Flash News

ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ നരനായാട്ട് 53 മരണം

ജറുസലേം: ഗസാ അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുകയായിരുന്ന ഫലസ്തീന്‍കാര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. 2410 പേര്‍ക്കു പരിക്കേറ്റു. ഇസ്രായേല്‍ അതിര്‍ത്തിവേലിക്കു സമീപം നിരവധി ഇടങ്ങളിലായി ഒത്തുകൂടിയ ഫലസ്തീന്‍കാര്‍ക്കു നേരെ സൈന്യം വെടിവയ്ക്കുകയായിരുന്നു. ഒപ്പം കണ്ണീര്‍വാതകവും പെട്രോള്‍ബോംബും പ്രയോഗിച്ചു. 1948ല്‍ ഇസ്രായേല്‍ ബലംപ്രയോഗിച്ചു പുറത്താക്കിയ പ്രദേശങ്ങളിലേക്ക് ഫലസ്തീന്‍ അഭയാര്‍ഥികളെ മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളായി തുടരുന്ന പ്രക്ഷോഭമാണ് ഇന്നലെ രക്തക്കളമായി മാറിയത്.
ജറുസലേമില്‍ അമേരിക്കന്‍ എംബസി തുറന്നതിലുള്ള പ്രതിഷേധം കൂടി കത്തിപ്പടരുന്നതിനിടെയായിരുന്നു ഇസ്രായേലി സൈന്യത്തിന്റെ ക്രൂരമായ ആക്രമണം. ഇതോടെ മാര്‍ച്ച് 30ന് പ്രക്ഷോഭം ആരംഭിച്ചതു മുതല്‍ ഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയവരുടെ എണ്ണം 100 ആയി. 10,500ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ നടന്ന ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 14 വയസ്സുകാരനും വീല്‍ചെയറില്‍ സഞ്ചരിക്കുകയായിരുന്ന ഭിന്നശേഷിക്കാരനും ഇസ്രായേല്‍ ക്രൂരതയ്ക്കിരയായി. പരിക്കേറ്റവരില്‍ 39 പേരുടെ നില ഗുരുതരമാണ്.
'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍' എന്ന പേരില്‍ കഴിഞ്ഞ ആറാഴ്ചയായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ ഇസ്രായേല്‍ അതിര്‍ത്തിവേലിയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയാണു സൈന്യം വെടിയുതിര്‍ത്തത്. 1948 മെയ് 15ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്നു പുറത്താക്കപ്പെട്ടതിന്റെ ഓര്‍മ പുതുക്കുന്ന നഖ്ബ ദിനത്തിന്റെ തലേന്നാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധ മാര്‍ച്ചില്‍ 35,000ഓളം പേര്‍ അണിനിരന്നു.  ഇസ്രായേലിന്റെ മുഷ്‌ക്കിന് മുന്നില്‍ കീഴടങ്ങില്ലെന്നും 10 ലക്ഷം പേരെ അണിനിരത്തി ഇസ്രായേലി അതിര്‍ത്തിവേലി കടക്കുമെന്നും ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ സംഘാടകര്‍ പ്രഖ്യാപിച്ചു. 70 വര്‍ഷത്തെ അഭയാര്‍ഥിത്വത്തിനും കഷ്ടപ്പാടുകള്‍ക്കും ശേഷവും ചെറുത്തുനില്‍പ്പില്‍ നിന്ന് പിന്മാറാന്‍, പൊരുതുന്ന ഫലസ്തീന്‍ ജനത തയ്യാറല്ലെന്ന ശക്തമായ സന്ദേശം ഇസ്രായേലിന് നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ വക്താവ് അഹ്മദ് അബൂ അര്‍തിമ പറഞ്ഞു.  അതേസമയം, ജോര്‍ദാനും ഈജിപ്തും സംഭവത്തില്‍ പ്രതിഷേധിച്ചു. നിരായുധരായ ഫലസ്തീന്‍കാര്‍ക്കു നേരെ സൈന്യം അമിതശക്തി പ്രയോഗിച്ചത് അങ്ങേയറ്റം അപലപനീയമാണെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി.
ഇന്നലെ പ്രാദേശികസമയം വൈകീട്ട് 4 മണിക്കാണ് യുഎസ് ജറുസലേമിലെ എംബസി തുറന്നത്. ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂത മതവിശ്വാസികളുടെ വിശുദ്ധനഗരമാണ് ജറുസലേം. ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ക്കു തുടക്കമായാണ് എംബസി തുറക്കലിനെ കണക്കാക്കുന്നത്.
Next Story

RELATED STORIES

Share it