Flash News

ഫൈനലില്‍ കണ്ണുംനട്ട് കേരളം മിസോറാമിനെതിരേ

ഫൈനലില്‍ കണ്ണുംനട്ട് കേരളം മിസോറാമിനെതിരേ
X


കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ന് സെമിയാവേശം. ഇന്ന് നടക്കുന്ന സെമി പോരാട്ടങ്ങളില്‍ കേരളം മിസോറാമിനെ നേരിടുമ്പോള്‍  മറ്റൊരു മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ പശ്ചിമ ബംഗാള്‍ കര്‍ണാടകയുമായും ഏറ്റുമുട്ടും.കേരളത്തിന്റെ പുത്തന്‍ ഫുട്‌ബോള്‍ തലമുറ ഇന്ന് കൊല്‍ക്കത്തയില്‍ മിസോറാമിനെ നേരിടുമ്പോള്‍ ആറാമതൊരു കിരീടലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്. അഞ്ച് തവണ സന്തോഷ് ട്രോഫിയുടെ കിരീടത്തില്‍ കേരളം മുത്തമിട്ടപ്പോള്‍ അവസാനമായി കേരളം വെന്നിക്കൊടി പാറിച്ചത് 2004-05 സീസണിലായിരുന്നു. അന്ന് കരുത്തരായ പഞ്ചാബിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. പിന്നീട് 2012-13 വര്‍ഷത്തില്‍ കേരളം ഫൈനലില്‍ പ്രവേശിച്ചെങ്കിലും സര്‍വീസസിനോട് പെനല്‍റ്റിയില്‍ പരാജയപ്പെടാനായിരുന്നു കേരളത്തിന്റെ വിധി. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു ഫൈനല്‍ പ്രവേശനം കേരളത്തെ മാടിവിളിക്കുമ്പോള്‍ ഒരുങ്ങിത്തന്നെയാണ് കേരളതാരങ്ങള്‍ ബൂട്ടണിയുന്നത്.
എ ഗ്രൂപ്പില്‍ നാല് മല്‍സരങ്ങളില്‍ നിന്ന് നാലും ജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് കേരളം സെമിയിലേക്ക് കുതിച്ചത്. എന്നാല്‍ അവസാന മല്‍സരത്തില്‍ കര്‍ണാടകയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ മിസോറാം ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് സെമിയില്‍ സീറ്റുറപ്പിച്ചത്.ആദ്യ മല്‍സരത്തില്‍ ഛണ്ഡീഗഡിനെ 5-1നു തകര്‍ത്ത് തുടക്കം ഗംഭീരമാക്കിയ കേരളം പിന്നീട് 6-0ന് മണിപ്പൂരിനെയും 3-0ന് മഹാരാഷ്ട്രയെയും മുട്ടുകുത്തിച്ചാണ് സെമി ടിക്കറ്റുറപ്പിച്ചത്. അവസാന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ പശ്ചിമ ബംഗാളിനെയും 1-0ന് തകര്‍ത്ത് കേരളം ഗ്രൂപ്പ് ചാംപ്യന്‍മാരാവുകയായിരുന്നു. നിലവിലെ ചാംപ്യന്‍മാരെ വീഴ്ത്തുകയും ഗ്രൂപ്പ് ഘട്ടത്തില്‍ എതിരാളികളുടെ വലയില്‍ 15 ഗോളുകള്‍ നിക്ഷേപിച്ച് ഒരു ഗോള്‍ മാത്രം വഴങ്ങുകയും ചെയ്‌തെന്ന ആത്മവിശ്വാസവും കേരളത്തിന്റെ ഭാഗത്തുണ്ട്. എന്നാല്‍ അവസാന മല്‍സരത്തില്‍ കര്‍ണാടകയോട് പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് ഒരു തവണ മാത്രം കിരീടമുയര്‍ത്തിയ മിസോറാം ഇന്ന് ബൂട്ടണിയുന്നത്. കണക്കുള്‍ കേരളത്തിന് അനുകൂലമായി നില്‍ക്കുമ്പോള്‍ കളികളുടെ അടിസ്ഥാനത്തില്‍ മിസോറാം കേരളത്തെ വിറപ്പിക്കുമോ എന്നത് കണ്ടറിയണം.

കിരീടം നിലനിര്‍ത്താന്‍ പശ്ചിമ ബംഗാള്‍
നിലവിലെ ചാംപ്യന്‍മാരായ പശ്ചിമ ബംഗാളിന് സെമിയില്‍ കര്‍ണാടകയാണ് എതിരാളികള്‍. ഇത്തവണയും ഫൈനലിലേക്ക്് ബംഗാള്‍ മുന്നേറിയാല്‍ ടീമിന്റെ 44ാം ഫൈനല്‍ പ്രവേശനം കൂടിയായിരിക്കും ഇത്. എങ്കിലും നാലു തവണ ചാംപ്യന്‍മാരായ കര്‍ണാടകയും ഫൈനല്‍ പ്രതീക്ഷിച്ചാണിറങ്ങുന്നത്. സീസണിലെ കിരീടം കൂടി ഉയര്‍ത്തിയാല്‍ ബംഗാളിന്റെ കിരീടനേട്ടം 33 ആവും.   ബി ഗ്രൂപ്പില്‍ ചാംപ്യന്‍മാരായാണ് കര്‍ണാടക സെമിയിലേക്ക് മുന്നേറിയതെങ്കില്‍ എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് ബംഗാളും കലാശക്കളിക്ക് അര്‍ഹത സ്വന്തമാക്കിയത്. ഇരു ടീമും നേര്‍ക്കുനേര്‍ സെമിയില്‍ പോരടിക്കുമ്പോള്‍ ബംഗാള്‍ തുടര്‍ച്ചയായി രണ്ടാം ഫൈനല്‍ കൂടിയാണ് ലക്ഷ്യമിടുന്നത്. 1976ല്‍ കോഴിക്കോട് വച്ച് നടന്ന ഫൈനലില്‍ ബംഗാളിനോട് പെനല്‍റ്റിയില്‍ പരാജയപ്പെട്ട ക്ഷീണം തീര്‍ക്കാനുറച്ചാവും മിസോറാമിന്റെ പടയൊരുക്കം.
Next Story

RELATED STORIES

Share it