palakkad local

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഭിന്നത രൂക്ഷം

ചെര്‍പ്പുളശേരി: കുലുക്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന അംഗം എന്‍ ഗോപകുമാറിനെ നിയോഗിച്ച പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നുണ്ടായ അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു .മണ്ഡലം പ്രസിഡന്റായിരുന്ന രാജന്‍ പൂതനായിലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു തുടങ്ങിയ പ്രതിഷേധമാണ് പഞ്ചായത്തിലെ കോണ്‍ഗ്രസ്സില്‍ ഭിന്നിപ്പിന് ഇടയാക്കിയത്. നേതൃത്വത്തിന്റെ നിലപാടിനെതിരെ പരസ്യമായി  രംഗത്തു വന്ന രാജന് പാര്‍ട്ടി  കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇവര്‍ പാര്‍ട്ടിക്ക് വഴങ്ങാന്‍ തയ്യാറായില്ല.  ഇതിനിടെയാണ് ഞായറാഴ്ച വീണ്ടും രാജന്‍ പൂതനായിലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് കൊപ്പം ബ്ലോക്ക് സെക്രട്ടറിമാരായ പി ശശിധരന്‍, മൊയ്തീന്‍ മുളയങ്കാവ്, എപി രാജേഷ് കുമാര്‍, കെഎ അയ്യപ്പന്‍ തുടങ്ങി 13 ബൂത്ത് പ്രസിഡന്റുമാരും ഗ്രാമപ്പഞ്ചായത്ത് അംഗം എപി രതീഷും ഉള്‍പ്പടെ 90 ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. എ ഗോപകുമാറിനെ പ്രസിഡന്റാക്കിയത് കുലുക്കല്ലൂരില്‍ വര്‍ഷങ്ങളായി  പാര്‍ട്ടിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം മാനിക്കാതെയാണെന്ന് യോഗത്തി ല്‍ അഭിപ്രായം ഉയര്‍ന്നു. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയാണ് ഗോപകുമാറെന്നും ഇത് പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും നേതൃ നിലപാട് തള്ളിക്കൊണ്ട് ഇവര്‍ വ്യക്തമാക്കി. നേതൃ തീരുമാനത്തിന് വഴങ്ങേണ്ടതില്ലെന്ന് തീരുമാനിച്ച ഇവര്‍ കോണ്‍ഗ്രസ്സില്‍ നിന്നു കൊണ്ടു തന്നെ ഇതിനെതിരെ പ്രതിഷേധിക്കുമെന്നും അറിയിച്ചു. അതേ സമയം ഏഴാം വാര്‍ഡില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഈ വിഭാഗത്തിന്റെ നിലപാട് നിര്‍ണായകമാവും.
Next Story

RELATED STORIES

Share it