ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: മുഖ്യപ്രതി പിടിയില്‍

വടകര: കല്യാണവീടുകളില്‍ നിന്നും മറ്റും എടുക്കുന്ന സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതിയെ വടകര പോലിസ് അറസ്റ്റ് ചെയ്തു. കക്കട്ടില്‍ ചീക്കോന്ന് വെസ്റ്റ് സ്വദേശി കൈവേലിക്കല്‍ വീട്ടില്‍ ബിബീഷി (35)നെയാണു വടകര സിഐ ടി മധുസൂദനന്‍ നായരും സംഘവും പിടികൂടിയത്. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ ഇടുക്കിയിലെ രാജമുടി റബര്‍ എസ്റ്റേറ്റിലെ ഒഴിഞ്ഞ വീട്ടില്‍ നിന്നാണു ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ പോലിസ് പിടികൂടുന്നത്. ഇയാളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച സൈബര്‍ സെല്‍ ഒളിവില്‍ക്കഴിയുന്ന പ്രദേശം ഏതെന്നു മനസ്സിലാക്കുകയായിരുന്നു. ഇതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഴുവന്‍ പേരും പോലിസ് വലയിലായി.
മറ്റൊരാവശ്യത്തിനായി വയനാട്ടിലെ ഭാര്യ വീട്ടില്‍ പോയ പ്രതി സംഭവം അറിഞ്ഞതോടെ മുങ്ങുകയായിരുന്നു.  കഴിഞ്ഞ രണ്ടിനായിരുന്നു കേസിലെ രണ്ടും മൂന്നും പ്രതികളായ സ്റ്റുഡിയോ ഉടമകളെ പോലിസ് അറസ്റ്റ് ചെയ്തത്. പ്രഥമ ചോദ്യംചെയ്യലില്‍ അഞ്ച് ഫോട്ടോകളാണ് മോര്‍ഫ് ചെയ്തതെന്നു പ്രതി സമ്മതിച്ചതായി കോഴിക്കോട് റൂറല്‍ എസ്പി എംപി പുഷ്‌കരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി  അയച്ചുകൊടുത്ത് പ്രതി ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ട്. തന്റെ കണ്ണില്‍ കാണുന്ന സ്ത്രീകളെ നഗ്നമായി കാണാനുള്ള പ്രതിയുടെ മനോഭാവമാണ് മോര്‍ഫ് ചെയ്ത സംഭവത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് എസ്പി പറഞ്ഞു. മാനഹാനി ഭയന്നാണ് അന്ന് പലരും പുറത്തുപറയാതിരുന്നത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനും മറ്റും കസ്റ്റഡിയില്‍ വാങ്ങി. ബിബീഷിനെതിരേ ഐപിസി 354 ഡി വകുപ്പും, ഐടി ആക്റ്റിലെ 67 എ, 67 ഡി, 66 ഡി എന്നീ വകുപ്പുകളും ചുമത്തി. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിവ.
Next Story

RELATED STORIES

Share it