പ്രീതാ ഷാജിയെ ഒഴിപ്പിക്കല്‍: സാമൂഹിക വിഷയമെന്ന് സര്‍ക്കാര്‍

കൊച്ചി: പത്തടിപ്പാലം സ്വദേശിനി പ്രീതാ ഷാജിയെയും കുടുംബത്തെയും കിടപ്പാടത്തില്‍ നിന്ന് ഒഴിപ്പിക്കുന്നതു സംബന്ധിച്ച് സ്വീകരിക്കാന്‍ പോവുന്ന നടപടികള്‍ അറിയിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസി ല്‍ ആഭ്യന്തര സെക്രട്ടറിയെയും ഡിജിപിയെയും എറണാകുളം ജില്ലാ കലക്ടറെയും കോടതി കക്ഷിചേര്‍ത്തു. ഡെബിറ്റ് റിക്കവറി ട്രൈബ്യൂണലിന്റെ (ഡിആര്‍ടി) ഉത്തരവ് നടപ്പാക്കാന്‍ ഈ മാസം ഒമ്പതിന് പ്രീതാ ഷാജിയുടെ കുടുംബത്തെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പക്ഷേ, പ്രതിഷേധത്തെ തുടര്‍ന്ന് കോടതിവിധി നടപ്പായില്ല. തുടര്‍ന്നാണ് ഹരജി വീണ്ടും കോടതിയുടെ പരിഗണനയിലെത്തിയത്.
200ലധികം പോലിസുകാരെ വിന്യസിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശരീരത്തില്‍ മണ്ണെണ്ണയും പെട്രോളും ഒഴിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയിരുന്നത്. അതിനാല്‍ ബലപ്രയോഗത്തിന് മുതി ര്‍ന്നില്ലെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഇതൊരു സാമൂഹിക വിഷയമാണെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു.
പ്രതിഷേധത്തിന്റെ സ്വഭാവം എന്താണെന്നും എന്തുകൊണ്ടാണ് പ്രതിഷേധമുണ്ടാവുന്നതെന്നും കോടതി ആരാഞ്ഞു. കൊള്ളപ്പലിശക്കാരെ നേരിടാന്‍ നിയമമുണ്ടെങ്കിലും ബാങ്കുകള്‍ കൊള്ളപ്പലിശ ഈടാക്കുന്നത് തടയാനാവുന്നില്ലെന്ന് സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കി. പ്രീതാ ഷാജിയുടെ വസ്തു നിയമപ്രകാരം ലേലത്തില്‍ വാങ്ങിയ വ്യക്തിക്ക് അതു കൈവശംവയ് ക്കാന്‍ അവകാശമില്ലേയെന്ന് കോടതി ചോദിച്ചു. നിയമപ്രകാരം അത് ശരിയാണെങ്കിലും തട്ടിപ്പു നടന്നിട്ടുണ്ടെങ്കില്‍ മറിച്ചാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. കോടതി നടപടികള്‍ മനസ്സിലാവാത്തതിനാലാണോ അവര്‍ സമരം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു.
നടപടികള്‍ക്ക് കൂടുതല്‍ സമയം വേണമെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. കോടതി വിധി നടപ്പാവാതിരിക്കുന്നത് അംഗീകരിക്കാനാവില്ല. നിയമപരമായ ഒരു പരിഹാരമാര്‍ഗം തയ്യാറാക്കൂ എന്നും കോടതി പറഞ്ഞു. അതിന് സമയം വേണമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.
ഈ വിഷയത്തെ മറ്റൊരു കോണിലൂടെ നോക്കേണ്ട സാഹചര്യമാണുള്ളത്. സവിശേഷമായ ഒരു വിഷയമായി ഇതു മാറിയിട്ടുണ്ട്. കോടതിക്ക് ഇതിനു നേരെ കണ്ണടയ്ക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പറയുന്നത് മനസ്സിലാവുന്നുണ്ടെന്നും പരിഹാരമാര്‍ഗങ്ങള്‍ എന്തേ പറയാത്തതെന്നും കോടതി ചോദിച്ചു. അതിനാണ് സമയം ആവശ്യപ്പെടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് കോടതി മൂന്നാഴ്ച സമയം നല്‍കി. ഈ സത്യവാങ്മൂലത്തിന് ശേഷം തീരുമാനം നടപ്പാക്കുമ്പോള്‍ പ്രതിഷേധമുണ്ടാവില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി. അങ്ങനെ പ്രതിഷേധമുണ്ടാവുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് എതിരാണ്. ഉണ്ടായാല്‍ മാതൃകാപരമായ നടപടിയെടുക്കണം. അല്ലെങ്കില്‍ നിയമവ്യവസ്ഥയില്ലാത്ത ബനാനാ റിപബ്ലിക് ആയി മാറുമെന്നും കോടതി പറഞ്ഞു.
വിഷയം സാമൂഹിക വിഷയമാണെന്നും സര്‍ക്കാരും ബാങ്കും കൊള്ളപ്പലിശ ഈടാക്കിയെന്ന് ആരോപണമുള്ള ലേലത്തിലെടുത്ത ആളുമെല്ലാം ഇടപെടേണ്ടതുണ്ടെന്നും ജില്ലാ പോലിസ് മേധാവി എം പി ദിനേശ് സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it