Flash News

ഫസല്‍ വധക്കേസിലെ വെളിപ്പെടുത്തല്‍: സിപിഎം ഊരാക്കുടുക്കില്‍

കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് ദിനപത്രം ഏജന്റുമായിരുന്ന പി കെ മുഹമ്മദ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തല്‍ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുന്നു. കേസ് അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിലെ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന ഡിസിആര്‍ബി (ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ) മുന്‍ ഡിവൈഎസ്പി കെ രാധാകൃഷ്ണനാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
കേസിലെ യഥാര്‍ഥ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നു മനസ്സിലാവുകയും അന്വേഷണം സിപിഎമ്മിലേക്കു നീളുകയും ചെയ്തപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയിലെത്തി അന്വേഷണം നിര്‍ത്താന്‍ നിര്‍ദേശിച്ചെന്നാണ് മുന്‍ ഡിവൈഎസ്പി തുറന്നുപറഞ്ഞത്. കേസിന്റെ തുടക്കം മുതല്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിരന്തരം മാറ്റിയതിനു പിന്നില്‍ ഭരണ-രാഷ്ട്രീയ രംഗത്തുള്ള ഉന്നതരുടെ ഇടപെടല്‍ നടന്നിരുന്നുവെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
ഫസല്‍ കൊല്ലപ്പെട്ട ദിവസവും ആദ്യ അറസ്റ്റ് നടന്നപ്പോഴും കേസിലെ ഓരോ ഘട്ടത്തിലും കോടിയേരി തലശ്ശേരിയിലെത്തിയിരുന്നതായി സിബിഐ സംഘവും കണ്ടെത്തിയിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ കോടിയേരിയുടെ ഇടപെടല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയതോടെ സിപിഎം കൂടുതല്‍ സമ്മര്‍ദത്തിലാവുകയാണ്. സിപിഎം ജില്ലാ കമ്മിറ്റിയംഗം കാരായി രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസ് സിബിഐ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.
2006 ഒക്‌ടോബര്‍ 22 പുലര്‍ച്ചെ 4നു ചെറിയ പെരുന്നാള്‍ തലേന്നാണ് മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. ആദ്യഘട്ടത്തില്‍ ആര്‍എസ്എസിലേക്കു സംശയമുന നീണ്ടതിനാല്‍ അന്വേഷണവും ഇതേ ഗതിയിലായിരുന്നു. ഫസലിന്റെ മൃതദേഹം സൂക്ഷിച്ച തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിയ സിപിഎം നേതാക്കളും കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു പറഞ്ഞിരുന്നു. എന്നാല്‍, അന്വേഷണം ഊര്‍ജിതമായതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. തലശ്ശേരി സിഐയായിരുന്ന പി സുകുമാരനില്‍ നിന്നാണ് ഡിസിആര്‍ബി ഡിവൈഎസ്പിയായ കെ രാധാകൃഷ്ണനെ കേസ് ഏല്‍പ്പിച്ചത്. ദിവസങ്ങള്‍ക്കകം മൂന്നു സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. അപകടം മണത്ത പാര്‍ട്ടി നേതൃത്വം കോടിയേരി ബാലകൃഷ്ണനെ തന്നെ തലശ്ശേരിയിലെത്തിച്ച് തടയിടുകയായിരുന്നു. പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ ഭാര്യ മറിയു ഹൈക്കോടതിയെ സമീപിച്ചു. കോടതിയെ കബളിപ്പിക്കാന്‍ എസ്പി മോഹന്‍ദാസിനു കീഴിലുള്ള പ്രത്യേകസംഘത്തിന് കേസ് കൈമാറി. ഇതിനിടെയാണ്, ഫസലിന്റെ കൊലയാളികള്‍ സിപിഎമ്മുകാരാണെന്നു വ്യക്തമായത്. ഇതാണ് അന്വേഷണഗതി മാറ്റിയ ഡിവൈഎസ്പി കെ രാധാകൃഷ്ണനു നേരെ ആക്രമണത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
കൊടി സുനി ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ കോടിയേരിയുടെ സാന്നിധ്യത്തില്‍ നടന്ന സമവായത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തതെന്ന് അന്നുതന്നെ അഭ്യൂഹമുണ്ടായിരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് കോടിയേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നെങ്കിലും അന്നൊന്നും പാര്‍ട്ടി സ്വന്തം ഭരണത്തിലുള്ള പോലിസിനെ തള്ളിപ്പറഞ്ഞിരുന്നില്ല. കൊടി സുനിയെ പോലുള്ള സ്ഥിരം ക്രിമിനലുകളില്‍ കേസ് ഒതുങ്ങുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഫസല്‍ കേസ് സിബിഐ ഏറ്റെടുത്തതോടെ സിപിഎമ്മിന്റെ കണ്ണൂരിലെ ഉന്നത നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉള്‍പ്പെടെ അറസ്റ്റിലാവുകയും മുന്‍ ജില്ലാ സെക്രട്ടറി പി ശശിയെ ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് പ്രത്യക്ഷ സമരവുമായി സിപിഎം രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it