Flash News

ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌ : കൊച്ചി സ്റ്റേഡിയത്തിലെ പ്രതലം മികച്ചതെന്ന് ഫിഫ



കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് നടക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ പ്രതലത്തിന്റെ നിലവാരത്തില്‍ ഫിഫയ്ക്ക് പൂര്‍ണ തൃപ്തി. എന്നാല്‍ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാത്തതിന്റെ ആശങ്ക ഫിഫ പ്രതിനിധികള്‍ പങ്കുവച്ചു. ഫിഫ കണ്‍സള്‍ട്ടന്റ് ഡീന്‍ ഗില്ലസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയവും നാലു പരിശീലന മൈതാനങ്ങളും പരിശോധിച്ചത്. പുല്‍പ്രതലങ്ങളുടെ കാര്യത്തില്‍ സംഘം തൃപ്തി പ്രകടിപ്പിച്ചു. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം മല്‍സരങ്ങള്‍ക്ക് യോഗ്യമാണെന്ന് ഇവര്‍ ഫിഫയ്ക്ക് റിപോര്‍ട്ട് നല്‍കിയെങ്കില്‍ മാത്രമേ ഇവിടെ കളികള്‍ നടക്കൂ. ഗ്രൗണ്ടിലെ പുല്‍പ്രതലങ്ങളാണ് പ്രധാനമായും ഇവര്‍ പരിശോധിച്ചത്. പുല്ല് വച്ചുപിടിപ്പിച്ച പരിശീലന മൈതാനങ്ങളില്‍ അടുത്തഘട്ടത്തില്‍ എന്താണു ചെയ്യേണ്ടതെന്ന് ഇവര്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി. ലോകകപ്പ് മല്‍സരങ്ങള്‍ക്കു കൊച്ചിയിലെ പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയവും പരിശീലന മൈതാനങ്ങളും സജ്ജമാണെന്നു സംഘം ഫിഫയ്ക്ക് റിപോര്‍ട്ട് നല്‍കുമെന്നാണു വിവരം. എന്നാല്‍ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളുടെയും കളിക്കാരുടെ ഡ്രസിങ് റൂമുകളുടെയും ജോലി പൂര്‍ത്തിയാവാത്തതില്‍ സംഘം ആശങ്കപ്രകടിപ്പിച്ചതായാണു വിവരം. കഴിഞ്ഞദിവസം കേന്ദ്ര കായികമന്ത്രി വിജയ് ഗോയലും കൊച്ചിയിലെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പുല്ല് വച്ചുപിടിപ്പിക്കല്‍ ജോലികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. പരിശീലന മൈതാനങ്ങളില്‍ മഹാരാജാസ് കോളജ് സ്‌റ്റേഡിയത്തിലും മാത്രമാണ് പുല്ല് കിളിര്‍ത്തുതുടങ്ങിയത്. പനമ്പിള്ളിനഗര്‍ മൈതാനത്ത് നാലുദിവസം മുമ്പാണ് പുല്ല് വച്ചുപിടിപ്പിക്കാ ല്‍ പൂര്‍ത്തിയായത്. ഫോര്‍ട്ട്‌കൊച്ചി, വെളി, പരേഡ് മൈതാനങ്ങളില്‍ കഴിഞ്ഞദിവസങ്ങളിലാണ് ജോലികള്‍ പൂര്‍ത്തിയായത്. സ്‌റ്റേഡിയങ്ങളിലെ പ്രതലങ്ങളുടെ കാര്യത്തില്‍ പരിശോധനാസംഘത്തിന് സംശയമൊന്നുമില്ലെന്നും ഇവര്‍ ഫിഫയ്ക്ക് ഉടന്‍ റിപോര്‍ട്ട് നല്‍കുമെന്നും നോഡല്‍ ഓഫിസര്‍ പി എ എം മുഹമ്മദ് ഹനീഷ് പിന്നീട് അറിയിച്ചു.
Next Story

RELATED STORIES

Share it