശേരി: വനത്തില്‍ പരിശോധന നടത്തുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഉള്‍പ്പെടെയുള്ള സംഘം മാവോവാദികളുടെ മുന്നില്‍ അകപ്പെട്ടു. വനപാലകര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ മാവോവാദികള്‍ റേഞ്ച് ഓഫിസറുടെ പവര്‍ ബാങ്കും 1,500 രൂപയും കൈക്കലാക്കി രക്ഷപ്പെട്ടു. ഇതേത്തുടര്‍ ന്ന് വനത്തിലെ പരിശോധന അവസാനിപ്പിച്ച് വലപാലകര്‍ മടങ്ങി. ഉള്‍വനങ്ങളില്‍ വനപാലകര്‍ പരിശോധന നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ സി അബ്ദുല്ലത്തീഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം വയനാട് ചുരത്തിനോട് ചേര്‍ന്നുള്ള വനപ്രദേശത്തു പരിശോധന നടത്തിയത്. റേഞ്ച് ഓഫിസറുടെ പരാതിയില്‍ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം താമരശ്ശേരി പോലിസ് കേസെടുത്തു. സംഭവസ്ഥലം വയനാട് വൈത്തിരി പോലിസ് സ്—റ്റേഷന്‍ പരിധിയിലായതിനാല്‍ തുടരന്വേഷണത്തിനായി വൈത്തിരി പോലിസിന് കൈമാറുമെന്ന് ഡിവൈഎസ്പി പി ബിജുരാജ് പറഞ്ഞു. ചുരത്തിനോട് ചേര്‍ന്നുള്ള പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളില്‍ പലപ്പോഴായി മോവോവാദികള്‍ എത്തിയിരുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ മാവോവാദികളുടെ മുന്നില്‍ അകപ്പെടുന്നത് ആദ്യമായാണ്.
Next Story

RELATED STORIES

Share it