World

ഫലസ്തീന്‍: വിട്ടുവീഴ്ച ചെയ്യില്ലെന്നു സല്‍മാന്‍ രാജാവ്‌

റിയാദ്: കിഴക്കന്‍ ജറുസലേമിന്റെ പദവിയും അഭയാര്‍ഥികളാക്കപ്പെട്ട ഫലസ്തീനികളുടെ മടക്കവും പരിഗണിക്കാത്ത ഒരു പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയും അംഗീകരിക്കില്ലെന്നു സൗദി അറേബ്യന്‍ രാജാവ് സല്‍മാന്‍. ഇതു സംബന്ധിച്ച് സൗദി അറബ് സഖ്യങ്ങളുമായി ചര്‍ച്ച നടത്തി. സല്‍മാന്‍ രാജാവിന്റെ മകനും സൗദി കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ സ്വീകരിച്ച ചില നിലപാടുകള്‍ സഖ്യരാജ്യങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയ സാഹചര്യത്തിലാണു സൗദി നിലപാടു വ്യക്തമാക്കിയത്.
വിഷയത്തില്‍ സല്‍മാന്‍ രാജാവാണ് തീരുമാനം എടുക്കുന്നതെന്നും കിരീടാവകാശിയല്ലെന്നും റിയാദിലെ അറബ് നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. അറബ് രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണു യുഎസ് കരുതുന്നത്. എന്നാല്‍ ഫലസ്തീനിന്റെയും ജറുസലേമിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഒരു അറബ് നേതാവിനും കഴിയില്ലെന്നും നയതന്ത്ര പ്രതിനിധി വ്യക്തമാക്കി.തീരുമാനത്തില്‍ നിന്നു പിന്‍മാറില്ലെന്നു സൗദി രാജാവ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് ഉറപ്പുനല്‍കിയെന്നും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഇറാനെതിരായ നീക്കം നടത്തുന്ന സൗദിക്ക് മറ്റ് അറബ്‌രാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കാനാണ്് ഫലസ്തീന് അനുകൂല നിലപാട് ഉറപ്പുനല്‍കുന്നതെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it