പ്രാദേശിക കക്ഷികള്‍ ശക്തമാവുന്നു

ന്യൂഡല്‍ഹി: 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികള്‍ക്ക് നിര്‍ണായക ശക്തിയാവാമെന്നതിന്റെ സൂചനകള്‍ മുന്നോട്ടുവച്ച് ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലം. അടുത്തവര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ്സിനേക്കാളും സാധ്യത പ്രാദേശിക കക്ഷികള്‍ക്കാണെന്ന് ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
എന്നാല്‍, ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് ബിജെപിയില്‍ നിന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാനും കര്‍ണാടക നിലനിര്‍ത്താനും കഴിഞ്ഞാല്‍ അവര്‍ക്ക് പ്രതിപക്ഷത്തെ ഏറ്റവും പ്രധാന കക്ഷിയെന്ന നിലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സാധിക്കും. ബിഎസ്പിയും സമാജ്‌വാദി പാര്‍ട്ടിയും സഖ്യം രൂപീകരിച്ചാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ഫൂല്‍പൂര്‍ തിരഞ്ഞെടുപ്പിനെ നേരിട്ട് ബിജെപിയെ പരാജയപ്പെടുത്തിയത്. കോണ്‍സ്സിന്റെ നേതൃത്വത്തില്‍ വിശാലമായ പ്രതിപക്ഷ സഖ്യത്തെക്കുറിച്ചും  ടിആര്‍എസ് അടക്കമുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് യുപി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.
ടിആര്‍എസിന്റെ മുന്നണി രൂപീകരണ ശ്രമത്തോട് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ അനുകൂല നിലപാടാണ് പ്രകടിപ്പിച്ചത്. പ്രതിപക്ഷത്തെ ഒരുമിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ്സും തുടരുന്നുണ്ട്. അടുത്തിടെ 20 പ്രതിപക്ഷ കക്ഷികള്‍ക്കായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു.
ജയിക്കാന്‍ സാധ്യതയുള്ള ബിജെപി ഇതര സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ പിന്തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുപി ഉപതിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വിശദീകരിച്ചത്. സംസ്ഥാനത്തെ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാഴ്ചവച്ച മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it