Flash News

പ്രവേശനത്തിന് സ്‌റ്റേ; നാലു മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍

ന്യൂഡല്‍ഹി: കേരളത്തിലെ നാലു മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് കോഴ്‌സുകളില്‍ 2018-19 വര്‍ഷത്തെ പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് തൊടുപുഴ, ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പികെ ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വാണിയംകുളം, എസ്ആര്‍ മെഡിക്കല്‍ കോളജ് വര്‍ക്കല എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ച് താല്‍ക്കാലികമായി തടഞ്ഞത്. ഈ കോളജുകളിലെ 550 സീറ്റുകളിലേക്ക് മോപ്പ് അപ്പ് (സ്‌പോട്ട്) അലോട്ട്‌മെന്റ് വഴി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടിവരുമെന്ന മുന്നറിയിപ്പും കോടതി വാക്കാല്‍ നല്‍കി. പ്രവേശന നടപടികള്‍ പൂര്‍ത്തിയായെന്ന് സംസ്ഥാന സര്‍ക്കാരും മാനേജ്‌മെന്റുകളും വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഹരജിയില്‍ ഇന്ന് വീണ്ടും വാദം കേള്‍ക്കും.മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നിലവാരമില്ലാത്തതിനാല്‍ ഈ കോളജുകളിലെ പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തടഞ്ഞിരുന്നു. ഈ നടപടി റദ്ദാക്കിയ ആഗസ്ത് 30ലെ ഹൈക്കോടതി വിധിക്കെതിരേയാണ് കൗണ്‍സില്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി വന്നയുടന്‍ തന്നെ നാലു കോളജുകളും പ്രവേശന നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു. അല്‍ അസ്ഹര്‍, ഡിഎം, പികെ ദാസ് കോളജുകളിലെ 150 വീതം സീറ്റുകളിലേക്കും എസ്ആര്‍ മെഡിക്കല്‍ കോളജിലെ 100 സീറ്റിലേക്കുമായിരുന്നു പ്രവേശനം.

Next Story

RELATED STORIES

Share it