Flash News

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും : മന്ത്രി



ന്യൂഡല്‍ഹി: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന തരത്തിലുള്ള സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് ആരോഗ്യ  സാമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കേരള ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒരു വര്‍ഷം ആരോഗ്യമേഖലയില്‍ നടപ്പാക്കിയ നയപരിപാടികളുടെ ഗുണകരമായ മറ്റങ്ങള്‍ കണ്ട് തുടങ്ങിയിട്ടുണ്ട്.  ആര്‍ദ്രം മിഷനിലൂടെ സര്‍ക്കാര്‍ ആശുപത്രികളെ രോഗീ സൗഹൃദമാക്കുന്നതിനുളള നടപടികള്‍ തുടര്‍ന്നുവരുകയാണ്. ജനങ്ങള്‍ക്ക്  ചെലവു കുറഞ്ഞ ചികിത്സാ സംവിധാനം ലഭ്യമാക്കുക; ആരോഗ്യമേഖലയിലെ പുതിയ വെല്ലുവിളികള്‍ നേരിടുക എന്നുള്ളതാണ് സര്‍ക്കാരിന്റെ പ്രധാന കടമകളിലൊന്ന്. 1970നു ശേഷം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ അവഗണിക്കപ്പെട്ടു.  ഈ മേഖല സ്‌പെഷ്യാലിറ്റി ചികിത്സയിലേക്ക് വഴിമാറി. നാം ഉന്മൂലനം ചെയ്തുവെന്ന് അവകാശപ്പെടുന്ന പകര്‍ച്ച വ്യാധികള്‍ തിരിച്ചുവരുന്ന സാഹചര്യമുണ്ടായി. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു. ഇതിനൊക്കെ പരിഹാരം കാണുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഒരു വര്‍ഷംകൊണ്ട് 3,100 തസ്തികകള്‍ സൃഷ്ടിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ രോഗീസൗഹൃദമാക്കുമെന്ന് മന്ത്രി പറഞ്ഞു.  ആയുഷുമായി സഹകരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ യോഗാ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും കുടുംബ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളില്‍ ഹൃദയ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡിപ്രഷന്‍ ക്ലിനിക്കുകള്‍ ആരംഭിക്കും. മെഡിക്കല്‍ കോളജുകള്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. 100 കോടി വീതം ഓരോ മെഡിക്കല്‍ കോളജിനും അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കളമശ്ശേരി മെഡിക്കല്‍ കോളജുകള്‍ക്ക്  പ്രത്യേകമായി കൂടുതല്‍ തുകയും അനുവദിച്ചിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളജിന് സര്‍ക്കാരിന്റെ കഠിന ശ്രമഫലമായി എംബിബിഎസിന് 100 സീറ്റുകള്‍ ലഭിച്ചു. എയിംസ് മാതൃകയില്‍ ട്രോമാകെയര്‍ സംവിധാനം ആവിഷ്‌കരിക്കാനുള്ള ശ്രമം നടത്തിവരുകയാണ്. കാന്‍സര്‍ രോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഫലപ്രദമായി ചെറുക്കുക എന്ന ലക്ഷ്യത്തോടെ ആയുര്‍ദീപ്തം പരിപാടി നടപ്പാക്കിവരുന്നു.  ആരോഗ്യ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ക്ക് ഇടംകൊടുത്തുകൊണ്ടുള്ള ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയ കരട് റിപോര്‍ട്ട് അടുത്ത മാസം പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it