kozhikode local

ഫാറൂഖ് കോളജിനെ പുകഴ്ത്തി ഉപരാഷ്ട്രപതി

കോഴിക്കോട്: ഫാറൂഖ് കോളജിനെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഫാറൂഖ് റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ഫാറുഖ് കോളജിനെക്കുറിച്ച് വാചാലനായത്. ഉന്നത നിലവാരത്തില്‍ മൂല്യാധിഷ്ടിതമായി പ്രവര്‍ത്തിച്ചുവരുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം 75 വര്‍ഷത്തോളമായി സുഗമമായി മുന്നോട്ടുപോവുന്നു എന്നത് ഒരു ചെറിയകാര്യമല്ലെന്നു പറഞ്ഞ അദ്ദേഹം കോളജിന് തുടക്കം കുറിച്ച അബൂസബാഹ് മൗലവിയെ തന്റെ പ്രസംഗത്തില്‍ അനുസ്മരിക്കുകയും ചെയ്തു. കോളജില്‍ പഠിക്കുന്ന10000 കുട്ടികളില്‍ 6000 പേര്‍ പെണ്‍കുട്ടികളാണെന്നത് വലിയകാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥാപനത്തിന്റെ മാനേജ്‌മെന്റിനേയും അധ്യാപകരേയും വിദ്യാര്‍ഥികളെയും അഭിനന്ദിക്കാനും അദ്ദേഹം അവസരം ഉപയോഗപ്പെടുത്തി.
മറ്റു സ്ഥലങ്ങളില്‍ നിന്നും വിദ്യതേടി നമ്മുടെ രാജ്യത്ത് വിദ്യാര്‍ഥികള്‍ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. നളന്ദയും തക്ഷശിലയുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. എന്നാല്‍, വിദേശ അധിനേവശത്തോടെ  നാം ഒരുപാട് പിന്നിലായി. മുന്നോട്ട് പോവാനുള്ള നമ്മുടെ ശ്രമത്തില്‍ സര്‍ക്കാരിന് മാത്രമായി ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. രാജ്യത്തിന്റെ പുരോഗതിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പങ്കുവഹിക്കാനാവുമെന്നതിന് ഉദാഹരണമാണ് ഫാറൂഖ് കോളജെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതങ്ങളും അറിവിന്റെ മൂല്യത്തെ ഊന്നിപറഞ്ഞിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങുന്നത് തന്നെ ഇഖ്‌റഅ് എന്ന് പറഞ്ഞാണ്. വിജ്ഞാനം വര്‍ധിപ്പിക്കണമെന്നാണ് ഒരു പ്രാര്‍ഥന. വിജ്ഞാനത്തെക്കാള്‍ വിശുദ്ധമായി മറ്റൊന്നുമില്ലെന്ന് ഭഗവത് ഗീതയും പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സംസാരിച്ച തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ അറബി ഭാഷയില്‍ നിന്ന് മലയാളം കടംകൊണ്ട വാക്കുകള്‍ എടുത്തുപറഞ്ഞപ്പോള്‍ പ്രസംഗത്തില്‍ ഇടപെട്ട ഉപരാഷ്ട്രപതി ഈ വാക്കുകളെല്ലാം തെലുങ്കിലും ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. പിന്നീട് പ്രസംഗത്തില്‍ അക്കാര്യങ്ങള്‍ എടുത്തുപറയാനും അദ്ദേഹം മറന്നില്ല.പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീര്‍ എം കെ രാഘവന്‍ എംപിക്കും ഡോക്യുമെന്റെറി വികെസി മമ്മദ് കോയ എംഎല്‍എക്കും നല്‍കി ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു.
Next Story

RELATED STORIES

Share it