Flash News

ഫിഫ റാങ്കിങില്‍ ഇന്ത്യ 100ാം സ്ഥാനത്ത്



ന്യൂഡല്‍ഹി: കാല്‍പന്തിനെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷം. നീണ്ട 21 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ഫിഫ റാങ്കിങില്‍ 100ാം സ്ഥാനം നേടിയെടുക്കുമ്പോള്‍ കാല്‍പന്ത് പ്രേമികള്‍ക്ക് അഭിമാനിക്കുക തന്നെ ചെയ്യാം. ഫുട്‌ബോളിനെ നെഞ്ചോടു ചേര്‍ത്ത് ആരാധിക്കുന്ന ഒരു വലിയ ജനതയുടെ ആവേശത്തെ സുനില്‍ ഛേത്രിയും സംഘവും കാലുകളിലേക്ക് ആവാഹിച്ച് ഫുട്‌ബോള്‍ മൈതാനങ്ങളില്‍ തീര്‍ത്ത മാന്ത്രികതയാണ് ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്കെത്തിച്ചത്.കഴിഞ്ഞ ദിവസം ഫിഫ പുറത്തു വിട്ട പുതിയ റാങ്കിങ് പ്രകാരം 331 പോയിന്റുകള്‍ അക്കൗണ്ടിലുള്ള ഇന്ത്യ നിക്വരാഗ, ലിത്വാനിയ, എസ്‌റ്റോണിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് 100ാം സ്ഥാനം പങ്കിടുന്നത്. സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീം നിലവില്‍ മികച്ച ഫോമിലാണ്. കംബോഡിയക്കെതിരായ സൗഹൃദ മല്‍സരത്തിലും എഎഫ്‌സി കപ്പ് യോഗ്യതാ മല്‍സരത്തില്‍ മ്യാന്‍മറിനെതിരെ വിജയിച്ചതുമാണ് പോയിന്റ് പട്ടികയില്‍ മുന്നേറ്റത്തിന് ഇന്ത്യയെ സഹായിച്ചത്.  കംബോഡിയക്കെതിരേ 3-2നും മ്യാന്‍മറിനെതിരേ സുനില്‍ ഛേത്രിയുടെ ഗോളിന്റെ കരുത്തില്‍ 1-0നുമാണ് ഇന്ത്യ വിജയിച്ചത്. 1996 ഫെബ്രുവരിയില്‍ നേടിയ 94ാം സ്ഥാനമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്ക്. അന്താരാഷ്ട്ര തലത്തില്‍ നടന്ന മല്‍സരത്തില്‍ 4-1ന് പ്യൂട്ടോറിക്കയെ തകര്‍ത്തതും ഇന്ത്യയുടെ മുന്നേറ്റത്തിന് സഹായിച്ചു. ഇന്ത്യ കളിച്ച അവസാന 13 കളികളില്‍ 11 മല്‍സരത്തിലും ഇന്ത്യ വിജയം കൈവരിച്ചു. 12 മല്‍സരങ്ങളില്‍ നിന്ന് 31 ഗോളുകളും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ജൂണ്‍ ഏഴിന് നടക്കുന്ന സൗഹൃദ മല്‍സരത്തില്‍ ലെബനനെതിരേയാണ് അടുത്ത മല്‍സരം. ജൂണ്‍ 13ന് കിര്‍ഗിസ്ഥാനെതിരേ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലും ഇന്ത്യ മല്‍സരിക്കും.
Next Story

RELATED STORIES

Share it