Flash News

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്‌ : നിശ്ചിത സമയത്തു തന്നെ സ്‌റ്റേഡിയം നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കും- മന്ത്രി എ സി മൊയ്തീന്‍



കൊച്ചി: അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണ ജോലികള്‍ ഫിഫ നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്നും ഇതില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും മന്ത്രി എ സി മൊയ്തീന്‍. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെയും നവീകരണ ജോലികളുടെ പുരോഗതി വിലയിരുത്തിയതിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15നുള്ളില്‍ തീര്‍ക്കേണ്ട ജോലികള്‍ തീര്‍ക്കുക തന്നെ ചെയ്യും 30നുള്ളില്‍ തീര്‍ക്കേണ്ട ജോലികള്‍ ആ സമയത്തിനുള്ളിലും തീര്‍ക്കും. എല്ലാ ജോലികളും നല്ല പുരോഗതിയിലാണ് നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയത്തിലെ മുറികളുമായി ബന്ധപ്പെട്ട മറ്റു ചില അഡീഷനല്‍ ജോലികള്‍ കൂടി ഫിഫ ഇപ്പോള്‍ ഏല്‍പിച്ചിട്ടുണ്ട്. വൈകിയാണ് ഇത് അവര്‍ ഏല്‍പിച്ചതെങ്കിലും അതും സമയത്തിനുള്ളില്‍ തന്നെ തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ടൂര്‍ണമെന്റ് നോഡല്‍ ഓഫിസര്‍, കലക്ടര്‍, ജിസിഡിഎ ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും നിര്‍മാണ ജോലികളുടെ പുരോഗതി സംബന്ധിച്ച് വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി കൊച്ചി നഗരമാകെ സൗന്ദര്യവല്‍ക്കരിക്കണമെന്ന നിര്‍ദേശം വന്നിട്ടുണ്ട്. കലക്ടറോട് ഇത് സംബന്ധിച്ച  റിപോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കോര്‍പറേഷന്റെ പിന്തുണയും ഇതിന് അനിവാര്യമാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ കോര്‍പറേഷന്റ സഹകരണം ആവശ്യമാണ്. കോര്‍പറേഷന്‍ അധികൃതരുമായി വിഷയം ചര്‍ച്ച ചെയ്യും. ഇതിനായി യോഗം ചേരും. സുരക്ഷാ സംവിധാനം സംബന്ധിച്ച് പോലിസുമായി ചര്‍ച്ച ചെയ്യും. നവീകരണ ജോലികള്‍ നടന്നുവരുന്ന മഹാരാജാസ് കോളജ് മൈതാനത്ത് ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. അതിനുള്ള നിര്‍ദേശം നല്‍കി ക്കഴിഞ്ഞു. ഫിഫ നിര്‍ദേശിക്കുന്ന ദിവസം കേരളാ ഫുട്‌ബോള്‍ അസോസിയേഷന്റെ കൂടി സൗകര്യം കണക്കിലെടുത്ത് മല്‍സരത്തിന്റെ സംഘാടക സമിതി യോഗം ചേരും. ഈ മാസം 30ന് യോഗം ചേരാനാണ് ധാരണയില്‍ എത്തിയിരിക്കുന്നത്. നിലവില്‍ ലഭിച്ചിരിക്കുന്ന മല്‍സരം കൂടാതെ കൂടുതല്‍ മല്‍സരങ്ങള്‍ കൊച്ചിക്ക് ലഭിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുന്നോട്ടു വച്ചിരുന്നു. വിഷയത്തില്‍ ഇടപെട്ട് ഫിഫയുമായി സംസാരിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കാനുള്ള സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. കായികക്ഷമതാ മിഷനും ഓപറേഷന്‍ ഒളിംപ്യാ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ മാതൃകാ പദ്ധതികള്‍ കേന്ദ്രമന്ത്രിക്കുമുന്നില്‍ സമര്‍പ്പിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരം പദ്ധതി സമര്‍പ്പിക്കുന്നത്. ഇതിനോട് അനുകൂലമായ സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്. രാജ്യവ്യാപകമായ രീതിയില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് അദ്ദേഹം കൂടിക്കാഴ്ചയില്‍ തങ്ങളോട് പറഞ്ഞത്. സ്ഥലം നല്‍കിയാല്‍ സ്‌പോര്‍ട്‌സ് യൂനിവേഴ്‌സിറ്റി അനുവദിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ടൂര്‍ണമെന്റ് നോഡല്‍ ഓഫിസര്‍ എ പി മുഹമ്മദ് ഹനീഷ്, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, ജില്ലാ കലക്ടര്‍  മുഹമ്മദ് വൈ സഫിറുള്ള, കെഎഫ്എ പ്രസിഡന്റ് കെ എം ഐ മേത്തര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it