പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സ്പാനിഷ് പട

മോസ്‌കോ: ഒമ്പതാം തവണയും പ്രീക്വാര്‍ട്ടറിലേക്കുള്ള ചുവടുറപ്പിക്കാന്‍ കാളക്കൂറ്റന്‍മാര്‍ ഗ്രൂപ്പിലെ അവസാന അങ്കക്കളിക്ക് കാലിനിഗ്രാഡ് സ്റ്റേഡിയത്ത് ഇന്നിറങ്ങും. ഗ്രൂപ്പ് ബിയിലെ താരതമ്യേന ദുര്‍ബലരായ മൊറോക്കോയാണ് ലോക 10ാം നമ്പര്‍ ടീമിന്റെ എതിരാളികള്‍. 2010ലെ ചാംപ്യന്‍മാര്‍ക്ക് ഇന്ന് സമനിലയെങ്കിലും കണ്ടെത്താനായാല്‍ പ്രീക്വാര്‍ട്ടറിലേക്ക് കുതിക്കാം. എന്നാല്‍ ആദ്യ രണ്ട് മല്‍സരവും പരാജയപ്പെട്ടതോടെ പ്രീക്വാര്‍ട്ടര്‍ മോഹം അവസാനിച്ച മൊറോക്കോ മുന്‍ ലോക ചാംപ്യന്‍മാരെ വീഴത്തി നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ്.
നാല് പോയിന്റുമായി ഗ്രൂപ്പില്‍ പോര്‍ച്ചുഗലിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്ന ടീമിന് ഇന്ന് തോല്‍വി ഒഴിവാക്കിയാല്‍ മാത്രമേ അടുത്ത റൗണ്ടിലേക്ക് കുതിക്കാനാവൂ. ലോകത്തിലെ തന്നെ മികച്ച ഡിഫന്‍ഡര്‍മാരുള്ള സ്‌പെയിന്‍ ആദ്യ മല്‍സരത്തില്‍ പോര്‍ച്ചുഗലിനെതിരേ 3-3ന് സമനില വഴങ്ങിയിരുന്നു. എന്നാല്‍ ഇറാനെതിരായ രണ്ടാം മല്‍സരത്തില്‍ പ്രതിരോധപ്പിഴവ് നികത്തി ഇറങ്ങിയ സ്‌പെയിന്‍ ഗോളൊന്നും വഴങ്ങാതെ ഒരു ഗോളടിച്ച് ടൂര്‍ണമെന്റിലെ ആദ്യ ജയവും സ്വന്തമാക്കി.
മികച്ച ഗോള്‍ മാര്‍ജിനില്‍ ജയിച്ചാല്‍ സ്‌പെയിനിന് ഗ്രൂപ്പ് ചാംപ്യന്‍മാരായി അടുത്ത റൗണ്ടിലേക്ക് കടക്കാം. അങ്ങനെ വന്നാല്‍ ഗ്രൂപ്പ് എയില്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയ  ഉറുഗ്വായോ റഷ്യയോ ആയിരിക്കും ടീമിനെ കാത്തിരിക്കുക. മുന്നേറ്റ നിരയില്‍ അത്‌ലറ്റികോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റയുടെ മിന്നും ഫോമാണ് ടീമിന്റെ വിജയത്തിന് കൂടുതല്‍ വഴിത്തിരിവാകുന്നത്.
ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്നവരുടെ നിരയില്‍ ഹാരി കെയ്‌നും റൊണാള്‍ഡാക്കും പിന്നിലായി മുന്നാം സ്ഥാനത്താണ് കോസ്റ്റയുള്ളത്. ഇറാനെതിരായ മല്‍സരത്തില്‍ ഇറാന്റെ ഗോള്‍ പോസറ്റില്‍ നിരന്തരം പന്ത് തട്ടിയ സ്പാനിഷ് താരങ്ങള്‍ക്ക് ഒരുഗോള്‍ മാത്രമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞതെന്നത് ടീമിന്റെ മുന്നേറ്റത്തെ വിലയിരുത്തുന്നുണ്ട്.
എന്നാല്‍ ആദ്യ മല്‍സരത്തിലും രണ്ടാം മല്‍സരത്തിലും ഒരു ഗോള്‍ വഴങ്ങി പരാജയപ്പെടാനായിരുന്നു മെറോക്കോയുടെ വിധി.ആദ്യ മല്‍സരത്തില്‍ ഇറാനോട് പരാജയപ്പെട്ട മൊറോക്കോ രണ്ടാം മല്‍സരത്തില്‍ പോര്‍ച്ചുഗലിനോടും ഇതോ മാര്‍ജിനില്‍ അടിയറവ് പറയുകയായിരുന്നു. മികച്ച പ്രതിരോധം കാഴ്ച വച്ചാണ് മൊറോക്കോ റഷ്യയില്‍ നിന്ന് മടങ്ങാനൊരുങ്ങുന്നത്.
മൊറോക്കോയുടെ പ്രതിരോധത്തെ തകര്‍ക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ സ്‌പെയിനിലുണ്ടെങ്കിലും അവരൊന്നും മികച്ച ഫോമിലല്ല പന്ത് തട്ടുന്നത്.  സ്പാനിഷ് ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം  ഡേവിഡ് സില്‍വയും റയല്‍ താരം ഇസ്‌കോയും ലൂക്കാസും ബാഴ്‌സ താരം ആന്ദ്രേ ഇനിയേസ്റ്റയും ഫോമിലേക്ക് കടന്നുവരാത്തത് ടൂര്‍ണമെന്റില്‍ ടീമിന്റെ ഭാവിയെ ചോദ്യം ചെയ്യുന്നു.
കോച്ച്് ജൂലന്‍ ലോപെറ്റഗുയിയുടെ ശിക്ഷണത്തില്‍ മികച്ച ഒത്തിണക്കം സൃഷ്ടിച്ച് കളിക്കാന്‍ റഷ്യയിലിറങ്ങിയ കാളക്കൂറ്റന്‍മാര്‍ക്ക് ഒരു ദിവസം മുമ്പ് കോച്ചിനെ പുറത്താക്കിയത് ആഘാതമായിട്ടുണ്ട്. അതോടെ അതുവരെയുള്ള ടീമിന്റെ ഐക്യം നഷ്ടപ്പെടുകയായിരുന്നു. ഇരു ടീമും രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍  രണ്ടിലും ജയം സ്‌പെയിനിനൊപ്പം നിന്നു. എന്നാല്‍ ഇന്ന് ചരിത്രം സൃഷ്ടിക്കാന്‍ മൊറോക്കോ ഇറങ്ങുമ്പോള്‍ ചരിത്രത്തിന് വഴിമാറാതെ ക്വാര്‍ട്ടര്‍ ലക്ഷ്യമാക്കിയാവും ഫെര്‍ണണ്ടോ ഹീറോയുടെ ശിഷ്യന്‍മാര്‍ ബൂട്ടണിയുക.
Next Story

RELATED STORIES

Share it