ഫുട്‌ബോളില്‍ ചരിത്രം രചിക്കാനൊരുങ്ങി അനസ്

ജോസ് മാളിയേക്കല്‍

കുന്നംകുളം: കാല്‍പ്പന്തുകളിയില്‍ കേച്ചേരിയുടെ പാരമ്പര്യം കാക്കാന്‍ അനസ്. ഇന്ത്യന്‍ താരമായിരുന്ന എ എസ് ഫിറോസിന്റെ പിന്‍ഗാമിയായാണ് അനസ് ഫുട്‌ബോളില്‍ ചരിത്രം രചിക്കാനൊരുങ്ങുന്നത്. സംസ്ഥാന സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലേക്കാണ് കേച്ചേരി ഊക്കയില്‍ അസീസ്-നസീമ ദമ്പതികളുടെ മകനായ അനസ് കളിച്ചുകയറിയത്.
കേച്ചേരി ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് അനസ് ഫുട്‌ബോളിനോട് ചങ്ങാത്തം കൂടുന്നത്. പിതൃസഹോദരനും മുന്‍ ഫുട്‌ബോള്‍ കളിക്കാരനുമായിരുന്ന റഫീഖാണ് അനസിനെ കാല്‍പ്പന്തുകളിയുടെ ലോകത്തേക്ക് കൈപിടിച്ച് ആനയിച്ചത്. കുട്ടിക്കാലം മുതല്‍ തന്നെ അല്‍അമീന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പന്തുതട്ടിത്തുടങ്ങിയ അനസ്, പ്രാദേശിക ടൂര്‍ണമെന്റുകളിലും ലീഗ് മല്‍സരങ്ങളിലും കളിച്ച് തന്റെ കളിമികവു വളര്‍ത്തിയെടുത്തു. വേഗവും മികച്ച പന്തടക്കവും ഗോളടിക്കാനുള്ള ത്വരയും കണ്ടറിഞ്ഞ റഫീഖ്, അനസിനെ ഏരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു.
ഈ വിദ്യാലയത്തിലെ കായികാധ്യാപകന്‍ സി എ ഹനീഫ മാസ്റ്ററുടെ പരിശീലനം ലഭിച്ചതോടെ അനസിലെ ഫുട്‌ബോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. അണ്ടര്‍ 19 സംസ്ഥാന സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് അനസിന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടാണ്. വടക്കാഞ്ചേരി വ്യാസ കോളജിലെ മുന്‍ ഫുട്‌ബോളര്‍ ഹാഷിം, എന്‍ജിനീയറിങ് വിദ്യാര്‍ഥി ഹസീബ് എന്നിവരാണ് സഹോദരങ്ങള്‍.
Next Story

RELATED STORIES

Share it