Flash News

ഫേസ്ബുക്കില്‍ പ്രതീഷ് വിശ്വനാഥ് വിഷം ചീറ്റുന്നു, മതസ്പര്‍ധ വളര്‍ത്തുന്നതിനെതിരേ പോലിസിന് മൃദുസമീപനം

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും ഹിന്ദു ഹെല്‍പ്‌ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥനോട് മൃദു സമീപനവുമായി പോലിസ്. കഴിഞ്ഞദിവസം രാജസ്ഥാനില്‍ മുസ്്‌ലിം യുവാവിനെ സംഘപരിവാര പ്രവര്‍ത്തകര്‍ ചുട്ടുകൊന്നതിനെ അനുകൂലിച്ച് പ്രകോപനപരമായ പോസ്റ്റിട്ട പ്രതീഷ് ഫേസ്ബുക്കിലൂടെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിച്ചിരുന്നു. അമ്പതുകാരനായ അസ്ഫറുല്‍ ഖാനെ ചുട്ടുകൊന്ന വീഡിയോ ഷെയര്‍ ചെയ്തു ആഹ്ലാദം പ്രകടിപ്പിച്ച് ഭീഷണി മുഴക്കുന്നതാണ് പ്രതീഷിന്റെ പുതിയ പോസ്റ്റ്. ലൗ ജിഹാദിന് ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും ഇതായിരിക്കും ഗതിയെന്ന കൊലപാതകിയുടെ വാക്കുകള്‍ ആവര്‍ത്തിച്ചാണ് പോസ്റ്റ് തുടങ്ങുന്നത്. ഭാരതത്തിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ലൗ ജിഹാദ് അവസാനിപ്പിക്കണമെന്നും മുസ്‌ലിം നേതാക്കള്‍ ഇതിന് മുന്‍കൈയെടുക്കണമെന്നും പോസ്റ്റിലൂണ്ട്. ലൗ ജിഹാദ് തുടര്‍ന്നാല്‍  ചുട്ടുകൊല്ലല്‍ ആവര്‍ത്തിക്കുമെന്ന് ഭീഷണി മുഴക്കുന്നുമുണ്ട്. അതേസമയം, ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ആഹ്ലാദം പങ്കുവച്ച് ലഡുവിതരണം സംഘടിപ്പിച്ചപ്പോഴും ബാബരിക്കു പുറമെ മഥുരയിലെയും കാശിയിലെയും പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന പ്രതീഷിന്റെ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ബാബരി മസ്ജിദ് അനുസ്മരണ പോസ്റ്റര്‍ ഒട്ടിച്ച മൂന്ന് പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു.  ബാബരി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറിന് ആഹ്ലാദം പങ്കുവച്ച് ലഡു വിതരണം ചെയ്ത പ്രതീഷിനും സംഘത്തിനുമെതിരേ ചെറുവിരലനക്കാന്‍ പോലും തയ്യാറായില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം വിജയ് ദിവസ് ആയി ആഘോഷിച്ചിരുന്നു. പ്രതീഷിനെയും ഹിന്ദു ഹെല്‍പ്‌ലൈന്‍ എന്ന സംഘടനയെയും ഉപയോഗിച്ചാണ് ആര്‍എസ്എസ് സംസ്ഥാന വ്യാപകമായി ലഡു വിതരണം നടത്തിയത്. ഇത് പലയിടങ്ങളിലും തര്‍ക്കങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത്തരം പരിപാടികളിലൂടെ വര്‍ഗീയമുതലെടുപ്പ് നടത്തി അക്രമങ്ങള്‍ സംഘടിപ്പിക്കാനുള്ള സംഘപരിവാര അജണ്ടയ്ക്കു നേരെയും പോലിസ് കണ്ണടയ്ക്കുകയാണ്. കേരളാ പോലിസിന്റെ സംഘപരിവാര പ്രീണനത്തിന് ഉദാഹരണമായി ഈ വിഷയം സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുമ്പോഴാണ് പുതിയ പോസ്റ്റുമായി പ്രതീഷ് രംഗത്തെത്തിയത്. മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരേ ഫേസ്ബുക്കിലൂടെ മതസ്പര്‍ധ പ്രചരിപ്പിച്ചെന്നാരോപിച്ച് കേസുകളും അറസ്റ്റുകളും തുടരുമ്പോഴും ഒറ്റനോട്ടത്തില്‍ മതസ്പര്‍ധയെന്ന് വ്യക്തമാവുന്ന പോസ്റ്റുകളും പരിപാടികളും പ്രചരിപ്പിക്കുന്ന പ്രതീഷിനും മറ്റ് സംഘപരിവാര പ്രവര്‍ത്തകര്‍ക്കുമെതിരേ നടപടികള്‍ സ്വീകരിക്കാന്‍ പോലിസ് താല്‍പര്യം കാണിക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഹിന്ദു ഹെല്‍പ്‌ലൈന്‍ എന്ന പേരില്‍ കേരളത്തില്‍ ഹിന്ദുത്വ തീവ്രവാദം പ്രചരിപ്പിക്കുന്ന പ്രതീഷ് വിശ്വനാഥ്,  ഇത്തരം പോസ്റ്റുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.  കേരളത്തില്‍ മതംമാറുന്ന ഹിന്ദു യുവതികളെ തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി പീഡന കേന്ദ്രത്തിലെത്തിക്കുന്നതിനു പുറകില്‍ പ്രവര്‍ത്തിക്കുന്നതും അഭിഭാഷകന്‍ കൂടിയായ പ്രതീഷാണ്. ന്യൂഡല്‍ഹിയിലെ കേരളാ ഹൗസില്‍ ബീഫ് വിളമ്പുന്നുവെന്ന് കേന്ദ്ര പോലിസില്‍ പരാതിപ്പെട്ട് വിവാദമുണ്ടാക്കിയതും ഇയാളായിരുന്നു.
Next Story

RELATED STORIES

Share it