പ്ലാസ്റ്റിക് മാലിന്യം: 66 ലക്ഷം രൂപ പിഴ ഈടാക്കിയെന്ന് പരിസ്ഥിതി വകുപ്പ്

കൊച്ചി: പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന ചട്ടം ലംഘിച്ചതിന് സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി പഞ്ചായത്തുകള്‍ 16 ലക്ഷം രൂപയും നഗരകാര്യ വകുപ്പ് 50 ലക്ഷം രൂപയും പിഴ ഈടാക്കിയതായി പരിസ്ഥിതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളാ നദീ സംരക്ഷണ കൗണ്‍സില്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജികള്‍ക്കുള്ള മറുപടിയാണ് ഈ വിശദീകരണം നല്‍കിയിരിക്കുന്നത്. 2016ലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന ചട്ടങ്ങള്‍ പ്രകാരം കര്‍ശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നു പരിസ്ഥിതി വകുപ്പ് അഡീഷനല്‍ സെക്രട്ടറി വി വല്‍സ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, നഗരകാര്യ വകുപ്പ്, പഞ്ചായത്ത് ഡയറക്ടറേറ്റ് എന്നിവ വഴിയാണ് പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്ലാസ്റ്റിക് ഉല്‍പാദന കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമയാസമയങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. ചട്ടങ്ങള്‍ നഗ്നമായി ലംഘിച്ചുള്ള പ്ലാസ്റ്റിക് നി ര്‍മാണം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ചട്ടലംഘനം നടത്തിയവര്‍ക്കെതിരേയെല്ലാം നിയമനടപടിക ള്‍ സ്വീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല നിരീക്ഷണ സമിതി രൂപീകരിച്ചുകഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും ഇല്ലാതാക്കാനും വേണ്ട സംവിധാനങ്ങള്‍ പല തദ്ദേശ സ്ഥാപനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റീസ് (എംസിഎഫ്) കേന്ദ്രങ്ങളിലേക്ക് അയക്കും.
പുനചംക്രമണം നടത്താനും പുനരുപയോഗിക്കാനും കഴിയുന്ന തരം മാലിന്യങ്ങള്‍ റിസോഴ്‌സ് റിക്കവറി സെന്ററുകളിലേക്ക് അയക്കുകയാണ് ചെയ്യുക. ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളും ഇത്തരം ഓരോ യൂനിറ്റും കോര്‍പറേഷനുകളില്‍ ഒന്നിലധികവും സ്ഥാപിക്കാന്‍ ശുപാര്‍ശയുണ്ട്. ഇതുവരെ 85 യൂനിറ്റുകള്‍ സ്ഥാപിച്ചതായി സത്യവാങ്മൂലം പറയുന്നു. 82 എണ്ണം നിര്‍മാണത്തിലുണ്ട്. 52 എണ്ണം പ്രവര്‍ത്തിക്കുന്നു. 111 പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂനിറ്റുകള്‍ സ്ഥാപിച്ചതായും ഇതുവഴി 245 ടണ്‍ ഷ്രെഡ്ഡഡ് പ്ലാസ്റ്റിക് റോഡ് നിര്‍മാണത്തിനു നല്‍കിയതായും സത്യവാങ്മൂലം പറയുന്നു.
Next Story

RELATED STORIES

Share it