പ്രസവശേഷം ചികില്‍സയിലിരുന്ന വീട്ടമ്മ മരിച്ചു; ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

അമ്പലപ്പുഴ: പ്രസവത്തിനു ശേഷം ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഡോക്ടര്‍മാരുടെ അനാസ്ഥയെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാംവാര്‍ഡ് വണ്ടാനം പുതുവല്‍ സിബിച്ചന്റെ ഭാര്യ ബാര്‍ബറ (36)യാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 22ന് പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട ബാര്‍ബറ 23ന് പെണ്‍കുട്ടിയെ പ്രസവിച്ചു. നാലു ദിവസത്തിനു ശേഷം ശക്തമായ ശ്വാസതടസ്സം അനുഭവപ്പെട്ടു. വിവരം ഡോക്ടറെ അറിയിച്ചപ്പോള്‍ ഗ്യാസാണെന്നു പറഞ്ഞു മരുന്നു നല്‍കി. എന്നാല്‍, രോഗം മാറാതെ വന്നതോടെ വീട്ടമ്മയെ പിന്നീട് ഐസിയുവിലേക്ക് മാറ്റി. എന്നിട്ടും രോഗകാരണം എന്താണെന്നു പറയാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീണ്ടും രോഗം മൂര്‍ച്ഛിച്ചതോടെ ബാര്‍ബറയെ വെന്റിലേറ്ററിലേക്കു മാറ്റി. വെന്റിലേറ്ററിലിരിക്കേ ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ മരിക്കുകയായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തംഗം യു എം കബീര്‍, പഞ്ചായത്തംഗം എന്‍ ഷിനോയി എന്നിവരുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ സൂപ്രണ്ടിനെ ഉപരോധിച്ചു. തുടര്‍ന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താമെന്ന ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സൂപ്രണ്ട്, അമ്പലപ്പുഴ പോലിസ് എന്നിവര്‍ക്ക് പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. പരാതിയിന്‍മേല്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് ഡോ. ആര്‍ വി രാംലാല്‍ അറിയിച്ചു. ബാര്‍ബറയുടെ മൃതദേഹം നാളെ വണ്ടാനം മേരീ ക്യൂന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. മകള്‍ സോന (ആറര വയസ്സ്).അതേസമയം, യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ  ശൈലജ അന്വേഷണത്തിനുത്തരവിട്ടു. ഈ സംഭവത്തെ കുറിച്ച് അടിയന്തര റിപോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it