Flash News

ഫൈനലിലേക്ക് ചിറകടിച്ച് കേരളം

ഫൈനലിലേക്ക് ചിറകടിച്ച് കേരളം
X

ആബിദ്

കോഴിക്കോട്: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തമിഴ്‌നാടിനെ തുടര്‍ച്ചയായ മുന്ന് സെറ്റുകള്‍ക്കു തോല്‍പ്പിച്ച് കേരളം 66ാമത് ദേശീയ സീനിയര്‍ വോളി മല്‍സരത്തിന്റെ ഫൈനലില്‍ പ്രവേശിച്ചു. കരുത്തരായ തമിഴ് മക്കളുടെ ശക്തമായ ആക്രമണത്തെയും പ്രതിരോധത്തെയും വീറോടെ നേരിട്ട കേരളം പലപ്പോഴും അവര്‍ക്കുമുന്നില്‍ വിയര്‍ത്ത് കുളിക്കുന്ന കാഴ്ചയ്ക്കും ഇന്നലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്റോര്‍ സ്‌റ്റേഡിയം സാക്ഷിയായി. 25-22, 30-28, 25-22 എന്നിങ്ങനെ നേരിയ വ്യത്യാസത്തിലാണ് ആതിഥേയര്‍ അയല്‍ക്കാരോട് ജയിച്ചു കയറിയത്്. തമിഴ്‌നാട് പെട്ടെന്ന് തന്നെ സ്വന്തം താളത്തിലേക്ക് തിരിച്ചെത്തി. 6-6 ന് കേരളത്തെ സമനിലയില്‍ തളച്ചു 9-9വരെ ഒപ്പത്തിനൊപ്പം നീങ്ങാന്‍ തമിഴ് നാടിനായെങ്കിലും പിന്നീട് അവര്‍ക്ക്് കളി കൈവിട്ടുപോവുന്ന കാഴ്ചയാണ് കണ്ടത്. തുടര്‍ന്ന് 23-18 എന്ന പോയിന്റില്‍ ആതിഥേയര്‍ വ്യക്തമായ ലീഡ് നേടി. 24ലെത്തിയതോടെ ഉയര്‍ത്തെഴുന്നേറ്റ തമിഴ്‌നാട് അത് 24-22 എന്ന നേരിയ വ്യത്യാസത്തിലെത്തിച്ചു. അവസാന നിമിഷം തമിഴ്‌നാട് സര്‍വ് നഷ്ടമാക്കിയതോടെ 25-22 പോയിന്റ് നിലയില്‍ കേരളം ആദ്യ സെറ്റ് നേടുകയായിരുന്നു. ഉദ്വേഗ ജനകമായി നീങ്ങിയ രണ്ടാം സെറ്റില്‍ പോയിന്റ് വേട്ടയ്ക്ക് തമിഴ്‌നാടാണ് തുടക്കമിട്ടത്. ഒപ്പത്തിനൊപ്പം നീങ്ങിയ മല്‍സരത്തില്‍ 19 നെതിരേ 21പോയിന്റുകള്‍ നേടി കേരളത്തെ അയല്‍ക്കാര്‍ കടത്തിവെട്ടി. ഇതോടെ തമിഴ് മക്കള്‍ ജയിച്ച ആവേശത്തിലായിരുന്നു. കളിക്കിടയില്‍ നേടിയ നേരിയ മുന്‍തൂക്കം വലിയ ആരവത്തോടെ പരസ്പരം പുണര്‍ന്ന് വിജയാഘോഷമാക്കി മാറ്റാനും അവര്‍ മറന്നില്ല. എന്നാല്‍, ഈ ആഹ്ലാദം ഏറെ നേരം നിലനിന്നില്ല. 21ല്‍ തന്നെ തമിഴ്‌നാടിനെ സമനിലയില്‍ തളയ്ക്കാന്‍ കേരളത്തിന് കഴിഞ്ഞു.അവസാനഘട്ടംവരെ 25-25, 26-26, 27-27, 28-28 എന്നിങ്ങനെ ഇരു ടീമുകളും തുല്യതയോടെ മുന്നേറി. നാല് തവണ സെറ്റ് പോയിന്റിലെത്തിയ തമിഴ്‌നാടിനെ സെറ്റെടുക്കാന്‍ വിടാതെ ദൈര്‍ഘ്യമേറിയ റാലിയിലൂടെ പിടിച്ചുകെട്ടിയ കേരളം നിറഞ്ഞ ഗാലറിയെ ആവേശത്തിലാറാടിച്ച് 30-28 എന്ന പോയിന്റില്‍ വിജയം തട്ടിയെടുക്കുകയായിരുന്നു.രണ്ടാം സെറ്റിന്റെ പാഠമുള്‍ക്കൊണ്ട് മൂന്നാം സെറ്റില്‍ കരുത്തോടെ മുന്നേറുമെന്ന് പ്രതീക്ഷിച്ച ആരാധകരോടു വേണ്ടത്ര നീതിപുലര്‍ത്തതെയാണ് കേരളം തുടങ്ങിയത്. ആലസ്യത്തിലാണ്ട പോലെ നീങ്ങിയ കേരള ടീം 16 പോയിന്റ് വരെ വലിയ പ്രതീക്ഷയില്ലാതെ കളിച്ചെങ്കിലും തുടര്‍ന്നങ്ങോട്ട് സടകുടഞ്ഞെഴുന്നേറ്റ് മുന്നേറുകയായിരുന്നു. ഇതോടെ 25-22 എന്ന വ്യക്തമായ ലീഡില്‍ കേരളം വെന്നിക്കൊടി നാട്ടി. സര്‍വുകള്‍ നശിപ്പിച്ചതും അശ്രദ്ധയുമെല്ലാം പലപ്പോഴും കേരളത്തിനു വിനയായി.വായുവീലൂടെ പറന്ന് പൊങ്ങി മനോഹരമായ സ്മാഷുകള്‍ സമ്മാനിച്ച അജിത്ത് ലാലും ക്യാപ്റ്റന്‍ ജറോം വിനീദും വിബിനുമെല്ലാം മല്‍സരത്തിലെ താരങ്ങളായപ്പോള്‍ അഖിനും രോഹിത്തുമെല്ലാം ഒപ്പത്തിനൊപ്പം തന്നെ കേരളടീമിന് കരുത്തായി. തമിഴ്‌നാട് ക്യാപ്റ്റന്‍ ആനന്ദ് രാജ് വൈഷ്ണവ്, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ വോളി മികവില്‍ തങ്ങളൊട്ടും പിറകിലല്ലെന്ന് തെളിയിച്ചാണ് കളിക്കളം വിട്ടത്.
Next Story

RELATED STORIES

Share it