Flash News

ഫാഷിസത്തെ ചെറുക്കേണ്ടത് കൂട്ടായ്മയിലൂടെ: ഗോപാല്‍ മേനോന്‍

മലപ്പുറം: രാജ്യത്ത് ശക്തിപ്രാപിച്ചുവരുന്ന ഫാഷിസത്തെ മഴവില്‍ക്കൂട്ടായ്മയിലൂടെയാണു ചെറുത്തുതോല്‍പിക്കേണ്ടതെന്ന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍. മലപ്പുറത്ത് മനുഷ്യാവകാശ ഏകോപനസമിതി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസത്തെ എതിര്‍ക്കുന്ന എല്ലാവരും അതിനെ പരാജയപ്പെടുത്താന്‍ ഒന്നിക്കണം. എങ്കില്‍ മാത്രമേ അതിനു സാധിക്കുകയുള്ളൂ. ഗുജറാത്തില്‍ നിരന്തരം സംഘടിതമായ വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിയ മുഖ്യമന്ത്രിയാണ് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി. അഡ്വാനിയെയും മുഖ്യമന്ത്രിയെയും വകവരുത്താനെത്തിയവരെന്ന പേരില്‍ ന്യൂനപക്ഷ ജനവിഭാഗത്തെ നിരന്തരം വെടിവച്ചുകൊല്ലുകയായിരുന്നു അവിടത്തെ പോലിസുകാര്‍. വികസനം പറഞ്ഞ് രണ്ടുപതിറ്റാണ്ട് വോട്ട് പിടിച്ച ഗുജറാത്തില്‍ ഇപ്പോള്‍ വര്‍ഗീയത പറഞ്ഞ് ജനങ്ങളെ ഒപ്പം നിര്‍ത്താനാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ശ്രമം. സത്യസന്ധരായ പോലിസ് ഉദ്യോഗസ്ഥരാണ് ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ പുറംലോകത്തെ അറിയിച്ചത്. ഇടതുപക്ഷം ഭരിക്കുന്ന കേരളവും മോദിയുടെ ഗുജറാത്തിനു പഠിക്കുന്നുവെന്നതാണു സത്യം. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോഴാണ് ചോക്കാട് മുജീബ് റഹ്്മാനും ഖമറുന്നീസ ബീവിയും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പോലിസുകാര്‍ അവരെ പിടിച്ചുകൊണ്ടുപോയി കാട്ടില്‍ വച്ച് വെടിവച്ചുകൊല്ലുകയായിരുന്നു. അതിനെതിരേ ഒരു പ്രതിഷേധവും ഉയര്‍ന്നില്ല. 2016ല്‍ മാവോവാദികളെന്നു മുദ്രകുത്തി കുപ്പു ദേവരാജിനെയും അജിതയെയും പോലിസ് വെടിവച്ചുകൊന്നു. അതും വ്യാജ ഏറ്റുമുട്ടല്‍ തന്നെയായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. വരുംകാലങ്ങളില്‍ ഈ രണ്ട് വ്യാജ ഏറ്റുമുട്ടലുകളിലും പങ്കെടുത്ത പോലിസുകാര്‍ തന്നെ എല്ലാ സത്യങ്ങളും വിളിച്ചുപറയുമെന്നു തീര്‍ച്ചയാണ്. ഗാന്ധി മുതല്‍ ഗൗരി ലങ്കേഷ് വരെ ഫാഷിസ്റ്റുകളുടെ വെടിയുണ്ടകള്‍ക്ക് ഇരയായി. മുഹമ്മദ് അഖ്‌ലാഖ് മുതല്‍ മുഹമ്മദ് അഫ്‌സറിനെ വരെ അവര്‍ കൊല്ലാക്കൊല ചെയ്തു. ജുഡീഷ്യറിപോലും ഹൈന്ദവ ഫാഷിസ്റ്റ്്‌വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍, മുംബൈ ആക്രമണം, പാര്‍ലമെന്റ് ആക്രമണം എല്ലാം വ്യാജ ഏറ്റുമുട്ടലുകളായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഗോപാല്‍ മേനോന്‍ നിര്‍മിച്ച ചോക്കാട് ഇരട്ടക്കൊലപാതകത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ട്രാന്‍സ്‌ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്കു നല്‍കി എ വാസു പ്രകാശനം ചെയ്തു. കെ പി ഒ റഹ്്മത്തുല്ല, പി നൂറുല്‍ അമീല്‍, സജ്ജാദ് വാണിയമ്പലം സംസാരിച്ചു.
Next Story

RELATED STORIES

Share it