പ്രീത ഷാജിയെയും കുടുംബത്തെയും കുടിയൊഴിപ്പിക്കല്‍: പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത മൂന്നുപേര്‍ അറസ്റ്റില്‍

കളമശ്ശേരി: വായ്പാ കുടിശ്ശികയെ തുടര്‍ന്ന് മാനാത്തുപാടം പ്രീത ഷാജിയെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാന്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പോലിസ് നടത്തിയ നീക്കത്തിനെതിരേ നടത്തിയ പ്രതിഷേധസമരത്തിന് നേതൃത്വം നല്‍ കി യ  മൂന്നുപേരെ കളമശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു.
സര്‍ഫാസി വിരുദ്ധ ജനകീയപ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ വി സി ജെന്നി (52), ബ്ലേഡ് ബാങ്ക് ജപ്തിവിരുദ്ധ സമിതി പ്രസിഡന്റ് പി ജെ മാനുവല്‍ (59), മാനാത്തുപാടം പാര്‍പ്പിട സംരക്ഷണസമിതി ചെയര്‍മാന്‍ ഷൈജു കണ്ണന്‍ (44) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ വീടുകളില്‍ നിന്ന് കളമശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ഷൈജു കണ്ണനെതിരേ കേെസടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പി ജെ മാനുവല്‍, വി സി ജെന്നി (52) എന്നിവരെ കളമശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവവുമായ ബന്ധപ്പെട്ട് ഇടുക്കി മുട്ടം സ്വദേശി പ്രകാശ് (60), മൂവാറ്റുപുഴ സ്വദേശി ബിജീഷ് (47), ആലപ്പുഴ നെടുമുടി സ്വദേശി ജയകുമാര്‍ (40) എന്നിവരെ നേരത്തേ പോലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിഷേധസമരവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേ കളമശ്ശേരി പോലിസ് ജാമ്യമില്ല വകുപ്പുപ്രകാരം കേസ് എടുത്തിട്ടുണ്ട്.
സുഹൃത്തിന്റെ വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരില്‍ ഷാജിയുടെ പേരിലുള്ള കിടപ്പാടം ജപ്തി ചെയ്തതിനെതിരേ മാനാത്തുപാടം പ്രീത ഷാജി വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധമാണു നടത്തിയത്. 1993ല്‍ ആണ് ബാങ്കില്‍ നിന്നു പ്രീത ഷാജിയുടെ വീടിരിക്കുന്ന സ്ഥലം ഈടുനല്‍കി രണ്ടുലക്ഷം രൂപ സുഹൃത്ത് വായ്പയെടുത്തത്. വായ്പ മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് പല തവണ നേട്ടീസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 1997ല്‍ ഒരുലക്ഷം രൂപ ബാങ്കില്‍ തിരിച്ചടച്ചു. എന്നാല്‍, വീണ്ടും തിരിച്ചടവു മുടങ്ങിയപ്പോള്‍ ബാങ്ക് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന് കേസ് കൈമാറി. 2015ല്‍ 18.5 സെന്റ് സ്ഥലം ലേലം വഴി 38 ലക്ഷം രൂപയ്ക്ക് വിറ്റു. ലേലത്തില്‍ പിടിച്ച വ്യക്തി ഭൂമി സ്വന്തം പേരിലാക്കുകയും ചെയ്തു. ഡിആര്‍ടി വിധിക്കെതിരേ അപ്പീല്‍ പോവാന്‍ ഷാജിയുടെ കുടുംബത്തിനു സാമ്പത്തികസ്ഥിതിയുണ്ടായിരുന്നില്ല. ഇതിനിടയില്‍ സ്ഥലം ലേലം ചെയ്തയാള്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി കഴിഞ്ഞ ജൂലൈ 9ന്് പോലിസിന്റെ സഹായത്തോടെ പ്രീത ഷാജിയെയും കുടുംബത്തെയും കുടിയൊഴിപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പോലിസ് സന്നാഹത്തോടെ കുടിയൊഴിപ്പിക്കാന്‍ എത്തിയെങ്കിലും ശക്തമായ പ്രതിഷേധവും ജനരോഷവും ആത്മഹത്യാഭീഷണി മുഴക്കി പ്രതിരോധവും തീര്‍ത്താണ് സമരക്കാര്‍ പോലിസിന്റെ നീക്കത്തെ നേരിട്ടത്. സമരക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നീക്കം ഉപേക്ഷിച്ച് പോലിസ് പിന്‍മാറുകയായിരുന്നു.
പോലിസിന്റെ ജോലി തടസ്സപ്പെടുത്തുക, ആത്മഹത്യാപ്രേരണ, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേ പോലിസ് ജാമ്യമില്ല വകുപ്പില്‍ കേസ് എടുത്തിരുന്നു. ഇതില്‍പ്പെട്ടവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it