പ്രവേശനം റദ്ദാക്കിയ സംഭവം: സുപ്രിംകോടതിയില്‍ കക്ഷിചേരുമെന്ന് വിദ്യാര്‍ഥികള്‍

പാലക്കാട്: മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയതിനെ തുടര്‍ന്ന് പഠനം അനിശ്ചിതത്വത്തിലായ കരുണ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിക്കുന്നു. കേസില്‍ തങ്ങള്‍ കക്ഷിചേരുമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജെയിംസ് കമ്മിറ്റിയുടെ എല്ലാ നിര്‍ദേശങ്ങളും പ്രവേശന നടപടിക്രമങ്ങളും പാലിച്ചാണ് അഡ്മിഷന്‍ തേടിയത്. ഒരു വര്‍ഷം പഠനം പൂര്‍ത്തിയാക്കി പരീക്ഷയ്ക്ക് തയ്യാറെടുത്തിരിക്കെ, പ്രവേശനം റദ്ദാക്കിയത് തങ്ങളെ മാനസികമായി ഏറെ ഉലച്ചിരിക്കുകയാണ്. ജെയിംസ് കമ്മിറ്റിയും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കത്തില്‍ തങ്ങള്‍ ബലിയാടുകളാവുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
കേസില്‍ കരുണ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റും കക്ഷിചേരുമെന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നത്. യോഗ്യതയില്ലാതെയാണ് തങ്ങള്‍ പ്രവേശനം തേടിയതെന്നു ചിലര്‍ പ്രചരിപ്പിക്കുകയാണ്. ഇതു തെറ്റാണ്. മെഡിക്കല്‍ കോളജുകള്‍ തമ്മിലുള്ള ശത്രുതാ പ്രശ്‌നം വഷളാവാന്‍ ഇടയാക്കിയിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമാണ് തങ്ങള്‍ നല്‍കിയിട്ടുള്ളത്. പ്രവേശന നടപടിക്രമങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തിന് മറുപടിപറയാന്‍ തങ്ങള്‍ക്ക് ജെയിംസ് കമ്മിറ്റി അവസരം നല്‍കിയില്ല. ഇപ്പോഴുണ്ടായ വിഷയങ്ങള്‍ മാനേജ്‌മെന്റിനെ ധരിപ്പിക്കുമെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാര്‍ഥികളായ അക്ഷയ്കുമാര്‍, നിഥിന്‍ തോമസ്, ഫഹദ് ഫിറോഷ്, രക്ഷിതാക്കളായ മുഹമ്മദ് ഫാറൂഖ്, പി കെ മന്‍സൂര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it