thiruvananthapuram local

ഫഌറ്റുകള്‍ മാനദണ്ഡം പാലിച്ച് ലഭ്യമാക്കും: മന്ത്രി

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികള്‍ക്കു വേണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുട്ടത്തറയിലെ ഫഌറ്റുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് യഥാര്‍ത്ഥ മല്‍സ്യത്തൊഴിലാളികള്‍ക്കു തന്നെ ലഭ്യമാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.
ഫഌറ്റ് വിതരണവും മറ്റ് അനുബന്ധ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുട്ടത്തറയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഫഌറ്റുകള്‍ വലിയതുറ, ചെറിയതുറ, വലിയതോപ്പ്, കൊച്ചുതോപ്പ് മത്സ്യഗ്രാമങ്ങളില്‍പ്പെട്ട കടലില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസിച്ചുവരുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയാണ് നിര്‍മിച്ചിട്ടുള്ളത്.  വലിയതുറ ഫിഷറീസ് സ്‌കൂളില്‍ വര്‍ഷങ്ങളായി മാറ്റിപാര്‍പ്പിച്ചിട്ടുള്ള അര്‍ഹരായ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെയും ഫഌറ്റിനായി പരിഗണിക്കും.  ഫഌറ്റ് നിര്‍മാണത്തിനു മുമ്പ് തന്നെ ഗുണഭോക്താക്കള്‍ ഏത് മല്‍സ്യഗ്രാമങ്ങളില്‍ നിന്നായിരിക്കണമെന്ന് നിശ്ചയിച്ചിരുന്നു.  അതിന്‍ പ്രകാരം തന്നെ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  മാനദണ്ഡങ്ങളില മാറ്റം വരുത്തി അനര്‍ഹരായവര്‍ക്ക് ഫഌറ്റ് നല്‍കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിനുള്ള കരട് ലിസ്റ്റ് ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ന് വരെ ഇക്കാര്യത്തില്‍ ആര്‍ക്കുവേണമെങ്കിലും പരാതി നല്‍കാം. 15ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. പരാതികളെല്ലാം തന്നെ കൃത്യമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മുട്ടത്തറയില്‍ സര്‍ക്കാര്‍ നിര്‍മിച്ച മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ഫഌറ്റിന്റെ വിതരണത്തില്‍ അഴിമതിയും തരംതിരിവുമെന്ന് ആരോപണമുയരുന്നിരുന്നു.  ഇടം നേടിയവരില്‍ ഭൂരിഭാഗവും സ്വന്തമായി വീടുള്ളവരാണെന്നാണ് ആരോപണമുയരുന്നത്. 192 പേര്‍ക്കാണ് ഫഌറ്റില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കുന്നത്. എന്നാല്‍ 114 പേരെയാണ് കരട് ലിസ്റ്റിലുള്‍പ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ളവരെ രേഖകളില്ലാത്തതിന്റെ പേരില്‍ ഒഴിവാക്കി.  2007ലും 2008ലും കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് അംഗന്‍വാടിയിലും സ്‌കൂളിലും താമസിക്കുന്നവരില്‍ 74 പേര്‍ക്കാണ് ഫഌറ്റ് ലഭിക്കാത്തത്. ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെടേണ്ട ഇവരെ തഴഞ്ഞതില്‍ പ്രദേശത്ത് വന്‍ പ്രതിഷേധമുണ്ട്. വലിയതുറ, കൊച്ചുതോപ്പ്, ബീമാപള്ളി മേഖലയിലുള്ളവരാണ് അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഇടം നേടാതിരുന്നത്. ഇവര്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ബീമാപള്ളിയിലെ ഭവനരഹിതരായ മത്സ്യ തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കി ജനങ്ങളെ വര്‍ഗ്ഗീയമായി തരം തിരിച്ചുള്ള നടപടിയ്‌ക്കെതിരെ സമര പരിപാടികളുമായി എസ്ഡിപിഐ രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it