ernakulam local

പ്രീതാ ഷാജിയുടെ കുടുംബത്തെ കുടിയിറക്കാനുള്ള നീക്കത്തിനെതിരേ പ്രതിരോധ സംഗമം

കൊച്ചി: പ്രീതാ ഷാജിയുടെ കുടുംബത്തെ കുടിയിറക്കാന്‍ ബാങ്ക് പോലിസ് സംരക്ഷണത്തോടെ എത്തുമെന്ന് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് അന്യായ കുടിയിറക്കിനെ പ്രതിരോധിക്കാന്‍ നാട്ടുകാരും സമരസമിതിയും സംഘടിപ്പിച്ച ‘നീതിക്കൊപ്പം പ്രീതാഷാജിക്കൊപ്പം’ എന്ന പേരില്‍ 48 മണിക്കൂര്‍ പ്രതിരോധസംഗമം ആരംഭിച്ചു.
ജപ്തിയെ പ്രതിരോധിക്കാ ന്‍ നിരവധിയാളുകള്‍ സമരപ്പന്തലില്‍ അണിനിരന്നു. 299 ദിവസം പിന്നിട്ട അന്യായ ജപ്തിക്കെതിരേ ചിതയൊരുക്കിക്കൊണ്ടുള്ള സമരപ്പന്തലില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ സമരസമിതി പ്രവര്‍ത്തകര്‍ തമ്പടിച്ച് പ്രതിരോധം തീര്‍ക്കുകയാണ്. സിപിഐയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനിരാജയും മഹിളാസംഘം സംസ്ഥാന അധ്യക്ഷ കലമാ സദാനന്ദനും ജില്ലാ സെക്രട്ടറി ശ്രീകുമാരിയും വിപുല നിക്‌സനും പ്രീതാ ഷാജിക്ക് പിന്തുണയുമായി സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
നീരവ് മോദിമാരെയും വിജയ് മല്യമാരെയും സംരക്ഷിക്കുകയും സാധാരണക്കാരുടെ കഴുത്ത് ഞെരിക്കുന്ന ബാങ്കിങ് നയങ്ങള്‍ മാറ്റാന്‍ പാര്‍ലമെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ആനിരാജ പറഞ്ഞു. പ്രീതാ ഷാജിയുടെ നീറുന്ന പ്രശ്‌നം സവിശേഷമായി ഉയര്‍ത്തിക്കൊണ്ടുവന്ന് അഖിലേന്ത്യാതലത്തില്‍തന്നെ പ്രതിരോധ പ്രസ്ഥാനം പടുത്തുയര്‍ത്തുമെന്നും ആനിരാജ പറഞ്ഞു. രണ്ടാംദിവസത്തെ പ്രതിരോധ സംഗമം സമരകഞ്ഞിക്കുള്ള അടുപ്പില്‍ തീ കൊളുത്തി കമലാ സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഈ സമരം വിജയിക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.
ജയകുമാര്‍ ആലപ്പുഴ, ഷാജഹാന്‍, അബ്ദുല്‍ഖാദര്‍, നിസാര്‍ കളമശ്ശേരി, പ്രവിത കൈപ്പമംഗലം, ജമീലാ മജീദ്, ഷഹീര്‍ മുല്ലപ്പറമ്പന്‍, സുധീര്‍ ഉദയംപേരൂര്‍ സംസാരിച്ചു. പ്രതിരോധ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രഫ. സാറ ജോസഫ്, പി ടി തോമസ് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it