malappuram local

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിപിഎം സമരം

എടപ്പാള്‍: തവനൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്തതിനെതിരേ നാളെ സിപിഎം പ്രക്ഷോഭം നടത്തുന്നു. പഞ്ചായത്തിലെ നിലവിലെ പ്രസിഡന്റ് ഉള്‍ക്കൊള്ളുന്ന യുഡിഎഫ് മുന്നണിക്ക് ഒന്‍പത് അംഗങ്ങളുടെ പിന്തുണയാണുള്ളത്.
എല്‍ഡിഎഫ് നേതൃത്വത്തിലുള്ള മറുപക്ഷത്തിന് പത്ത് അംഗങ്ങളുടെ പിന്തുണയുമുണ്ട്. എന്നാല്‍, സാങ്കേതിക വാദം ഉയര്‍ത്തിയാണ് നിലവിലെ പ്രസിഡന്റ് ടി പി സുബ്രഹ്്മണ്യന്‍ രാജിവയ്ക്കാതെ തുടരുന്നത്.
ഇരു മുന്നണികള്‍ക്കും ഒന്‍പത് സീറ്റ് വീതമുണ്ടായിരുന്ന ഇവിടെ എട്ടാം വാര്‍ഡിലെ അംഗം പി പി അബ്ദുല്‍ നാസര്‍ രാജിവച്ച ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയോടെ അബ്ദുല്‍ നാസര്‍ തന്നെ വീണ്ടും വിജയിച്ചതോടെയാണ് എല്‍ഡിഎഫിന് പത്ത് പേരായത്.
എന്നാല്‍, ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്റ് രാജിക്കു സന്നദ്ധനാവാത്തതിലാണ് പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് സിപിഎം പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുന്നവതുവരെ സ്ഥാനത്ത് തുടരാനാണ് പ്രസിഡന്റിന്റേയും യുഡിഎഫിന്റെയും തീരുമാനം. അവിശ്വാസ പ്രമേയം കൊണ്ടുവരണമെങ്കില്‍ രണ്ടര മാസം കൂടി കാത്തിരിക്കേണ്ടതുണ്ട്. മൂന്നര മാസങ്ങള്‍ക്ക് മുമ്പ് എല്‍ഡിഎഫ്് സുബ്രഹ്്മണ്യനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നതാണെങ്കിലും അത് ചര്‍ച്ചയ്‌ക്കെടുത്ത ദിവസം രാവിലെയായിരുന്നു യുഡിഎഫ് പിന്തുണയില്‍ വിജയിച്ച പി പി അബ്ദുല്‍ നാസര്‍ രാജിവച്ചത്. ഇതോടെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ യുഡിഎഫില്‍ നിന്നു ആരും എത്തിയില്ല. ഇനി ഒരു അവിശ്വാസ പ്രമേയം കൊണ്ടുവരണമെങ്കില്‍ ആറുമാസത്തെ ഇടവേള വേണമെന്നിരിക്കെ അതുവരെ സ്ഥാനത്ത് തുരുന്നതിനുള്ള ശ്രമത്തിലാണ് സുബ്രഹ്്മണ്യന്‍.
തിങ്കളാഴ്ചത്തെ സിപിഎം പഞ്ചായത്ത് ഓഫിസ് മാര്‍ച്ചിനുശേഷവും പ്രസിഡന്റ് സ്ഥാനത്ത് തുടരാനാണ് ഭാവമെങ്കില്‍ അതിശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള തീരുമാനത്തിലാണ് സിപിഎം.
Next Story

RELATED STORIES

Share it