World

ഫേസ്ബുക്കിനെതിരേ ലിംഗവിവേചന ആരോപണം

വാഷിങ്ടണ്‍: ലിംഗവിവേചനം നടത്തിയതായി ഫേസ്ബുക്കിനെതിരേ ഫേസ്ബുക്കിനെതിരേ ആരോപണം. സാമൂഹികമാധ്യമ ലോകത്തെ ഭീമനായ ഫേസ്ബുക്ക് തൊഴില്‍ സംബന്ധമായ പരസ്യങ്ങള്‍ തൊഴില്‍ അന്വേഷകരായ യുവതികളില്‍ നിന്നു മറച്ചുവയ്ക്കുന്നു എന്നാണ് ആക്ഷേപം.
ഒഹായോ, പെന്‍സില്‍വാനിയ, ഇല്ലിനോയ് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു സ്ത്രീകളാണ് പരാതി നല്‍കിയത്. പുരുഷന്മാരെ ലക്ഷ്യംവച്ചുള്ള തൊഴില്‍ പരസ്യങ്ങളല്ലാതെ മറ്റു തൊഴില്‍ പരസ്യങ്ങള്‍ ലഭ്യമല്ലെന്നാണ് ആക്ഷേപം. മെക്കാനിക്, സെക്യൂരിറ്റി എന്‍ജിനീയര്‍ തുടങ്ങിയ ഒഴിവുകളില്‍ 10ഓളം വ്യത്യസ്ത തൊഴില്‍ദാതാക്കളുടെ പരസ്യമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 25-35നും ഇടയില്‍ പ്രായമുള്ളവരെ ലക്ഷ്യംവച്ചാണ് പരസ്യം.
യുവതികളുടെ പരാതിയെ സാധൂകരിക്കുന്ന മാധ്യമ റിപോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഫേസ്ബുക്കില്‍ വന്ന 91 പരസ്യങ്ങളെ വിശകലനം ചെയ്തതില്‍ ഒരു പരസ്യം മാത്രമാണ് സ്ത്രീതൊഴില്‍ അന്വേഷകര്‍ക്കുള്ളത്. ബാക്കി മുഴുവന്‍ തൊഴില്‍ പരസ്യങ്ങളും യുവാക്കളെ മാത്രം ലക്ഷ്യംവച്ചാണ്. ഇത്തരം പരസ്യങ്ങള്‍ തൊഴിലില്‍ പ്രായം, ലിംഗവിവേചനം തടയുന്ന നിയമം ലംഘിക്കുന്നതായിട്ടാണ് ആരോപണം. യുവതികളുടെ പരാതിയില്‍ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയ(എസിഎല്‍യു)നും ഫേസ്ബുക്കിനെതിരേ നിയമനടപടിക്കൊരുങ്ങി. അതേസമയം, ഫേസ്ബുക്കില്‍ ലിംഗവിവേചനം നടന്നിട്ടില്ലെന്നു ഫേസ്ബുക്ക് അധികൃതര്‍ മറുപടിയുമായി രംഗത്തെത്തി. ലിംഗവിവേചനം തങ്ങളുടെ നയങ്ങള്‍ക്ക് എതിരാണ്. പരാതികള്‍ ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും വക്താവ് അറിയിച്ചു.

Next Story

RELATED STORIES

Share it