thrissur local

പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് തൃശൂരിലെത്തി

തൃശൂര്‍: വിയറ്റ്‌നാം ദുരന്തത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച ‘ടെറര്‍ ഓഫ് വാര്‍’ ഫോട്ടോയിലൂടെ ശ്രദ്ധേയനായ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് തൃശൂരിലെത്തി. കേരള ലളിതകലാ അക്കാദമിയില്‍ സന്ദര്‍ശനം നടത്തിയ നിക്ക് ഉട്ട് തൃശൂര്‍ പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരുമായി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു.
യുദ്ധമുഖത്തെ മനുഷ്യസ്‌നേഹിയായ ഫോട്ടോഗ്രാഫറെ സ്വീകരിച്ചത് മിന്നിതെളിഞ്ഞ ആയിരം ഫഌഷുകളായിരുന്നു. തൃശൂര്‍ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് മധുമേനോന്‍ നിക്ക് ഉട്ടിന് ആനയുടെ പ്രതിമ ഉപഹാരമായി സമ്മാനിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ കെ പ്രഭാത്, സെക്രട്ടറി എം വി വിനീത, മുന്‍ പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ സംസാരിച്ചു. മെയ് മാസത്തില്‍ തൃശൂര്‍ പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫോട്ടോ-വിഷ്വല്‍ പ്രദര്‍ശനത്തിന്റെ ബ്രോഷര്‍ ചടങ്ങില്‍ നിക്ക് ഉട്ട് പ്രകാശനം ചെയ്തു. ജില്ലയിലെ അമ്പതോളം വരുന്ന പത്രഫോട്ടോഗ്രാഫര്‍മാരുടെയും ചാനല്‍ ക്യാമറമാന്മാരുടെയും ഫോട്ടോകളും ദൃശ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും അടങ്ങിയ ബ്രോഷറാണ് നിക്ക് ഉട്ട് പ്രകാശനം ചെയ്തത്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുന്നമ്പത്ത് ബാലകൃഷ്ണന്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടവും ഗുരുവായൂര്‍ ക്ഷേത്രവും ആനത്താവളവുമെല്ലാം നിക്ക് ഉട്ട് സന്ദര്‍ശിച്ചു. ലളിതകലാ അക്കാദമിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത ശില്‍പി ഡാവിഞ്ചി സുരേഷ് നിക്ക് ഉട്ടിനെ തന്റെ കലാശില്‍പം ഉപഹാരമായി സമര്‍പ്പിച്ചു. കേരള ലളിത കലാ അക്കാദമിയില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് നിക്ക് ഉട്ടിനെ തുളസി ഹാരവും പൊന്നാടയും അണിയിച്ചും അക്കാദമി മനേജര്‍ സുഗതകുമാരി ലോഹാര്‍ ട്രൈബിന്റെ ബ്ലാക്ക് മെറ്റല്‍ ശില്‍പവും നിക്ക് ഉട്ടിന്റെ കാരിക്കേച്ചര്‍ പുറംതോടില്‍ ആലേഖനം ചെയ്ത ഇളനീരും നല്‍കിയാണ് മലയാള തനിമയില്‍ ഊഷ്മള സ്വീകരണം ഒരുക്കിയത്.
ഓള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷനുവേണ്ടി പ്രസിഡന്റ് എ സി ജോണ്‍സണ്‍ ഉപഹാരം സമര്‍പ്പിച്ചു.
കേരള പിറവി ദിനത്തില്‍ പത്ത് സംസ്ഥാനങ്ങളില്‍ കേരളത്തെകുറിച്ചുള്ള കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടത്തിയതിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് അവാര്‍ഡ് ലഭിച്ച കാര്‍ട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണന് നിക്ക് ഉട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കി. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിക്ക് ഉട്ടിന്റെ കാരിക്കേച്ചറുകളും പോര്‍ട്രേറ്റുകളും ഒരുക്കി ചിത്രകാരന്മാര്‍ വിസ്മയിപ്പിച്ചു. അക്കാദമി വളപ്പിലെ കായ്ച്ചു നില്‍ക്കുന്ന പ്ലാവ് അദ്ദേഹത്തിന് കൗതുകം പകര്‍ന്നു. കലാകാരന്മാരുമായി സംവദിച്ച അദ്ദേഹം പ്ലാവിന്‍ ചുവട്ടിലെ ശീതളിമയില്‍ സെല്‍ഫികള്‍ക്കും ഫോട്ടോകള്‍ക്കും ക്ഷമയോടെ മുഖം നല്‍കി നിന്നു.
വിയറ്റ്‌നാം യുദ്ധത്തില്‍ പൊള്ളലേറ്റ് ഓടുന്ന ഫാന്‍ തിം കിം ഫുക് എന്ന ഒമ്പത് വയസുകാരിയുടെ ചിത്രം പകര്‍ത്തി യുദ്ധ ഭീകരതയുടെ മുഖം ലോകമനസാക്ഷിക്കു മുന്നിലെത്തിച്ച ഫോട്ടോഗ്രാഫറാണ് നിക്ക് ഉട്ട്.
Next Story

RELATED STORIES

Share it