World

ഫേസ്ബുക്കില്‍ സുരക്ഷാ വീഴ്ച: അഞ്ചുകോടി ഉപഭോക്താക്കളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമമായ ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ചയെന്നു വെളിപ്പെടുത്തല്‍. അഞ്ചുകോടി ഉപഭോക്താക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഫേസ്ബുക്ക് അധികൃതര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഫേസ്ബുക്ക് ഉപഭോക്താക്കളെയാണ് സൈബര്‍ ആക്രമണം ബാധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായവരുടെ അക്കൗണ്ടുകള്‍ വീണ്ടും ലോഗ് ഇന്‍ ചെയ്യാന്‍ കഴിയാതെ വന്നിരുന്നു.
സാങ്കേതിക പിഴവ് പരിഹരിക്കപ്പെട്ടതായി ഫേസ്ബുക്ക് പ്രൊഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ഗൈ റോസന്‍ അറിയിച്ചു. കൂടാതെ, മുന്‍കരുതല്‍ എന്നനിലയില്‍ നാലുകോടി അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. സാങ്കേതിക പിഴവ് ഫേസ്ബുക്കിന്റെ ഓഹരിയെയും സാരമായി ബാധിച്ചു. ഫേസ്ബുക്കിന്റെ ഓഹരിവിലയില്‍ മൂന്നു ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.
അതേസമയം, സംഭവത്തില്‍ ഫേസ്ബുക്ക് അന്വേഷണം ആരംഭിച്ചു. അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നും ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കും. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെയും ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഷിറില്‍ സാന്റ്‌ബെര്‍ഗിന്റെയും അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടതായി ഫേസ്ബുക്ക് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഫേസ്ബുക്കിന്റെ വ്യൂ ആസ് എന്ന ഫീച്ചറില്‍ വന്ന കോഡിങ് പഴുതിലൂടെയാണ് ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് കടന്നത്്. സ്വന്തം പ്രൊഫൈല്‍ മറ്റുള്ളവര്‍ എങ്ങനെയാണ് കാണുകയെന്ന് ഉപയോക്താവിനു മനസ്സിലാക്കാന്‍ അവസരം നല്‍കുന്ന സംവിധാനമാണ് വ്യൂ ആസ്് ഫീച്ചറിലുള്ളത്. ഫേസ്ബുക്ക് ആക്‌സസ് ടോക്കണ്‍ കൈക്കലാക്കി അഞ്ചുകോടി പ്രൊഫൈലുകളുടെ “ഡിജിറ്റല്‍ കീ’ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തുകയായിരുന്നെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നു. ആരാണ് സൈബര്‍ ആക്രമണം നടത്തിയതെന്നതു സംബന്ധിച്ചു വ്യക്തതയില്ലെന്നാണ് ഫേസ്ബുക്കില്‍ നിന്നുള്ള പ്രതികരണം.
Next Story

RELATED STORIES

Share it