ernakulam local

ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ഫെറിയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടി

മട്ടാഞ്ചേരി: ജങ്കാര്‍ സര്‍വീസ് നിര്‍ത്തിയതോടെ രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കുന്ന ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ഫെറിയിലെ യാത്രാദുരിതം പരിഹരിക്കാന്‍ നടപടിയായി. ഇന്നലെ മേയറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് തീരുമാനിച്ചത്. നിലവില്‍ ഫോര്‍ട്ട്ക്യൂണ്‍ ബോട്ട് മാത്രമാണ് ഫെറിയില്‍ സര്‍വീസ് നടത്തുന്നത്. കിന്‍കോയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സര്‍വീസില്‍ കൃത്യമായ സമയക്രമമില്ലാത്തത് മൂലം നൂറുകണക്കിന് വരുന്ന യാത്രക്കാര്‍ വലയുന്ന അവസ്ഥയിലാണ്. പലപ്പോഴും മുക്കാല്‍ മണിക്കൂറിലേറെ കാത്ത് നിന്നതിന് ശേഷമാണ് ബോട്ട് എത്താറുള്ളത്. പാപ്പി ബോട്ട് ഉള്ളപ്പോള്‍ പോലും ഇത്രയും യാത്രാദുരിതം ഉണ്ടായിരുന്നില്ല. ഇതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് യാത്രാക്ലേശത്തിന് അറുതി വരുത്താന്‍ മേയര്‍ യോഗം വിളിച്ചത്. പലപ്പോഴും ബോട്ടില്‍ സീറ്റിങ് കപ്പാസിറ്റിക്കുള്ള യാത്രക്കാര്‍ എത്തുന്നത് വരെ കാത്ത് കിടക്കുന്ന കിന്‍കോയുടെ നടപടിയാണ് വൈകുന്നതിന് കാരണമായത്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ പത്ത് മിനിറ്റ് ഇടവേളയില്‍ ബോട്ട് സര്‍വീസ് നടത്താമെന്ന് കിന്‍കോ ഉറപ്പ് നല്‍കി. കിന്‍കോ തന്നെ തയ്യാറാക്കിയ സമയക്രമം യോഗത്തില്‍ അവതരിപ്പിച്ചു. ഇത് അംഗീകരിക്കുകയും ചെയ്തു. സമയക്രമം സംബന്ധിച്ചു ഇരുജെട്ടികളിലും ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. ഇത് യാത്രക്കാര്‍ക്ക് സൗകര്യമാവും. ബോട്ടില്‍ ആള്‍ നിറയുന്നത് വരെ കാത്ത് കിടക്കേണ്ട ആവശ്യമില്ലെന്ന് മേയര്‍ കിന്‍കോ അധികൃതരോട് പറഞ്ഞു. നഗരസഭ കിന്‍കോക്ക് നഷ്ടപരിഹാരം നല്‍കുന്ന സാഹചര്യത്തില്‍ ബോട്ടില്‍ രണ്ടുപേര്‍ മാത്രമുള്ളൂവെങ്കില്‍ പോലും സര്‍വീസ് നടത്തണമെന്ന് മേയര്‍ നിര്‍ദേശം നല്‍കി. പുതുവല്‍സരാഘോഷവും കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷവും ഫോര്‍ട്ട്‌കൊച്ചിയില്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ ജനുവരി ആദ്യംവരെ പാപ്പി ബോട്ട് സര്‍വീസ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കും. ഇതിനായി കിന്‍കോ അധികൃതരേയും പാപ്പി ബോട്ടുടമയേയും പ്രതിപക്ഷ നേതാവിനേയും ഇന്ന് മേയര്‍ വിളിച്ചിട്ടുണ്ട്. കിന്‍കോയും പാപ്പി ബോട്ടുടമയും സമ്മതിച്ചാല്‍ അടുത്ത മാസം ആദ്യംവരെ പാപ്പിയും സര്‍വീസ് നടത്തും. മൂറിങ് സംവിധാന നിര്‍മാണം മോണിറ്ററിങ് ചെയ്യാന്‍ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈനി മാത്യൂ, പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ഹാരിസ്, കൗണ്‍സിലര്‍ ശ്യാമള പ്രഭു എന്നിവരടങ്ങുന്ന നാലംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. അതേസമയം ജങ്കാര്‍ സര്‍വീസ് നിര്‍ത്തിയിട്ടും മൂറിങ് നിര്‍മാണം ആരംഭിക്കാന്‍ വൈകുന്നത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it